കാസര്‍കോട്: കാലവര്‍ഷം ശക്തമായതോടെ നാട് പനിച്ചു വിറക്കാന്‍ തുടങ്ങി. പനി ബാധിച്ച് നിരവധി പേരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും മറ്റും പ്രവേശിപ്പിച്ചിരിക്കുന്നത്. ഡെങ്കിപ്പനി മുതല്‍ എച്ച് 1 എന്‍ 1 വരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ റിപോര്‍ട്ട് ചെയ്തു കഴിഞ്ഞു. ജില്ലയില്‍ നിരവധി പേര് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. എച്ച് 1 എന്‍ 1 ബാധിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുള്‍ പ്പെടെ മൂന്നു കുട്ടികള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചന്ദ്രഗിരിയിലെ ഒമ്പത് മാസം പ്രായമായ ആണ്‍കുഞ്ഞും പേരടുക്കയിലെ രണ്ടു വയസുള്ള പെണ്‍കുട്ടി, മുട്ടത്തൊടിയിലെ രണ്ടര വയസുള്ള പെണ്‍കുട്ടി എന്നിവരാണ് എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയവരില്‍ നാലുപേര്‍ക്ക് വീതം മലേറിയയും, ഡെങ്കിപ്പനിയും ബാധിച്ചതായി സ്ഥിതീകരിച്ചു. നാടുനീളെ പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റുമായി മുന്നോട്ട് പോവുമ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി രോഗികളെ കൊണ്ട് നിറയുകയാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയാല്‍ ഡോക്ടറെ കാണിക്കേണ്ടവരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുക.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും ദിവസവും നൂറുകണക്കിന് ആളുകളാണ് പനിബാധിച്ച് ചികിത്സയ്ക്കെത്തുന്നത്. രണ്ട് ആശുപത്രികളിലെയും ഒ.പി വിഭാഗങ്ങളില്‍ അതിരാവിലെ മുതല്‍ തന്നെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പനി ബാധിതരെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതിനാല്‍ പലരെയും കിടത്തി ചികിത്സിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും ബാധിച്ചവര്‍ക്ക് നില ഗുരുതരമായാല്‍ ജില്ലയിലെ ആശുപത്രികളില്‍ തുടര്‍ ചികിത്സ നല്‍കാനുള്ള സൗകര്യങ്ങളും ഉണ്ടാകുന്നില്ല. വിദഗ്ദ്ധ ചികിത്സക്കായി ഇവരെ മംഗലാപുരത്തെ ആശുപത്രിയിലേക്കോ പരിയാരത്തേക്കോ കൊണ്ടു പോകുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: