പൊയിനാച്ചി: വിദ്യാര്‍ഥി വിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിലെ പ്രിന്‍സിപ്പള്‍ ഡോ.പ്രമോദ് ജോണിനെ പുറത്താക്കി. പുതിയ പ്രിന്‍സിപ്പളായി ഓറല്‍ സര്‍ജറി വിഭാഗം തലവന്‍ ഡോ. പ്രശാന്ത് ഹെഗഡെയെ മാനേജ്മെന്റ നിയോഗിച്ചു. ഇതിനെതുടര്‍ന്ന് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല ഉപരോധം അവസാനിപ്പിച്ചു.
വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് മാനേജ്മെന്റ പുതിയ പ്രിന്‍സിപ്പളിനെ നിയോഗിച്ചതായി ഉത്തരവിറക്കിയത്. പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യം തടയുന്നുവെന്നും വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറുന്നുവെന്നും ആരോപിച്ചായിരുന്നു വിദ്യാര്‍ഥികളുടെ ഉപരോധം. പ്രിന്‍സിപ്പലിനെതിരെ മാനേജ്മെന്റ് നടപടിയെടിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മെയ് 22 മുതല്‍ 24 വരെ വിദ്യാര്‍ഥികള്‍ നിരാഹാരം കിടന്നിരുന്നു. പ്രക്ഷോഭം ശക്തമായതിനെതുടര്‍ന്ന് വിദ്യാര്‍ഥികളും മാനേജ്മെന്റും നടത്തിയ ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമായി. ഈ തീരുമാനം മാനേജമെന്റ് രേഖമൂലം മുദ്രപേപ്പറില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും പ്രിന്‍സിപ്പല്‍ കോളേജിലെത്തി ചാര്െജടുത്തു. ഇതിനെ തുടര്‍ന്നാണ് ബുധനാഴ്ച വീണ്ടും വിദ്യാര്‍ഥികള്‍ ഉപരോധം ആരംഭിച്ചത്.
വിദ്യാര്‍ത്ഥി സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപ്പിച്ച് കഴിഞ്ഞ ദിവസം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് കേരള ആരോഗ്യ സര്‍വകലാശാല പ്രത്യേക സമിതി കോളേജിലെത്തി അന്വേഷണം നടത്തിയിരുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരം വിജയിക്കുന്നതെന്ന് സമരസമിതി വ്യക്തമാക്കി.
മാനേജിങ്ങ് ഡയറക്ടര്‍ ഡോക്ടര്‍ ഹാഷിം, വൈസ് പ്രിന്‍സിപ്പള്‍ ഡോ. കിരണ്‍കുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥി സംഘടനാ നേതാക്കളായ സിദ്ധാര്‍ത്ഥ് രവീന്ദ്രന്, യു.മനു, ഹരികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: