ചെമ്മനാട്: പരവനടുക്കം കൈന്താറില്‍ കനത്തമഴയില്‍ കിണര്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി. ഇതിനെ തുടര്‍ന്ന് വീടും ഭീഷണിയിലായി. ഇന്നലെ പുലര്‍ച്ചെ 4.30 മണിയോടെയാണ് കൈന്താറിലെ മാധവിയമ്മയുടെ വീട്ടുകിണര്‍ ഉഗ്ര ശബ്ദത്തോടെ ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോയത്.
രണ്ട് മാസം മുമ്പാണ് 60,000 രൂപ ചിലവില്‍ ആള്‍മറ കെട്ടിയത്. കിണറിനകത്ത് ഇറക്കിവെക്കുന്ന 13,000 രൂപ വില വരുന്ന പുതിയ മോട്ടോറും ഭൂമിക്കടിയിലായി. കിണര്‍ താഴ്ന്നതോടെ തൊട്ടടുത്തുള്ള വീട് ഭീഷണിയിലാണ്. വേലികെട്ടി വെച്ച് വീട്ടുകാരും അയല്‍വാസികളും ഈ ഭാഗത്തേക്ക് പോകുന്നത് തടഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
വായ്പയെടുത്താണ് കിണറിന്റെ അറ്റകുറ്റ പണികള്‍ നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കിണര്‍ താഴ്ന്നതില്‍ ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. കിണര്‍ മൂടിയാല്‍ മാത്രമേ അപകട ഭീഷണി ഒഴിവാകുകയുള്ളൂവെന്ന് വീട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: