കല്‍പ്പറ്റ : അധ്യാപക പരിശീലനമായ ഡിപ്ലോമ ഇന്‍ എഡ്യുക്കേഷന്‍ (ഡിഎഡ്) കോഴ്സിനായുള്ള നടപടികള്‍ ജില്ലയില്‍ അനിശ്ചിതത്വത്തിലായി.അന്തിമ ലിസ്റ്റ് തയ്യാറാക്കി ഉദ്യോഗാര്‍ത്ഥികളുടെ കൂടിക്കാഴ്ചയും അഡ്മിഷനും പൂര്‍ത്തിയാക്കാനാവാതെ വിദ്യാഭ്യാസ വകുപ്പ് പ്രതിസന്ധിയിലായി. ഇതോടെ 2017 ജൂണ്‍ 21 ന് അധ്യയനം ആരംഭിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ (ഡി.പി.ഐ) ഉത്തരവ് നടപ്പാക്കാനാവാത്ത ജില്ലയായി വയനാട്.
പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ (ഡിപിഐ) 2017 മെയ് 4 ന് പുറത്തിറക്കിയ ഉത്തരവ് അനുസരിച്ചാണ് സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ് അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. 14 ജില്ലകളിലായി 102 പരിശീലന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ വയനാട് ജില്ലയിലെ മൂന്ന് സ്ഥാപനങ്ങളിലേക്ക് അപേക്ഷിച്ചവരാണ് പ്രതിസന്ധിയിലായത്.
ഡിപിഐയുടെ ഉത്തരവനുസരിച്ച് 2017 മെയ് 31 നാണ് ഡിപ്ലോമ ഇന്‍ എഡ്യുക്കേഷന്‍ (ഡിഎഡ്) കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. 2017 ജൂണ്‍ 15 ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ജൂണ്‍ 21 ന് അധ്യയനം ആരംഭിക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്മാര് (ഡിഡിഇ) സമയബന്ധിതമായി നടപ്പിലാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ കാരണം അന്തിമ ലിസ്റ്റ് പോലും ഇത് വരെ പ്രസിദ്ധീകരിക്കാനായില്ല.
ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ (ഡിഡിഇ) ലഭ്യമായ മുഴുവന്‍ അപേക്ഷകളുടെയും പ്രാഥമിക ലിസ്റ്റ് തയ്യാറാക്കുന്നു. ഫയല്‍ തയ്യാറാക്കി അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതിനായി ജില്ലാ പിഎസ്സി ഓഫീസിലേക്ക് അയക്കും. തുടര്‍ന്ന് അപേക്ഷയുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് അന്തിമവും പൂര്‍ണവുമായ ലിസ്റ്റ് ഡി.ഡി.ഇയിലേക്ക് തിരിച്ചയക്കും. എന്നാല്‍ ജില്ലാ വിദ്യാഭ്യാസ ഡയരക്ടറുടെ ഓഫീസില്‍ നിന്ന് സമയബന്ധിതമായി ഫയലുകള്‍ ജില്ലാ പി.എസ്.സി ഓഫീസിലേക്ക് എത്തിക്കാനാവാത്തതിനാലാണ് പ്രവേശന നടപടികള്‍ വൈകാന്‍ കാരണമായത്.
പിഎസ്സി ഓഫീസില്‍ നിന്നും ലഭ്യമാകുന്ന അന്തിമ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ അപേക്ഷാര്‍ത്ഥികളെ കുടികാഴ്ചക്ക് ക്ഷണിക്കും. തുടര്‍ന്ന് അഡ്മിഷന് നല്‍കും. വയനാട് ജില്ലയില്‍ അന്തിമ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടില്ല. അഭിമുഖത്തിന് തിയ്യതി നിശ്ചയിച്ചിട്ടില്ല. അഡ്മിഷന് നടപടികള്‍ എന്ന് തുടങ്ങുമെന്ന് പറയാന്‍ വിദ്യാഭ്യാസ വകുപ്പില്‍ ചുമതലപ്പെട്ടവരില്ല.ഡി.പി.ഐയുടെ ഉത്തരവനുസരിച്ച് മറ്റു ജില്ലകളില്‍ ഡിഎഡ് ക്ലാസുകള്‍ തുടങ്ങി കഴിഞ്ഞു. വയനാട്ടില്‍ നിലവിലുള്ള അവസ്ഥയില്‍ ജൂലൈ അവസാന വാരമാവാന് സാധ്യതയുണ്ട്. മറ്റ് ജില്ലക്കാര്‍ ആദ്യ സെമസ്റ്റര്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പ് നടത്തുമ്പോള്‍ ഇവിടെ പ്രവേശന നടപടികള്‍ പൂര്ത്തിയാവുമെന്നര്ത്ഥം. ഇത്രമാത്രം കുറ്റകരമായ അനാസ്ഥ കാണിക്കുന്ന കുത്തഴിഞ്ഞ വകുപ്പായി വിദ്യാഭ്യാസം മാറിയിരിക്കുന്നു.
ജില്ലയില്‍ പനമരം ഗവ.ടി.ടി.ഐ, ബത്തേരി ഡയറ്റ് എന്നിവിടങ്ങളിലായി 40 സീറ്റ് വീതവും എയ്ഡഡ് സ്ഥാപനമായ മാനന്തവാടി സെന്റ് ജോസഫ് ടി.ടി.ഐയിലെ 12 സീറ്റുമടക്കം 92 സീറ്റുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. കൂടാതെ 4 സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ അതായത് ജുലൈ 21 നകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കണമെന്നും ഡിപിഐ നിര്‍ദ്ദേശിക്കുന്നുണ്ട്.
രണ്ട് വര്‍ഷത്തെ കോഴ്സിന് നാല് സെമസ്റ്ററുകളായാണ് ഡിഎഡ് പരീക്ഷ നടക്കുക. വയനാട്ടുകാര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അലംഭാവം കാരണം ഒക്ടോബറില്‍ നടക്കുന്ന ആദ്യ സെമസ്റ്റര്‍ പരീക്ഷക്കുള്ള അഞ്ച് മാസത്തെ പാഠഭാഗങ്ങള്‍ രണ്ടര മാസം കൊണ്ട് പഠിച്ചെഴുതേണ്ടി വരും. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഉന്നതാധികാരികളില്ലാത്തതിനാല് ഡിഎഡ് കോഴ്സിനുള്ള അഡ്മിഷന് എന്ന് നടക്കുമെന്നറിയാതെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പാഠഭാഗങ്ങള്‍ എങ്ങിനെ തീര്‍ക്കുമെന്നറിയാതെ അധ്യാപകരും പ്രതിസന്ധിയിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: