ന്യൂദല്‍ഹി: ഇന്ത്യയിലെ വിവിധ ദേശീയപാതകളുടെ നിര്‍മാണക്കരാറിന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഏഴ് കോടി രൂപയിലധികം കൈക്കൂലി നല്‍കിയതായി ആരോപണം. യുഎസിലെ ബോസ്റ്റണ്‍ ആസ്ഥാനമായ സിഡിഎം സ്മിത്ത്, അവരുടെ ഇന്ത്യന്‍ ഉപകമ്പനി സിഡിഎം ഇന്ത്യ എന്നിവയാണ് ഏഴ് കോടി 61 ലക്ഷത്തിലധികം രൂപ കൈക്കൂലി നല്‍കിയതായി യുഎസ് നിയമ വകുപ്പ് വ്യക്തമാക്കിയത്. സംഭവത്തില്‍ കേന്ദ്ര ഉപരിതല ഗതാതഗത മന്ത്രി നിതിന്‍ ഗഡ്കരി അന്വേഷണത്തിന് ഉത്തരവിട്ടു.
2011 മുതല്‍ 2015 വരെയുള്ള രൂപകല്‍പ്പന, മേല്‍നോട്ട, നിര്‍മാണ കരാറുകളിലാണ് അഴിമതി. കരാര്‍ ലഭിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയത്. 25 കോടി 77 ലക്ഷം രൂപ ആകെ ലാഭം ലഭിക്കുന്ന പദ്ധതികളാണിത്. നാലില്‍ രണ്ട് എന്ന നിലയിലാണ് കൈക്കൂലി നല്‍കിയത്. ഗോവയില്‍ ജല ഗതാഗതവുമായി ബന്ധപ്പെട്ട് വേറെ പതിനാറ് ലക്ഷത്തിലധികം രൂപയും ഇത്തരത്തില്‍ നല്‍കിയെന്നും യുഎസ് നിയമ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.
വിശദമായ അന്വേഷണത്തിന് ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും യുഎസ് സര്‍ക്കാര്‍ വ്യക്തമാക്കി. ജൂണ്‍ 21ന് തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് ഗഡ്കരി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ദേശീയപാത അതോറിറ്റി ചെയര്‍മാനോട് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടുവെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, കമ്പനിക്കെതിരെ യുഎസിലെ അന്വേഷണം അവസാനിപ്പിച്ചു. ഒക്ടോബര്‍ ഒന്നിനു മുന്‍പ് നഷ്ടപരിഹാരമായി നല്‍കേണ്ട അവസാന ഗഡു നല്‍കുമെന്ന് സിഡിഎം സ്മിത്ത് അറിയിച്ചു. ഇന്ത്യയിലെ കരാറിലൂടെ നേടിയ വരുമാനത്തിന് നികുതിയിളവ് ആവശ്യപ്പെടില്ലെന്നും അവര്‍ സമ്മതിച്ചു. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് കമ്പനിയുടെ പാരമ്പര്യമെന്നും അതിനു തടസമാകുന്നതൊന്നും അംഗീകരിക്കുല്ലെന്നും കമ്പനി സിഇഒ സ്റ്റെഫാന്‍ ജെ. ഹികോക്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: