തിരുവനന്തപുരം: സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നുവെന്നാരോപിച്ച് മുന്‍ ഡിജിപി ഡോ.ടി.പി. സെന്‍കുമാറിനെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
തദ്ദേശ ഭരണ വകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് സെന്‍കുമാര്‍ ജനസംഖ്യാ വര്‍ദ്ധനവിലെ അസന്തുലിതാവസ്ഥയെക്കുറിച്ച് പറഞ്ഞത്. സര്‍ക്കാര്‍ കണക്കുകള്‍ ഉപയോഗിക്കുന്നത് പോലും ക്രിമിനല്‍ കുറ്റമാണെന്ന കണ്ടെത്തല്‍ വിചിത്രമാണ്. കേരളത്തെ മുസ്ലിം സംസ്ഥാനമാക്കി മാറ്റാന്‍ പണവും പ്രലോഭനവും ഉപയോഗപ്പെടുത്തി ശ്രമം നടക്കുന്നുവെന്ന് പ്രസ്താവന നടത്തിയത് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ്. 2010 ജൂലെ 24ന് ദില്ലിയിലായിരുന്നു പ്രസ്താവന.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് 2015 ജൂലെ 17ന് സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പിണറായി വിജയനും സിപിഎമ്മും സ്വീകരിച്ചതെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: