സമൂഹത്തില്‍ പുരുഷന് കിട്ടുന്ന പ്രാധാന്യം അത് സ്ത്രീക്കും അംഗീകരിച്ചുകൊടുക്കപ്പെടാറില്ല. അഭിനയരംഗത്തായാലും കായികരംഗത്തായാലും ഇത് പ്രകടവുമാണ്. പുരുഷകേന്ദ്രീകൃതമായ കായിക രംഗത്ത് നിന്നുകൊണ്ട് കഴിവും ആത്മവിശ്വാസവും കൈമുതലാക്കി രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ നിരവധി പേരുണ്ട്. അവരുടെ കഴിവിനെ അംഗീകരിക്കുന്നതിന് പകരം അവരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുകയാണ് പലരും ചെയ്യുന്നത്. പക്ഷെ അത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് മുന്നിലൊന്നും പതറാതെ വ്യക്തമായ നിലപാടോടെയാണ് ഇവരെല്ലാം മുന്നേറുന്നതും.
ഈ അടുത്തിടയ്ക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കാപ്റ്റന്‍ മിതാലി രാജിന് ഒരു ചോദ്യം നേരിടേണ്ടി വന്നു. മിതാലിയ്ക്ക് ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റര്‍ ആരെന്നതായിരുന്നു ആ ചോദ്യം. ഒട്ടും മടിച്ചില്ല ചോദ്യകര്‍ത്താവിനോട് മറിച്ചൊരു ചോദ്യം ചോദിച്ചു മിതാലി. ഒരു പുരുഷ ക്രിക്കറ്ററോട് അവര്‍ക്കിഷ്ടപ്പെട്ട വനിതാ ക്രിക്കറ്റര്‍ ആരെന്ന് ചോദിക്കുമോയെന്ന്?. ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ഇവിടുത്തെ ഭൂരിപക്ഷ ജനതയ്ക്ക് പക്ഷെ വനിതകളുടെ ക്രിക്കറ്റിനോട് അത്ര പഥ്യം പോര. ഒരേ കളി. സമീപനം രണ്ടുതരം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മിന്നും താരങ്ങളായ ജുലന് ഗോസാമി, ഹര്മന് പ്രീത് കൗര്‍, സ്മൃതി മന്ദന, രാജേശ്വരി ഗെയ്ക്വാദ് തുടങ്ങിയ പേരുകള്‍ എത്രപേര്‍ക്ക് സുപരിചിതമാണ്. പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് കിട്ടുന്ന പേരും പ്രശസ്തിയും വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് മിതാലി തുറന്ന് സമ്മതിക്കുന്നു.
കളിക്കളത്തിലെ പ്രകടനത്തെ വിലയിരുത്തുന്നതിന് പകരം ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ക്കൊണ്ട് അവരുടെ നേട്ടങ്ങളെ വിലകുറച്ചുകാണാനുള്ള പ്രവണതയാണ് കണ്ടുവരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വ്യക്തിഹത്യകളെയൊക്കെ ഉശിരുള്ള മറുപടികള്ക്കൊണ്ടും നിലപാടുകള്‍കൊണ്ടും അതിജീവിച്ച താരങ്ങളാണ് സാനിയ മിര്‍സയും ജ്വാല ഗുട്ടയും സൈന നെഹ്വാളും മിതാലി രാജും ഒക്കെ.
2016 ജൂലൈ 13 നാണ് ടെന്നീസ് താരം സാനിയ തന്റെ ആത്മകഥയായ ‘ഏസ് എഗൈന്‍സ്റ്റ് ഓഡ്സ്’ പ്രകാശനം ചെയ്തത്. ആ പുസ്തകത്തെ മുന്‍നിര്‍ത്തി രാജ്ദീപ് സര്‍ദേശായ് സാനിയയുമായി നടത്തിയ അഭിമുഖത്തില്‍ ചോദിച്ചത് മാതൃത്വത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അങ്ങനെ വ്യക്തിപരമായ നിരവധി കാര്യങ്ങളെക്കുറിച്ചൊക്കെയാണ്. അത്തരം കാര്യങ്ങളൊന്നും ആത്മകഥയില്‍ പരാമര്‍ശിക്കുന്നില്ല എന്നതായിരുന്നു രാജ്ദീപ് ഉയര്‍ത്തിക്കാട്ടിയ പ്രശ്നം.
സ്ത്രീയെന്ന നിലയില്‍ എല്ലായ്പ്പോഴും അഭിമുഖീകരിക്കുന്ന ചോദ്യമാണ് ഇതെന്ന് സാനിയ പറയുന്നു. എത്ര കളികള്‍ ജയിച്ചു എന്നതിനല്ല ഇത്തരക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നുമായിരുന്നു സാനിയയുടെ മറുപടി. അത്തരം ചോദ്യങ്ങള്‍ ചോദിച്ചതില്‍ സര്‍ദേശായ് ഖേദം പ്രകടിപ്പിക്കുകയും ഇത്തരം ചോദ്യങ്ങള്‍ ഒരു പുരുഷ താരത്തോട് ഒരിക്കലും ചോദിക്കാന്‍ മുതിരില്ലെന്ന് ഒടുവില്‍ സമ്മതിക്കുകയും ചെയ്തു.
കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയ്ക്ക് മെഡലുകള്‍ നേടിത്തന്ന ബാഡ്മിന്റണ്‍ താരമായ ജ്വാല ഗുട്ടയ്ക്ക് നിരവധി തവണ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ജ്വാലയുടെ വസ്ത്രധാരണ രീതിയായിരുന്നു വിമര്‍ശകര്‍ക്ക് പ്രശ്നം. താന്‍ വസ്ത്രം ധരിക്കുന്നത്, മറ്റുള്ളവര്‍ അതിനെ എങ്ങനെ നോക്കിക്കാണും എന്ന് ചിന്തിച്ചല്ലെന്ന് ജ്വാല വ്യക്തമാക്കുന്നു.
ഗ്ലാമറിനും കായികരംഗത്ത് പ്രാധാന്യമുണ്ടെന്ന് ചിന്തിക്കുന്നവരും കുറവല്ലെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ജുലന് ഗോസ്വാമി പറയുന്നു. നമ്മള് ജീവിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിലാണെന്നും അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നുമാണ് ഗോസ്വാമിയുടെ നിലപാട്. എന്തുകൊണ്ടാണ് സൗന്ദര്യം ഇല്ലായ്മയുടെ പേരില്‍ വനിതാ താരങ്ങളെ പരിഹസിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. ഇത്തരത്തില്‍ അവഹേളിക്കുന്നതിന് പകരം വിജയത്തില്‍ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ഗോസ്വാമി വ്യക്തമാക്കുന്നു.
ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനും ഇക്കാര്യത്തില്‍ ചിലത് പറയാനുണ്ട്. തങ്ങളുടെ ജോലി നന്നായി കളിക്കുകയെന്നാണെന്നും ശരീര സൗന്ദര്യം കൊണ്ട് കാണികളെ സന്തോഷിപ്പിക്കാന്‍ തങ്ങളാരും നടിമാരല്ലെന്നും സൈന പറയുന്നു. മനോവൈകൃതമുള്ളവരാണ് വിലകുറഞ്ഞ വിമര്‍ശനങ്ങളുമായി വരുന്നത്-സൈന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: