കാസര്‍കോട്: വായ്പാ തിരിച്ചടവിന്റെയും കുടിശിക നിവാരണത്തിന്റെയും കാര്യത്തില്‍ സഹകരണ ബാങ്കുകള്‍ ഇടപാടുകാരോട് അനീതി കാണിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. വായ്പതുക ഗഡുക്കളായി അടയ്ക്കാനും സമയം ദീര്‍ഘിപ്പിച്ചു നല്‍കാനും സാധിക്കുമോയെന്ന് ബാങ്ക് പരിശോധിക്കണമെന്നും കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
പട്ടിക ജാതിക്കാരിയും മത്സ്യതൊഴിലാളിയുമായ നീലേശ്വരം സ്വദേശിനി വത്സല സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. പരാതിക്കാരി ആകെയുള്ള ഏഴ് സെന്റ് സ്ഥലം പണയപ്പെടുത്തി ഹോസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നും വായ്പയെടുത്തിരുന്നു. ഭര്‍ത്താവിനുണ്ടായ ഗുരുതര രോഗം കാരണം വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജപ്തി നടപടിയായി. കമ്മീഷന് ബാങ്കില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരി മകളുടെ വിവാഹം നടത്തുന്നതിനായി മൂന്നുലക്ഷം രൂപയും പഴം പച്ചക്കറി വ്യാപാരത്തിനായി മൂന്നുലക്ഷവും ക്യാഷ്-ക്രെഡിറ്റ് പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയും വായപ എടുത്തിരുന്നു. രണ്ട് വായ്പകളില്‍ കുടിശികയുണ്ട്. താനടച്ച തുക കൃത്യമായി കുറവ് ചെയ്തില്ലെന്ന് പരാതിക്കാരി വിസ്താരവേളയില്‍ കമ്മീഷനെ അറിയിച്ചു. പരാതിക്കാരി അടച്ച തുകയും അനുവദിച്ച ഇളവുകളും ബാങ്ക് കൃത്യമായി പരിശോധിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. എല്ലാ നടപടിക്രമങ്ങളും നിയമാനുസരണം പാലിച്ചതായി ബാങ്ക് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: