തുറവൂര്‍: ചെല്ലാനം ഫിഷിങ് ഹാര്‍ബറിലെ വികസന പദ്ധതി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ ജനകീയ കൂട്ടായ്മയിലൂടെ സമരത്തിന്.
രണ്ടായിരത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന നൂറുകണക്കിനു മത്സ്യബന്ധന ബോട്ടുകള്‍, ടങ്ക് വള്ളങ്ങള്‍, ബിഞ്ച് വള്ളങ്ങള്‍, ഇന്‍ഡോര്‍ വള്ളങ്ങള്‍ എന്നിവയാണ് ഇവിടെ നിന്നു മത്സ്യബന്ധനത്തിനു പോകുന്നത്.നബാര്‍ഡിന്റെ സഹായത്തോടെ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം ഇരുപതു കോടി രൂപ ചെലവിട്ടു നാലുവര്‍ഷം മുന്‍പു പുലിമുട്ടിന്റെ ഒന്നാംഘട്ട നിര്‍മാണം ആരംഭിച്ചിരുന്നു. എന്നാല്‍ ആവശ്യമായ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പുലിമുട്ടുകള്‍ ഇടിഞ്ഞു താഴ്ന്നു.
ബോട്ടുകളും വള്ളങ്ങളും അടുപ്പിക്കുന്ന വാര്‍ഫ്, റസ്റ്ററന്റ്, ശുചിമുറികള്‍, ലേല ഹാള്‍, ലോക്കര്‍, ഹാര്‍ബറിലേക്ക് എത്തുന്നതിനുള്ള റോഡ് തുടങ്ങിയ അടിസ്ഥാന വികസനത്തിനായി മുപ്പതു കോടി രൂപയാണു ഹാര്‍ബറിന്റെ വികസനത്തിനായി അനുവദിച്ചത്.
ഇതില്‍ പത്തു കോടി രൂപ ഹാര്‍ബറിന്റെ അടിസ്ഥാന വികസനത്തിനും ബാക്കിയുള്ള തുക പുലിമുട്ട് നിര്മാണത്തിനുമായിരുന്നു. എന്നാല്‍ പ്രഖ്യാപനമല്ലാതെ യാതൊന്നും നടപ്പാക്കിയിട്ടില്ല. ഹാര്‍ബറിന്റെ വികസനം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടു മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്വന്ഷന് നടത്തി. കെ.വി.തോമസ് എംപി ഉദ്ഘാടനം ചെയ്തു.
ചെയര്മാന് വി.ടി.ആന്റണി അധ്യക്ഷത വഹിച്ചു. ഡൊമനിക്ക് പ്രസന്റേഷന്, എം. ആര്.അശോകന്, കെ .ജി.ആന്റണി, ഫാ. സാംസണ് ആഞ്ഞിലിപറമ്പില്, ഫാ. സെബാസ്റ്റ്യന്‍ കരുമാഞ്ചേരി, ഷാജി തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: