ഒറ്റപ്പാലം: മഴക്കാലം തുടങ്ങിയാല്‍ ലക്കിടി പേരൂര്‍ പഞ്ചായത്തിലെ ഈങ്ങോറയില് പ്രവര്‍ത്തിക്കുന്ന ഗവ:ആയൂര്‍വേദ ഡിസ്പന്‍സറി ചോര്‍ന്നൊലിക്കുന്ന സ്ഥിതിയലാണ്.
ഏതു നിമിഷവും തകര്‍ന്നുവീഴാം. പ്രതിദിനം നൂറ്റിഅമ്പതോളംപോര് ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. ആഴ്ചയില്‍ നാലു ദിവസം ഡോക്ടറുടെ സേവനവും മരുന്നും ലഭ്യമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല.
മുളഞ്ഞൂര്‍, മുരുക്കുംപറ്റ, നെല്ലികുറുശ്ശി,ലക്കിടി, വേങ്ങശ്ശേരി,അമ്പലപ്പാറ, ചെര്‍പ്പുളശ്ശേരി, എന്നിവിടങ്ങളില്‍ നിന്നാണു രോഗികള്‍ എത്തുന്നത്. ആരോഗ്യ വകുപ്പും പഞ്ചായത്തും ആവശ്യത്തിനു മരുന്നുകള്‍ നല്‍കുന്നുണ്ടെങ്കിലും കെട്ടിടത്തിന്റെ നവീകരണത്തിനു മാത്രം നടപടിയാകുന്നില്ല.
അരനൂറ്റണ്ടിലധികം പഴക്കമുള്ള കെട്ടിടം ഇപ്പോള്‍ അപകടഭീഷണി നേരിടുകയാണ്. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ പലഭാഗങ്ങളിലെയും സീലിംഗ് അടര്‍ന്നുവീണു. മരുന്നു മുറിയുടെയും രോഗികളിലിരിക്കുന്ന വരാന്തയിലെ മേല്‍ക്കൂരയും ചുമരുകളും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്.
ഇത്രയധികം രോഗികള്‍ ആശ്രയിക്കുന്ന ഈ ആയൂര്‍വേദ ആരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കൂടുതല്‍ ജനോപകാരപ്രദമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ഏകദേശം അരഏക്കര്സ്ഥല സൗകര്യം ആരോഗ്യകേന്ദ്രത്തിനുണ്ട്. കിടത്തി ചികിത്സയടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിനും പഞ്ചായത്തിനുമാണ് ആരോഗ്യ കേന്ദ്രത്തിന്റെ വികസനം ഉറപ്പാക്കേണ്ട ചുമതല. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷ്കാന്തിയില്ലെന്ന ആക്ഷേപമുണ്ട്.
പനിയുള്‍പ്പടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ നിരവധി രോഗികളാണു ഇവിടെയെത്തുന്നത്. നടുവേദനാ മുട്ടുവേദന, വാതസംബന്ധമായ അസുഖങ്ങള്‍ നേരിടുന്ന വൃദ്ധരാണ് കൂടുതലും ഈ കേന്ദ്രത്തെ ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: