പാലക്കാട്: സ്ത്രീകളുടെ പ്രശ്നങ്ങളില്‍ കൂടുതല്‍ കരുതലെടുക്കുന്നതിന്റെ ഭാഗമായി ത്രിതല പഞ്ചായത്തുതല ജാഗ്രതാ സമിതികള്‍ പുനരുദ്ധരിച്ച് അവയുടെ പ്രവര്‍ത്തനം ശാക്തമാക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷനംഗം അഡ്വ.ഷിജി.ശിവജി അറിയിച്ചു.
സമൂഹത്തിലെ ഇന്ന് നമ്മെ വേദനിപ്പിക്കുന്ന ഒട്ടേറെ വിഷയങ്ങളുടെ പരിഹാരത്തിന് ജാഗ്രതാ സമിതികളുടെ സജീവ ഇടപെടലുകള്‍ അത്യാന്താപേക്ഷിതമാണെന്ന് കമ്മീഷന് അറിയിച്ചു. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തിലാണ് ഇക്കാര്യം അറിയിച്ചത്. കമ്മീഷന് മുന്നില്‍ സാധാരണയായി എത്തുന്ന ദാമ്പത്യപ്രശ്നങ്ങള്‍ക്ക് താരതമ്യേന കുറവ് വന്നിട്ടുണ്ടെന്ന് കമ്മീഷന് അംഗം അറിയിച്ചു. അതേസമയം ബന്ധുക്കള്‍ തമ്മിലുളള പ്രശ്നങ്ങളും വസ്തു തര്‍ക്കങ്ങളും കമ്മീഷന് മുന്നിലെത്തിയിട്ടുണ്ട്.
വിവാഹ-ദാമ്പത്യപ്രശ്നങ്ങളില്‍ അകപ്പെടുന്ന മുസ്ലിം സമുദായക്കാരായ പെണ്‍കുട്ടികളും കുടുംബക്കാരും പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തതിന് പ്രധാന കാരണം ‘തലാഖി’നെ ഭയക്കുന്നത് കൊണ്ടാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. ഗള്‍ഫ് മേഖലകളില്‍ ജോലിചെയ്യുന്ന ചില പുരുഷന്മാര് പങ്കാളികളെ സംരക്ഷിക്കാതിരിക്കുന്നത് പ്രതികരിക്കപ്പെടാതെ പോകുന്നതിനുളള കാരണങ്ങളിലൊന്ന് അതാണ്.
ഒട്ടുമിക്ക മുസ്ലിം പെണ്‍കുട്ടികളും മാതാപിതാക്കളും ഏതെങ്കിലും മതസംഘടനകളുടേയൊ കമ്മിറ്റികളുടേയോ മേല്‍നോട്ടത്തില്‍ നടക്കുന്ന തലാഖിന്റെ നിയമപരമായ പ്രസകതി സംബന്ധിച്ച് അജ്ഞരാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ഒരു പരാതി പരിഹാര വേളയിലാണ് കമ്മീഷന് നിരീക്ഷണം അറിയിച്ചത്.
പട്ടാമ്പി സ്വദേശിനിയായ വൃദ്ധ മാതാവ് മകന്റെ സംരക്ഷണം ആവശ്യപ്പെട്ട് കമ്മീഷന് നല്കിയ പരാതിയില്‍ മാസംതോറും 1500 രൂപ മാതാവിന്റെ സംരക്ഷണത്തിനായി നല്‍കാമെന്ന് മകന് ഉറപ്പ് നല്‍കുകയും കമ്മീഷന് സാക്ഷിയാക്കി ഈ മാസത്തെ തുക മാതാവിന് കൈമാറുകയും ചെയ്തു. സ്വത്ത് എഴുതി വാങ്ങിയ ശേഷം മകന് സംരക്ഷിക്കുന്നില്ല എന്നതായിരുന്നു മാതാവിന്റെ പരാതി. മൊത്തം 89 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.27 എണ്ണം പരിഹരിച്ചു.
നാലെണ്ണം മറ്റു വകുപ്പുകളുടെ പരിഗണനയ്ക്ക് വിട്ടു. 29 പരാതികളില്‍ എതിര്‍കക്ഷി ഹാജരായില്ല. 29 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. അഡ്വ.രമിക, ശോഭന,വനിത സെല്‍ സി.ഐ.വി.കെ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: