മല്ലപ്പള്ളി:സര്‍ക്കാര്‍ നിരോധവും അമിത വിലയും കാരണം പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടതോടെ മല്ലപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു. ടൗണ്‍.ചാലാപ്പള്ളി,കീഴ്വായ്പൂര്, പെരുമ്പെട്ടി .എന്നീ സ്ഥലങ്ങള്‍ കേന്ദ്രമാക്കിയാണ് കഞ്ചാവ് വില്‍പ്പന വ്യാപിക്കുന്നത്. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് വില്‍പ്പനക്കാരുടെ പ്രധാന ലക്ഷ്യം.എട്ടു പൊതി കഞ്ചാവുമായി യുവാവിനെ പെരുമ്പെട്ടി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കൊറ്റനാട് സുഭാഷ് നിലയത്തില്‍ സുഭാഷിനെയാണ്(25) മുക്കുഴിയില്‍ നിന്ന് എസ്.ഐ. സി.ടി.സഞ്ജയ്യുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് എസ്.ഐ. പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂളുകളിലും കോളേജുകളിലുമായി കഞ്ചാവ് വില്‍പ്പന നടത്തുവാന്‍ പ്രത്യേക സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.നിരോധിത പുകയില വസ്തുക്കളും ഇത്തരക്കാ രുടെ പക്കലുണ്ട്.
ശംഭു, ഖൈനി തുടങ്ങിയ പാന്‍മസാലകള്‍ക്ക് നാല്‍പ്പത് മുതല്‍ മുകളിലോട്ടാണ് ഒരു കവറിന് വില. വ്യാപാരികള്‍ ആവശ്യപ്പെടുന്ന വില നല്കിയാലും ഇത് കിട്ടാത്ത സ്ഥിതിയുമാണ്. ഈ സാഹചര്യം മുതലെടുത്താണ് കഞ്ചാവ് വില്‍പ്പനക്കാര്‍ കൊയ്ത്ത് നടത്തുന്നത്. ഒഴിഞ്ഞ തീപ്പെട്ടിക്കവറുകളിലും സിഗരറ്റു കവറുകളിലുമാക്കിയാണ് രഹസ്യ വില്‍പ്പന. ഇതാകുമ്പോള്‍ പെട്ടെന്ന് കണ്ടുപിടിക്കാനാകില്ല.
വില്‍പ്പന തകൃതിയാകുമ്പോള്‍ മാത്രമാണ് ആരെയെങ്കിലും എക്സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്. വല്ലപ്പോഴും മാത്രം നടത്തുന്ന റെയിഡുകളും ബോധവല്‍ക്കരണ പരിപാടികളും മാറ്റി നിര്‍ത്തിയാല്‍ ഭാവി തലമുറയെ ആകെ നശിപ്പിക്കുന്ന ഈ മാരക വിപത്തിനെതിരെ കാര്യമായ യാതൊരു നടപടികളും സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്കാകുന്നില്ല. എന്നാല്‍ ആവശ്യക്കാര്‍ക്ക് വേണ്ടപ്പോള്‍ തന്നെ സാധനം വിതരണം ചെയ്യാന്‍ തക്ക വലിയൊരു ശൃംഘല ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുമുണ്ട്.അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവ് ഉപയോഗം വര്‍ദ്ധിക്കുന്നതായാണ് സൂചന. ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കാത്ത ഒരു അന്യസംസ്ഥാന തൊഴിലാളിയെയും നാട്ടില്‍ കണ്ടെത്താനാകില്ല. ഇത് തടയുന്നതിനുളള നടപടികളും പൊലിസിന്റെയോ എക്സൈസിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
കഞ്ചാവ് ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്യാമ്പുകളോ സംഘടിപ്പിക്കാറില്ല. ഹെല്‍ത്ത് കാര്‍ഡുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല. കഞ്ചാവ് പോലെയുള്ള മാരക ലഹരിവസ്തുക്കളുടെ ഉപയോഗം ഗണ്യമായി വര്‍ദ്ധിച്ചുവരുന്ന ജില്ലയായി പത്തനംതിട്ട മാറിയിട്ട് വര്‍ഷങ്ങളായി.ഇത് സംബന്ധിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകളും സര്‍ക്കാരിന്റെ പക്കലുണ്ട്. എന്നിട്ടും വല്ലപ്പോഴുമുണ്ടാകുന്ന ഒരു അറസ്റ്റുകൊണ്ട് എല്ലാമായെന്ന് ധരിച്ചുകഴിയുകയാണ് അധികൃതര്‍. പുതിയ അധ്യയന വര്‍ഷത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ പുതിയ താവളങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന കഞ്ചാവ് സംഘങ്ങളെ ചെറുക്കാന്‍ പഴുതടച്ചുള്ള പരിശോധനകളുംനിരീക്ഷണവും ആ വശ്യമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: