പുതുക്കാട് : പോലീസ് സ്റ്റേഷനില്‍ അറ്റകുറ്റ പണികള്‍ക്കിടെ പൊട്ടിത്തെറി. തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന ഭാഗത്ത് തീപ്പൊരി വീണാണ്
പൊട്ടിത്തെറി ഉണ്ടായത്. വെല്‍ഡിങ്ങ് തൊഴിലാളിയായ പേരാമംഗലം സ്വദേശി പ്രേമന് മുഖത്തും കൈക്കും പൊള്ളലേറ്റതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വെല്‍ഡിംഗ് ജോലികള്‍ നടക്കുന്നതിന്റെ തീപ്പൊരികളാണ് തൊണ്ടി മുതലുകള്‍ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് തെറിച്ചതെന്ന് കരുതുന്നു. മൂന്ന് പൊട്ടിത്തെറി ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അഗ്നിശമനസേനാഗംങ്ങള് എത്തി സ്പിരിറ്റ് ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് തീപടരുന്നത് നിയന്ത്രിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി.
മുമ്പ് ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോഴുള്ള സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചപ്പോള്‍ പഴയ സ്റ്റേഷനില്‍ കെട്ടി കിടന്നിരുന്ന കേസ് ഫയലുകളും തൊണ്ടി മുതലുകളും സ്റ്റേഷനോട് ചേര്‍ന്ന് തുറന്ന സ്ഥലത്ത് ഷീറ്റ് മേഞ്ഞിടത്ത് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ സൂക്ഷിക്കുകയായിരുന്നു. ഇവിടെയാണ് സ്ഫോടനം നടന്നതും.
35 ലിറ്ററിന്റെ 30 ഓളം കന്നാസ് സ്പിരിറ്റും, ഗ്യാസ് സിലിണ്ടറുകളും, കെയ്സ് കണക്കിന് ബ്രാണ്ടി കുപ്പികളും, ഇലക്ട്രോണിക്സ് സാധനങ്ങളും വാഹനങ്ങളുടെ ബാറ്ററികളും ഇവിടെ സൂക്ഷിച്ചിരുന്നു. തൊണ്ടി മുതല്‍ സൂക്ഷിച്ചിരുന്നതില് സ്ഫോടക വസ്തുക്കള്‍ പെട്ടിരിക്കാമെന്നാണ് നിഗമനം.
ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം തൊണ്ടി മുതലുകള്‍ സംരക്ഷിക്കുന്നതിന് ഷീറ്റ് മേഞ്ഞ സ്ഥലം കെട്ടി മറയ്ക്കുന്നതിന്റെ പ്രവൃത്തികള്‍ നടക്കുമ്പോഴാണ് സ്ഫോടനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: