കാസര്‍കോട്: ചൈനീസ് പട്ടാളത്തിന്റെ അതിര്‍ത്തിയിലൂടെ ഉള്ള നുഴഞ്ഞു കയറ്റശ്രമവും പാക്കിസ്ഥാന്റെ ഭീകര വാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടും ശക്തമായി ചെറുക്കുമെന്നും രാജ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജനമാണ് പ്രധാന ലക്ഷ്യമെന്നും രാഷ്ട്രപതിയുടെ നയ പ്രഖ്യാപനം. സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ. അന്തരിച്ച മന്ത്രിക്ക് ചരമോപചാരം അര്‍പ്പിക്കല്‍, വിവിധ വിഷയങ്ങളിലുള്ള ചോദ്യോത്തരവേള. അംഗങ്ങളുടെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം, പാര്‍ലമെന്ററി നടപടി ചട്ടങ്ങളുടെ അന്തസത്ത ചോര്‍ന്നു പോകാതെ കുട്ടികള്‍ മാതൃകാ പാര്‍ലമെന്റ് ഒരുക്കിയപ്പോള്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സന്ദര്‍ശന ഗ്യാലറിയില്‍ തിങ്ങി നിറഞ്ഞ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും അത് അറിവ് പകരുന്ന കൗതുക കാഴ്ചയായി.
അബിനാ രാജന് രാഷ്ട്രപതിയായി. ആവണി പവിത്രന് സ്പീക്കറും അഞ്ജു ഭാസ്ക്കരന്‍ ഡപ്യൂട്ടി സ്പീക്കറുമായി.അഞ്ജനസുധാകരന് പ്രധാനമന്ത്രിയുടേയും അനുഷസുഗതന് പ്രതിപക്ഷ നേതാവിന്റേയും വേഷത്തില്‍ തിളങ്ങി. കന്നുകാലി ചന്തകള്‍ നിരോധിക്കുന്നതിനെതിരെയായിരുന്നുകെ ബീഫാത്തിമ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. പരിസ്ഥിതി, കാലാവസ്ഥ കാര്യമന്ത്രി അജയ് ചന്ദ്രന് അടിയന്തിര പ്രമേയത്തിന് മറുപടി നല്കി. മാനവ വിഭവശേഷി മന്ത്രി സി ലാവണ്യയും ആരോഗ്യ മന്ത്രി ദൃശ്യ സജിത്തും വനിതാ, ശിശു ക്ഷേമ മന്ത്രി ആശിഷ് അബ്രഹാമും വിദേശകാര്യ മന്ത്രി വിദ്യാ ശശികുമാറും കായിക മന്ത്രി ആകാശ് ടി.പി യും അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി.
സംസ്ഥാന പാര്‍ലമെന്ററി കാര്യവകുപ്പ് നടത്തിയ മാതൃകാ പാര്‍ലമെന്റ് മത്സരത്തില്‍ ജില്ലയില്‍ തുടര്‍ച്ചയായി രണ്ട് തവണ ഒന്നാം സ്ഥാനം നേടിയ കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് കളക്ടറേറ്റില്‍ ബാലപാര്ലമെന്റ്അവതരിപ്പിച്ചത്. വായനപക്ഷാഘോഷം സമാപനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, കരിമ്പില്‍ ഹൈസ്കുള് മാനേജര്‍ അഡ്വ.കെ.കെ.നാരായണന്, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എന്‍.എം.തോമസ് എന്നിവര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്റര്‍ കെ.പി.മോഹന സുന്ദരന്‍ പരിപാടി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: