മലപ്പുറം: ലഹരി വില്‍പ്പനക്കെതിരെ എക്സൈസ്, പോലീസ് പരിശോധനകള്‍ ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപം. ജില്ലയില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വ്യാപകമാകുന്നു.
കഞ്ചാവ് വില്‍പ്പനയുടെ ജില്ലയിലെ പ്രധാന കേന്ദ്രം മലയോര മേഖലയാണ്. പൂക്കോട്ടുംപാടം, കാളികാവ്, കരുളായി, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് സമീപകാലത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ തന്നെ നിലമ്പൂരാണ് മുന്നില്‍.
ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂളുകള്‍, പാരലല്‍ കോളജുകള്‍, കൂടാതെ ചില ഓട്ടോറിക്ഷാ തൊഴിലാളികള്‍, തൊഴില്‍ രഹിതരായ യുവാക്കളില്‍ പലരെയും അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് കഞ്ചാവ് ലോബി സജീവമായിരിക്കുന്നത്.
വീട്ടിക്കുത്ത് റോഡ്, നിലമ്പൂര്‍ മിനി ബെപാസ് റോഡ്, പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ്, കോവിലകം റോഡ്, മിനര്‍വപ്പടി, ചക്കാലക്കുത്ത് മേഖലകളിലെല്ലാം കഞ്ചാവ് വില്‍പ്പന സജീവമാണ്. വിദ്യാര്‍ത്ഥികളുള്‍പ്പെടെ കഞ്ചാവുപയോഗിക്കുന്നവരുടെ എണ്ണവും അപകടകരമാം വിധം വര്‍ധിച്ചുവരികയാണ്. ഒരു പൊതിക്ക് 200 രൂപ മുതല്‍ മൂന്നൂറു രൂപവരെയാണ് വില.
പൊതിക്ക് നൂറു രൂപ പ്രകാരം വില്‍പ്പനക്കാര്‍ക്ക് ലാഭം ലഭിക്കും. കഞ്ചാവുക്കാര്ക്കായുള്ള എക്സൈസ് പരിശോധനകള്‍ നാമമാത്രമാണെന്ന് ആക്ഷേപവുമുണ്ട്.
ചില്ലറ വില്‍പ്പന നടത്തുന്നവര്‍ക്ക് കോടതി ജാമ്യം നല്‍കുന്നതും വില്‍പ്പനക്കാരെ ഭയരഹിതരാക്കുകയാണ്. അട്ടപ്പാടി, ഇടുക്കി, തമിഴ്നാട്ടിലെ തേനി എന്നിവിടങ്ങളില്‍ നിന്നെല്ലാം ജില്ലയിലേക്ക് കഞ്ചാവു വരുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം മമ്പാട് പുള്ളിപ്പാടത്തുള്ള ആറ് യുവാക്കളെ കഞ്ചാവ് ഉപയോഗിച്ചതിന് പോലീസ് പിടികൂടിയിരുന്നു.
പുള്ളിപ്പാടം മേഖലയില്‍ നിരവധി പേര് കഞ്ചാവുപയോഗിക്കുന്നവര് ഉണ്ടെന്നാണ് പിടിയിലായവര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: