പാലക്കാട്: രാത്രിയില്‍ അജ്ഞാതന്‍ വീട് കയറി ആക്രമിക്കുന്നത് പ്രതിരോധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് വെട്ടേറ്റു.
ധോണി ചേരുംകാട് കോളനിയില്‍ അലിയാറിന്റെ മകള്‍ സംസിയയ്ക്കാണ് (15) വെട്ടേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 1.30നായിരുന്നു സംഭവം.
വൈദ്യുതി വിച്ഛേദിച്ച ശേഷം വീടിനുള്ളില്‍ കയറിയ അജ്ഞാതന്‍ സംസിയയുടെ കഴുത്തില്‍ പിടിച്ചു.
രണ്ട് സഹോദരിമാരുമൊത്ത് ഹാളില്‍ ഉറങ്ങിയ സംസിയ തടുക്കാന്‍ ശ്രമിക്കുന്നതിനിടെ അക്രമി അരിവാള്‍ ഉപയോഗിച്ച് വലത് കൈയില്‍ വെട്ടുകയായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമി അരിവാള്‍ ഉപേക്ഷിച്ച് അടുക്കള വഴി ഓടി രക്ഷപെട്ടു.
വൈദ്യുതി വിച്ഛേദിച്ചിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാനായില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. അടുക്കള വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും അടുക്കളയോട് ചേര്‍ന്നുള്ള ബാത്ത് റൂമിന്റെ ചുമര് വഴിയുള്ള വിടവിലൂടെയാകും അക്രമി വന്നതെന്നും ഉമ്മ റഷിയ പറഞ്ഞു.
രണ്ട് ചെറിയ മുറിയും ഒരു ഹാളും അടുക്കളയുമുള്ള വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
സംസിയ പാലക്കാട് ഉമ്മിനി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോരിമാര്‍: ജാമിയ, ഫാത്തിമ തസ്നിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: