കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ ആശുപത്രി അധികൃതര്‍. രണ്ടു തവണ ഉദ്ഘാടനം നടത്തിയിട്ടും പ്രവര്‍ത്തന സജ്ജമാകാതെ അടഞ്ഞു കിടക്കുകയാണ് ഡയാലിസിസ് കേന്ദ്രം.
റോട്ടറി ക്ലബ് മൂന്നു വര്‍ഷം മുമ്പ് ജില്ലാ ആശുപത്രിയിലേക്കു സൗജന്യമായി നല്കിയ ഡയാലിസിസ് യന്ത്രങ്ങള്‍ ഇതു കാരണം തുരുമ്പെടുക്കുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് റോട്ടറി ക്ലബ് ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ നല്‍കിയത്.
സാങ്കേതിക കാരണത്തിന്റെ പേരില്‍ അടച്ചിട്ട ഡയാലിസിസ് കേന്ദ്രം ഒടുവില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടി രണ്ടു മാസം മുമ്പ് ആരോഗ്യ മന്ത്രി ഉദ്ഘാടനവും നിര്‍വഹിച്ചു. ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി പുറത്തിറങ്ങിയ ഉടനെ ഡയാലിസിസ് കേന്ദ്രത്തിന്റെ വാതില്‍ ആശുപത്രി അധികൃതര്‍ പൂട്ടുകയും യന്ത്രങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു.
കനത്ത ജലക്ഷാമം അനുഭവിക്കുന്നതിനാല്‍ ഡയാലിസിസ് നടത്താന്‍ കഴിയില്ലെന്നും മഴ വരുന്നതോടെ ഡയാലിസിസ് തുടങ്ങുമെന്നായിരുന്നു ആശുപത്രി സൂപ്രണ്ട് അന്ന് പറഞ്ഞത്. മഴ കനത്തതോടെ ജലക്ഷാമം പരിഹരിച്ചെങ്കിലും ഡയാലിസിസ് കേന്ദ്രം തുറന്നില്ല. ജീവനക്കാരുടെ കുറവാണ് കാരണമായി ഇപ്പോള്‍ ആശുപത്രി അധികൃതര്‍ പറയുന്നത്. നാല് ജീവനക്കാര്‍ക്ക് പരിശീലനം നല്കി നിര്‍ത്തിയിട്ടുണ്ടെങ്കിലും എന്‍ആര്‍എച്ച് വിഭാഗം ഇവ രെ ആശുപത്രിയില്‍ അനുവദിച്ചിട്ടില്ല. കൂടാതെ ഡയാലിസിസ് കേന്ദ്രത്തില്‍ 15 ശുചീകരണ തൊഴിലാളികളെ വേണം. ഈ വിഭാഗത്തില്‍ ജീവനക്കാരെ പൂര്‍ണമായി അനുവദിച്ചിട്ടില്ല. ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തിക്കാത്തതിനാല്‍ സാധാരണക്കാരായ രോഗികള്‍ പരിയാരത്തും മംഗളൂരുവിലെ ആശുപത്രികളിലും അഭയം തേടേണ്ട അവസ്ഥയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: