1975 ജൂണ്‍ മാസം 25-ാം തീയ്യതി അര്‍ദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ജനാധിപത്യ സംവിധാനങ്ങളെ ഇതുപോലെ ചവിട്ടി അരച്ച മറ്റൊരു സംഭവം ചൂണ്ടിക്കാണിക്കാന്‍ വേറെ ഉണ്ടാകില്ല. ഏകദേശം ഒന്നര വര്‍ഷക്കാലം നടപ്പിലാക്കിയ കരിനിയമങ്ങളും പോലീസിന്റെ അതിക്രമങ്ങളും അന്നു ജീവിച്ചിരുന്ന ഒരാള്‍ക്കും മറക്കാന്‍ കഴിയില്ല.
ഭരണഘടന ഈ രാജ്യത്തെ പൗരനു നല്കിയ സപ്ത സ്വാതന്ത്ര്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം തുടങ്ങിയവ നിഷേധിച്ചു. മാത്രമല്ല പത്രമാദ്ധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി, നീതിന്യായ സംവിധാനത്തെ നിശ്ചലമാക്കി, ഇതിനെ എതിര്‍ത്തവരേയും, എതിര്‍ക്കാന്‍ സാദ്ധ്യത ഉള്ളവരെയും പിടിച്ചു കല്‍ത്തുറുങ്കില്‍ വെച്ചു.
അന്ന് അറസ്റ്റു ചെയ്യപ്പെട്ടവരില്‍ പ്രതിപക്ഷ നേതാക്കളും പ്രവര്‍ത്തകരും മാത്രമായിരുന്നില്ല. ലോക് നായക് ജയപ്രകാശ് നാരായണന്, അടല്‍ ബിഹാരി വാജ്പേയ്, എല്‍.കെ.അദ്വാനി, നാനാജി ദേശ്മുഖ്, മൊറാര്‍ജി ദേശായ്, ജോര്‍ജ് ഫെര്‍ണ്ണാണ്ടസ്, മധുലിമയെ, കോണ്‍ഗ്രസിലെ യുവതുര്‍ക്കി എന്നറിയപ്പെട്ടിരുന്ന ചന്ദ്രശേഖരന്, എ.കെ. ഗോപാലന്, പി.പരമേശ്വരന്, ഒ.രാജഗോപാല്‍, കെ.ജി.മാരാര്‍, കെ. ചന്ദ്രശേഖരന്, അരങ്ങില്‍ ശ്രീധരന്, പിണറായി വിജയന്, എം.വി.രാഘവന്, ചെറിയ ചെറിയ മമ്മുക്കേയി തുടങ്ങിയ നേതാക്കളെ മിസ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മിസ, കരിനിയമമായിരുന്നു. ഒരാളെ എത്രകാലം വരെയും ജയിലിലിടാം. കോടതിയില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയില്ല. രാജ്യമാകെ ലക്ഷക്കണക്കിനാളുകള്‍ ജയിലിലായി.
ഇതൊക്കെ നടപ്പിലാക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു? 1971 ല്‍ ഇന്ദിര തെരഞ്ഞെടുപ്പില്‍ ലോകസഭയിലേക്ക് മത്സരിച്ചത് യു.പി യിലെ റായി ബറേലി മണ്ഡലത്തില്‍ നിന്നായിരുന്നു. എതിര് സ്ഥാനാര്‍ത്ഥി രാജ്നാരായണനും. വമ്പിച്ച ഭൂരിപക്ഷത്തിന് ഇന്ദിര ഗാന്ധി ജയിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്നു ചൂണ്ടിക്കാട്ടി രാജ്നാരായണന് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. 1975 ജൂണ്‍ മാസം 19ന് ഇന്ദിരയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി വിധി വന്നു. ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയും കല്പ്പിച്ചു.
ആ വിധി മറികടക്കാനായിരുന്നു അടിയന്തരാവസ്ഥ. ഇന്ദിരയുടെ ദുര്‍ഭരണത്തിനെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ മുന്നേറ്റത്തിനു തുടക്കമിട്ടിരുന്നു. ജൂണ്‍ 24ന് ഡല്‍ഹിയിലെ രാം ലീല മൈതാനിയില്‍ ലക്ഷങ്ങളെ അണിനിരത്തി ഒരു വലിയ റാലി നടന്നു. ഇന്ദിര ഉടന്‍ രാജി വെക്കണമെന്ന് ആ റാലിയില്‍ വെച്ച് ജയപ്രകാശ് നാരായണന് ആവശ്യപ്പെട്ടു.
ഒരു പക്ഷെ ഈ റാലിയായിരിക്കാം ഇന്ദിരയെ പരിഭ്രാന്തയാക്കിയത്. ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളെയും നിശ്ചലമാക്കിക്കൊണ്ട് അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് ജൂണ്‍ 25 ന് അര്‍ദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ ഒപ്പ് വെച്ചു. 39-ാം ഭരണഘടനാ ഭേദഗതിയിലൂടെ ആര്‍ട്ടിക്കിള്‍ 392 (എ) പ്രകാരം പ്രധാനമന്ത്രിയേയും, ലോകസഭാ സ്പീക്കറേയും ഒരു കോടതിക്കും ചോദ്യം ചെയ്യാന്‍ പറ്റാത്ത നിയമം പാസ്സാക്കി. തുടര്‍ന്നുള്ള നാളുകള്‍ ഈ രാജ്യത്ത് നടന്നത് ഒരു ഏകാധിപതിയുടെ ഭരണമായിരുന്നു.
ഇനി എന്തായിരിക്കും നമ്മുടെ ഭാവിയെന്ന വലിയ ചോദ്യത്തിനുള്ള ഉത്തരത്തിനുവേണ്ടി ഇവിടുത്തെ ജനങ്ങള്‍ അമ്പരന്നുപോയ കാലം. ഈ ലേഖകന്‍ അന്ന് ജനസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു. ജൂലായ് രണ്ടിന് കോഴിക്കോട് ജനസംഘം ഓഫീസില്‍ വെച്ച് എന്നെയും തളിപ്പറമ്പിലെ കെ.കണ്ണന്, കണ്ണൂരില്‍ നിന്നുള്ള എ.ദാമോദരന്‍, തലശ്ശേരി സ്വദേശി കെ.ലക്ഷ്മണന്, കോഴിക്കോട് നടരാജന് (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) എന്നിവരേയും അറസ്റ്റ് ചെയ്തു. കേരളത്തിലെ ആദ്യ അറസ്റ്റായിരുന്നു അത്. നേരത്തെ നിശ്ചയിച്ചിരുന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനാണ് കോഴിക്കോട്ടേക്ക് പോയത്. പാര്‍ട്ടി ഓഫീസില്‍ കിടന്നുറങ്ങവെ അര്‍ദ്ധരാത്രി പോലീസ് പിടിക്കുകയായിരുന്നു.
പിടിച്ച ഉടനെ കണ്ണും, കൈയ്യും കെട്ടി പോലീസ് വാനില്‍ കേറ്റി. അതില്‍ വേറെ അഞ്ചു പേരുണ്ടായിരുന്നു. സംസാരിച്ചപ്പോള്‍ ആളുകളെ മനസിലായി. ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന തൊടുപുഴ സ്വദേശി പി.നാരായണന്, കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന പി.വി.കെ നെടുങ്ങാടി, കേസരി വാരികയിലെ പ്രൂഫ് റീഡറും കോട്ടയം സ്വദേശിയുമായിരുന്ന രാജശേഖരന്, ആര്.എസ്.എസ് പ്രചാരകന് പെരച്ചന്, വയനാട് സ്വദേശി കെ.ദാമോദരന്‍ എനേനിവരായിരുന്നു അവര്‍. മൂന്നു പേരെ കോഴിക്കോട് അലങ്കാര്‍ ലോഡ്ജില്‍ വെച്ചും മറ്റു രണ്ടുപേരെ കോഴിക്കോട് ആര്‍എസ്എസ് കാര്യാലയത്തില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. അവരുടെയും കണ്ണുകെട്ടിയിരുന്നു.
ജൂണ്‍ മാസത്തിലെ രാത്രിയില്‍ ചാറ്റല്‍ മഴയുടെ ശബ്ദം മാത്രം കേള്‍ക്കാം. ആരും ഒന്നും മിണ്ടുന്നില്ല. എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. എന്താണ് ചെയ്യാന്‍ പോകുന്നത് ഒന്നും അറിയില്ല. ആകെ ഒരു ഭീകരമായ അന്തരീക്ഷം. കുറെ ഓടി കഴിഞ്ഞതിനു ശേഷമാണ് വാന്‍ നിര്‍ത്തിയത്. പിന്നീട് അത് പോലീസ് കണ്ട്രോള് റൂമാണെന്നു മനസ്സിലായി. അതില്‍ നിന്നും ‘കൊല്ലുന്നേ, കൊല്ലുന്നേ’ എന്ന് ഒരാളുടെ നിലവിളി കേള്‍ക്കാമായിരുന്നു. പിന്നെ, വായില്‍ തുണി തള്ളാനുള്ള ആക്രോശം കേള്‍ക്കുന്നു. പതുക്കെ ആ ശബ്ദം ഒരു ഞരക്കമായി മാറി. ജനസംഘത്തിന്റെ ജില്ലാ പ്രസിഡന്റായിരുന്ന യു. ദത്താത്രേയ റാവുവിന്റേതായിരുന്നു ആ ശബ്ദം.
കോഴിക്കോട് എസ്.പി ആയിരുന്ന ലക്ഷ്മണയുടെ നേതൃത്വത്തിലുള്ള പോലീസ് പട അദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു. അവിടെ നിന്നു ഞങ്ങളെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടുത്തെ ലോക്കപ്പിലിട്ടു. രണ്ടുദിവസം കഴിഞ്ഞതിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. അപ്പോഴാണ് മനസ്സിലായത് ഞങ്ങളുടെ പേരില്‍ കള്ളക്കേസെടുത്തിരിക്കുകയാണെന്ന്. കോഴിക്കോട് ഹെഡ് പോസ്റ്റാഫീസിന്റെ ചുമരില്‍ ഇന്ദിര ഗാന്ധിക്കെതിരെ മുദ്രാവാക്യം എഴുതി എന്നതായിരുന്നു കുറ്റം. നാലു മാസത്തെ തടവിനുശേഷം പുറത്തിറങ്ങിയപ്പോള്‍ വീണ്ടും ഞങ്ങളെ പിടിക്കാന്‍ പോലീസ് കാത്തു നില്ക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും ഒരു തരത്തില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒളിവില്‍ പോയി.
അടിയന്തരാവസ്ഥക്കെതിരെ സമരം സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സമരം ചെയ്തതും ജയിലില്‍ പോയതും കാസര്‍കോട് താലൂക്കില്‍ നിന്നാണ്. ആദ്യത്തെ അറസ്റ്റ് അഡ്വ. കെ.സുന്ദരറാവുവിനെയായിരുന്നു. അന്നു ജനസംഘത്തിന്റെ കാസര്‍കോട്ടെ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഏല്‍ക്കേണ്ടി വന്നു. പോലീസ് മര്‍ദ്ദനം അതികഠിനമായിരുന്നു. അദ്ദേഹത്തെ മിസ പ്രകാരം അറസ്റ്റു ചെയ്ത്, കണ്ണൂര്‍ ജയിലിലടച്ചു.
ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ലോക സംഘര്‍ഷ സമിതിയുടെ പേരിലായിന്നു സമരമെങ്കിലും അണിയറയില്‍ മുഴുവന്‍ പ്രവര്‍ത്തിച്ചത് ആര്.എസ്.എസും. ജന സംഘത്തിന്റെ പ്രവര്ത്തകന്മാരുമായിരുന്നു. ഏകദേശം എണ്ണൂറോളം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തു ജയിലില്‍ പോയിട്ടുണ്ട്. അതില്‍ പകുതിയോളം പേര് ഇന്ന് ജീവിച്ചിരിപ്പില്ല. തികച്ചും സമാധാനപരമായി ഗാന്ധിയന്‍ മാര്‍ഗ്ഗം സ്വീകരിച്ചുകൊണ്ടായിരുന്നു സമരം. പതിനാലു ബാച്ചുകളിലായി കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക, മുള്ളേരിയ എന്നീ പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സമരം. നവംബര്‍ മ14ന് ആദ്യത്തെ 5 ബാച്ചുകളായി 5 സ്ഥലങ്ങളില്‍ സമരം നടന്നു. കാസര്‍കോട് ടി.ആര്.കെ.ഭട്ട്, എസ്.വിഷ്ണുഭട്ട്, കുമ്പള.എച്ച്.ശങ്കര ആള്‍വ, മുള്ളേരിയ വി.ആര്.ഷേണായി, എം.സഞ്ചീവ ഷെട്ടി, ബദിയടുക്ക ബലക്കള ഗണപതിഭട്ട്, മഞ്ചേശ്വരം നാരായണ ഷെട്ടി, എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
ഗാന്ധിജിയുടെ ഫോട്ടോ കഴുത്തിലിട്ട് ഒരു ബാച്ചില്‍ മുപ്പതോളം ആളുകള്‍ ഭാരത് മാതാ കീ ജയ്, മഹാത്മാഗാന്ധി കീ ജയ്, അടിയന്തരാവസ്ഥ പിന്‍വലിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നീ മദ്രാവാക്യം വിളിച്ചു വളരെ സമാധാനപരമായിരുന്ന സമരം. ഈ സമരത്തെ പോലീസ് നേരിട്ട രീതി അത്യന്തം ഭയാനകമായിരുന്നു. ലാത്തി പൊട്ടുന്നതുവരെ അതിനിഷ്ഠൂരമായി തല്ലിച്ചതയ്ക്കുയായിരുന്നു. സമര സ്ഥലത്ത് നിന്ന് തല്ലിയത് പോരാതെ ലോക്കപ്പില്‍ കൊണ്ടുപോയി ഓരോ പോലീസ്കാരന്റെയും കൈത്തരിപ്പ് തീരുന്നതുവരെ തല്ലി.
പോലീസിന്റെ എല്ലാ മര്‍ദ്ദനമുറകളെയും അതിജീവിച്ച് ഉപ്പള, കുമ്പള, കാസര്‍കോട് എന്നിവിടങ്ങളില്‍ വീണ്ടും സമരം നടന്നു. കെ. ജഗദീശ്, ടി രായന്, പി.ഈശ്വരഭട്ട്, അഡൂര്‍ ഗണേശ് റാവു, കെ. ഗിരിധര്‍ കാമത്ത് എന്നിവര്‍ നേതൃത്വം കൊടുത്തു. കുമ്പളയിലെ സമരത്തിന് കെ. ദാമോദര ഭട്ട്, കെ. ജനാര്‍ദ്ദന ആചാരി എന്നിവരും, ഉപ്പളയിലെ സമരത്തിന് എ. നാരായണനും നേതൃത്വം കൊടുത്തു. പോലീസിന്റെ മര്‍ദ്ദന മുറകള്‍ കൂടിക്കൂടി വന്നു. ഈ സമരത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് നന്നേ പാടുപെടുന്നുണ്ടായിരുന്നു. പോലീസ് എത്ര ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല.
1976 ജനുവരി ഒന്നിന് കാസര്‍കോട്ട് സംഘടിപ്പിച്ച സമരത്തിലാണ് വെടിവെപ്പുണ്ടായത്. കുരുഡപ്പദവിലെ പ്രമോദ് ഭട്ടിന്റെ നേതൃത്വത്തിലായിരുന്നു സമരം. ബുള്ളറ്റ് ബേച്ച് എന്നായിരുന്നു അതിന്റെ പേര്. പോലീസ് തല്ലുമ്പോള്‍ ലാത്തി പിടിച്ചു വെച്ചു എന്തിനു ഞങ്ങളെ തല്ലുന്നു എന്ന് ചോദിക്കണം എന്നായിരുന്നു സമരക്കാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. രാവിലെ കാസര്‍കോട് ബദിരിയ ഹോട്ടലിന്റെ മുന്നില്‍ കേന്ദ്രീകരിച്ചു. ഈ സമരത്തിന് രഹസ്യമായി വലിയ പ്രചരണം കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ സമരം കാണാന്‍ വലിയ ജനങ്ങള്‍ ഒത്തുകൂടിയിരുന്നു. കാസര്‍കോട് ഗവ. കോളേജിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഒന്നടങ്കം സമരം കാണാന്‍ വന്നിരുന്നു.
ഭാരത് മാതാ കീ ജയ് വിളിച്ച് ബദിരിയ ഹോട്ടലിന്റെ മുന്നില്‍ നിന്നു പഴയ ബസ്സ്റ്റാന്റ് ഭാഗത്തേക്ക് നീങ്ങി. ബസ്സ്റ്റാന്‍ഡില്‍ എത്തുമ്പോഴേക്കും ലാത്തി ചാര്‍ജ്ജ് തുടങ്ങി. ഒരോരുത്തരും പോലീസിന്റെ ലാത്തി പിടിച്ചു വെച്ചു. ഞങ്ങളെ എന്തിനാണ് തല്ലുന്നത് എന്ന് ചോദിച്ചു. സമര രീതി ചെറുതായൊന്നു മാറ്റിയപ്പോള്‍ പോലീസ് പെട്ടെന്ന് അമ്പരന്നു. ഇതിനിടക്ക് പൊതുജനങ്ങളുടെ ഭാഗത്തു നിന്ന് പോലീസിനു നേരെ കല്ലേറ് വന്നു. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസിന്റെ നിയന്ത്രണം കൈവിട്ടു പോകുമെന്നു വന്നപ്പോഴാണ് ആകാശത്തേക്ക് പോലീസ് വെടി വെച്ചത്. വെടിവെപ്പിന്റെ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. പിന്നീടങ്ങോട്ട് പോലീസ് നടത്തിയത് നരനായാട്ടായിരുന്നു.
സമരത്തില്‍ പങ്കെടുത്ത ഒരു കുട്ടിപോലും ഓടിയില്ല. അവിടെ കിടന്നു മുദ്രാവാക്യം വിളിച്ചു. എല്ലാവരേയും അറസ്റ്റ് ചെയ്ത് കാസര്‍കോട് പോലീസ് ലോക്കപ്പിലിട്ടു. കാവി മുണ്ടുടുത്ത് റോഡിലൂടെ നടന്നു പോകുന്ന നിരപരാധികളെയും പിടിച്ചുകൊണ്ടുവന്നു ലോക്കപ്പിലിട്ടു. അന്നു രാത്രി വ്യാപകമായ റെയ്ഡും, അറസ്റ്റും. സമരത്തില്‍ പങ്കെടുത്ത പൈവളികെയിലെ എം.കെ.ഭട്ടിന്റെ തുണിക്കടയിലെ മുഴുവന്‍ തുണികളും വലിച്ചിട്ടു കത്തിച്ചു. പല വീടുകളിലും പോലീസ് അക്രമം നടത്തി. പൈവളികെ പഞ്ചായത്തിലെ കുരുഡപദവിലെ മായിരുക മഹാബല ഭട്ടിന്റെ വീട്ടിലായിരുന്നു ഏറ്റവും കൂടുതല്‍ അക്രമം നടത്തിയത്. അടക്ക തോട്ടത്തിലെ നല്ല ഫലം തരുന്ന കവുങ്ങുകള്‍ വെട്ടി നശിപ്പിച്ചു. തൊഴുത്തില്‍ കെട്ടിയിട്ട പശുക്കളെ തല്ലി ചതച്ചു. വില്ക്കാന് വെച്ച ചാക്ക് കണക്കിന് അടയ്ക്ക മുറ്റത്ത് കൂട്ടിയിട്ടു കത്തിച്ചു.
കാനത്തൂര്‍ ഗോപാലകൃഷ്ണ ഭട്ടിന്റെ ഒരേക്കറോളം വരുന്ന വിളഞ്ഞു നില്ക്കുന്ന മുഴുവന്‍ നെല്‍കൃഷിയും നശിപ്പിച്ചു. അമ്പതോളം വരുന്ന പോലീസുകാര്‍ നെല്‍പ്പാടത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിയിട്ടാണ് നശിപ്പിച്ചത്. കുലച്ചു നില്ക്കുന്ന നേന്ത്രവാഴത്തൈകള്‍ വെട്ടി നിരത്തി. അഡൂരിലെ അമ്പുക്കുഞ്ഞി മാഷുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ അവിടത്തെ കെട്ടിയിട്ട പട്ടിയോടാണ് പോലീസിന്റെ അരിശം തീര്‍ത്തത്. ബേക്കൂര്‍ പത്മനാഭന്റെ ഉപജീവനമാര്‍ഗ്ഗമായിരുന്ന മഗ്ഗം, കയ്യാര്‍ കുഞ്ഞണ്ണ റൈയുടെ ഹോട്ടല്‍ മുതലായവ നശിപ്പിച്ചു. അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ആക്രമണമാണ് വ്യാപകമായി കാസര്‍കോട് താലൂക്കില്‍ നടത്തിയത്.
അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കാസര്‍കോട് പ്രകാശ് സ്റ്റുഡിയോ ഉടമ അന്തരിച്ച കെ.സുന്ദര്‍ റാവു, കുമ്പളയിലെ എം.എ. ഷേണായി, പുട്ടപ്പ കാറന്ത്, ദേലമ്പാടിയിലെ ബാലകൃഷ്ണ തന്ത്രി, ബദിയടുക്ക സുന്ദര പ്രഭു, മുള്ളേരിയ രംഗനാഥ ഷേണായി തുടങ്ങിയവരുണ്ടായിരുന്നു. ഷര്‍ട്ടും മുണ്ടും അഴിപ്പിച്ചു നഗ്നമായ ശരീരത്തിലായിരുന്നു പോലീസുകാരുടെ മര്‍ദ്ദന മുറകള്‍. കാസര്‍കോട് ലോക്കപ്പിന്റെ ചുമരുകള്‍ക്ക് എന്നെങ്കിലും സംസാരിക്കുമെങ്കില്‍ ആ ചുമരുകള്‍ക്ക് ഒരുപാടു കഥകള്‍ പറയാനുണ്ടാകും. പോലീസിന്റെ അടിയേറ്റു എന്റെ കയ്യെല്ല് പൊട്ടി, മാബല റൈയുടെ കാലിന്റെ എല്ലും പൊട്ടി. പിറ്റേന്നു വൈകുന്നേരം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഞങ്ങളെ രണ്ടുപേരെയും കണ്ണൂര്‍ ആശുപത്രിയിലേക്ക് മാറ്റി.
അടിയന്തരാവസ്ഥയില്‍ അയവു വരുത്തിക്കൊണ്ടു 1977ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആ തെരഞ്ഞെടുപ്പില്‍ ഇന്ദിരയടക്കം കോണ്‍ഗ്രസിലെ പല കൊമ്പന്മാരും പരാജയപ്പെട്ടു. ഭാരതീയ ജനസംഘത്തിന്റെയും സോഷ്യലിസ്റ്റു പാര്‍ട്ടിയുടെയും സംഘടന കോണ്‍ഗ്രസിന്റെ ചരണ്‍സിംഗിന്റെ ലോകദളിന്റെയും പ്രമുഖരായ നേതാക്കളെല്ലാം വമ്പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഈ പാര്‍ട്ടികളൊക്കെ കൂടിയുണ്ടാക്കിയ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നു. ഈ രാജ്യത്തിന്റെ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടു.
ഇന്നു രാജ്യം അനുഭവിക്കുന്ന സ്വാതന്ത്ര്യം അന്നു ജീവനും ജീവിതവും പണയപ്പെടുത്തിയ ധീരസമരസേനാനികളുടെ സംഭാവനയാണ്. കമ്മ്യൂണിസ്റ്റുകാരുടെ പല അക്രമങ്ങളും കൊലപാതകങ്ങളും സ്വാതന്ത്ര്യ സമരമെന്നു പറഞ്ഞു കേരളത്തില്‍ അവര്‍ക്ക് പെന്ഷന് നല്കുന്നു. എന്നാല്‍ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത് നട്ടെല്ലു തകര്‍ന്നും, വികലാഗരായും ഭ്രാന്ത് പിടിച്ചും നൂറു കണക്കിനാളുകള്‍ ഇതിന്റെ കെടുതി അനുഭവിക്കുകയാണ്. രാഷ്ട്രീയത്തിന്റെ നിറം നോക്കി ഇവരെ അവഗണിക്കുന്നത് ശരിയാണോ?
(ബിജെപി കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡണ്ടുമായിരുന്നു ലേഖകന്‍. ഇപ്പോള്‍ കര്‍ണ്ണാടക സ്റ്റേറ്റ് മലയാളി സെല്‍ കോ-കണ്‍വീനറാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: