പട്ടാമ്പി: ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞദിവസം രണ്ടുപേര്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് മരിച്ചിരുന്നു.
ഇതോടെ പഞ്ചായത്ത് പനിഭീതിയിലാണ്. 52 പേര്‍ക്ക് പനിബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചതോടെ പാലക്കാട് ഡിഎംഒ കെ.പി.റീത്തയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് അധികൃതരുടെയും യോഗം ചേര്‍ന്നു.കൊതുകുകളുടെ ഉറവിട നശീകരണത്തിന് വേണ്ട നടപടികള്‍ക്ക് മുന്‍ഗണന നല്കുവാന് യോഗത്തില്‍ തീരുമാനിച്ചു.
പനിമരണങ്ങള്‍ സംഭവിച്ച പാറപ്പുറത്തും,കാരക്കാടും ഇന്നു മുതല്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കും. കൊതുക് നശീകരണത്തിന് ഫോഗിംങ് നടത്തും. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുവാനും യോഗത്തില്‍ തിരുമാനിച്ചതായി മുഹമ്മദ് മുഹസിന് എംഎല്‍എപറഞ്ഞു.
ഫോഗിംങ് മെഷീന്, പ്ലേറ്റ് ലൈറ്റ് മെഷീന് എന്നിവ വാങ്ങുവാനും ധാരണയായി. പനിബാധിതര്‍ സ്വയംചികിത്സ നടത്തരുതെന്നും ഡിഎംഒ വ്യക്തമാക്കി.
പഞ്ചായത്ത് പ്രസിഡണ്ട് ജിഷാര്‍ പറമ്പില്‍,ഡോക്ടര്‍മാരായ സിദ്ധീഖ്, ദിവ്യ, നിസാര്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഗിരിഷ് കുമാര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ ആക്രികടകള്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: