ന്യൂദല്‍ഹി: ശാസ്ത്ര ഗവേഷണ ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താനും വഴികാട്ടാനും പദ്ധതിയുമായി വിജ്ഞാന് ഭാരതി. രാജ്യത്തെ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രജ്ഞരുടെ സേവനം ലഭ്യമാക്കുന്ന ‘സയന്‍സ് ഇന്ത്യ വെബ്പോര്‍ട്ടല്‍’ പദ്ധതി മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15ന് ഉദ്ഘാടനം ചെയ്യും. പതിനായിരം ശാസ്ത്രജ്ഞര്‍ പദ്ധതിയുമായി സഹകരിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, ജൈവസാങ്കേതിക വകുപ്പ്, കൗണ്‍സില്‍ ഓഫ് സയന്ററഫിക് ആന്റ് ഇന്സ്ട്രിയല് റിസര്‍ച്ച് (സിഎസ്ഐആര്‍), ഭൂമിശാസ്ത്ര വകുപ്പ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
www.scienceindia.in എന്ന വെബ്സൈറ്റിലൂടെ പദ്ധതിയില്‍ ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സ്കൂളുകള്‍ വഴിയും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചിയുള്ള ശാസ്ത്രമേഖലകളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരുമായി ഇതിലൂടെ ബന്ധപ്പെടാം. പഠനത്തിനും ഗവേഷണത്തിനും ഇവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായവും ലഭിക്കും. ശാസ്ത്ര ലാബുകള്‍ ഉപയോഗിക്കാനും അവസരമുണ്ടാകും. പോര്‍ട്ടല്‍ ഭാവിയില്‍ കുട്ടികള്‍ക്കുള്ള ശാസ്ത്ര സോഷ്യല്‍ മീഡിയയായി മാറും.
ശാസ്ത്രത്തില്‍ താല്പര്യമുള്ള നിരവധി വിദ്യാര്‍ത്ഥികളുണ്ടെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശമോ പിന്തുണയോ ലഭിക്കാത്തതിനാല്‍ അവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കുന്നില്ലെന്ന് വിജ്ഞാന് ഭാരതി സെക്രട്ടറി ജനറല്‍ എ.ജയകുമാര്‍ പറഞ്ഞു. ശാസ്ത്ര സമൂഹത്തെ വളര്‍ത്തിയെടുക്കാനാണ് വിജ്ഞാന് ഭാരതി ലക്ഷ്യമിടുന്നത്. രാജ്യം ശാസ്ത്ര ഗവേഷണത്തിന്റൈ കേന്ദ്രമായി മാറണം. അദ്ദേഹം ചൂണ്ടിക്കാട്ടി.
നീതി ആയോഗ് അംഗം വി.കെ. സാരസ്വത് ചെയര്‍മാനായ ഉപദേശക സമിതിയില്‍ ഐഎസ്ആര്‍ഒ ചെയര്മാന് എ.എസ്. കിരണ്‍ കുമാര്‍, പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ജി. സതീഷ് റെഡ്ഡി, സിബിഎസ്ഇ ചെയര്‍പേഴ്സണ്‍ രാജേഷ് കുമാര്‍ ചതുര്‍വ്വേദി തുടങ്ങിയവര്‍ അംഗങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മുഖ്യസംയോജകന്‍ പി.എ. ശബരീഷുമായി ബന്ധപ്പെടാം. 8826299500.
പ്രതികരിക്കാൻ ഇവിടെ എഴുതുക: