തിരുവനന്തപുരം: ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശത്തില്‍ മുന്‍ പോലീസ് മേധാവി സെന്‍കുമാറിനെതിരെ അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിജിപിക്ക് ലഭിച്ച പരാതികള്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
സമകാലിക മലയാളം മാസികയിലൂടെ മുസ്ലിം സമുദായത്തിനെതിരെ വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് സെന്‍കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഐഒ സംസ്ഥാന സെക്രട്ടറി കെ.പി. തൗഫീഖ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം.
ലൗ ജിഹാദ് എന്ന പേരിലുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്ന് കോടതി പോലും നിരീക്ഷിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ജിഹാദിനെ ക്കുറിച്ച് തികച്ചും തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ച് മറ്റു മതസ്ഥരില്‍ ഭീതിയും പ്രകോപനവും സൃഷ്ടിക്കുന്ന കാര്യങ്ങളാണ് സെന്‍കുമാര്‍ ഉന്നയിച്ചിട്ടുള്ളത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന വ്യക്തി എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ അഭിപ്രായത്തെ നിസാരമായി കാണാന്‍ പാടില്ലെന്നും പരാതിയില്‍ പറയുന്നു.
‘ജന്മഭൂമി’ സംഘടിപ്പിച്ച പ്രതിഭാസംഗമത്തിനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ലൗ ജിഹാദിനെക്കുറിച്ച് സെന്‍കുമാര്‍ പറഞ്ഞത്. ലൗജിഹാദിനെക്കുറിച്ച് രണ്ടുകേസുകള്‍ ഡിജിപിയെന്ന നിലയില്‍ ഹൈക്കോടതിയാണ് തന്നോട് അന്വേഷിക്കാന്‍ പറഞ്ഞതെന്നും സെന്‍കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: