1971ലെ ആദ്യമാസങ്ങളിലായിരുന്നു അത് നടന്നത്. പാക്കിസ്ഥാന് സൈന്യം പ്രസിഡന്റ് യഹ്യാഖാന്റെ പൂര്‍ണ്ണാനുമതിയും അനുഗ്രഹവും ശിരസ്സിലേറ്റി കിഴക്കന്‍ പ്രവിശ്യയില്‍ കൊള്ളയും കൂട്ടക്കൊലയും നിര്‍ബാധം നടത്തുകയായിരുന്നു. ലക്ഷക്കണക്കിന് നിരായുധരായ സാധാരണക്കാര്‍ നിര്‍ദയം കൊല്ലപ്പെട്ടു; പ്രത്യേകിച്ചും ന്യൂനപക്ഷക്കാര്‍.
ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ദിവസവും അതിര്‍ത്തി കടന്ന് ഭാരതത്തിലേക്കൊഴുകിക്കൊണ്ടിരുന്നു. എല്ലാം കണ്ടും കേട്ടും സഹിക്കവയ്യാതെ ഒരു ദിവസം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സര്വ്വസൈന്യാധിപന്- പിന്നീട് ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ എന്ന പദവി ലഭിച്ചത്- ജനറല്‍ മനെക് ഷായെ മന്ത്രിസഭായോഗത്തിലേക്ക് നേരിട്ടുവരുത്തി. പാക്കിസ്ഥാനുമായി ഉടന്‍ തന്നെ യുദ്ധം തുടങ്ങാന്‍ ആവശ്യപ്പെട്ടു. മനെക്ഷായുടെ മറുപടി അവിടയുണ്ടായിരുന്നവരെ മുഴുവന്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ‘സാധ്യമല്ല മാഡം. അത്തരമൊരു യുദ്ധത്തിന് നമ്മുടെ സൈന്യം ഇപ്പോള്‍ സജ്ജമല്ല’. തുടര്‍ന്ന് അദ്ദേഹം കാര്യകാരണസഹിതം സൈന്യസന്നാഹത്തെപ്പറ്റിയും അതിര്‍ത്തിയിലെ സ്ഥിതിവിശേഷങ്ങളെപ്പറ്റിയുമുള്ള വസ്തുനിഷ്ഠമായ ഒരു വിവരണം നല്കി.
മനെക്ഷായുടെ കഴിവിനെയും ആത്മാര്‍ത്ഥതയേയും സത്യസന്ധതയേയും എന്നും മാനിച്ചിരുന്ന ഇന്ദിരാഗാന്ധി ഒടുവില്‍ സമ്മതിച്ചു തയ്യാറെടുപ്പിന് വേണ്ടുന്ന സമയമെടുത്തോളാന്. തുടര്‍ന്നുള്ള ഒമ്പതുമാസക്കാലം കൊണ്ട് സുസജ്ജമാക്കിയ കാര്യക്ഷമമായ പദ്ധതിയാണ് അന്നത്തെ യുദ്ധത്തില്‍ പാക്കിസ്ഥാന്റെ നിരുപാധികമായ കീഴടങ്ങലിലും പിളര്‍പ്പിലും കലാശിച്ചത്.
യുദ്ധത്തിലെന്നല്ലാ, മനുഷ്യന്റെ ഏത് പ്രവര്‍ത്തന മേഖലയിലും അവശ്യം വേണ്ടുന്നതാണ്, ശരിയായ തയ്യാറെടുപ്പും ആസൂത്രണവും. ”തയ്യാറെടുപ്പില്‍ പരാജയപ്പെട്ടാല്‍ പരാജയത്തിന് തയ്യാറായിക്കൊള്ളണം” എന്ന ഒരു ചൊല്ലുണ്ടല്ലോ.
ബിസിനസിന്റെ ആദ്യപാഠങ്ങള്‍ തുടങ്ങുന്നത് ആസൂത്രണത്തില്‍ നിന്നാണ്. ‘മാനേജ്മെന്റ്’എന്ന പദത്തിന്റെ ശാസ്ത്രീയ നിര്‍വചനത്തില്‍ തന്നെ ആസൂത്രണത്തിന് ഒന്നാംസ്ഥാനം നല്കിയിട്ടുള്ളതായി കാണാം. ആസൂത്രണം ഭാവിഗതികളെ കഴിയുന്നതും മുന്‍കൂട്ടിക്കണ്ട് നടത്തുന്ന തയ്യാറെടുപ്പാണെന്ന് പറയാം. ‘ഭാവി’ എന്നാല്‍ അടുത്ത മണിക്കൂര്‍ മുതല്‍ അനന്തവിദൂര കാലഘട്ടം വരെ ആകാം. ഫലപ്രദമാകണമെങ്കില്‍ ആസൂത്രണം കഴിയുന്നതും കാലേക്കൂട്ടി തുടങ്ങണം.
സ്ഥാപകന്റേയോ പ്രമോട്ടര്‍മാരുടെയോ ദീര്ഘവീക്ഷണത്തില് നിന്നാണ് ആസൂത്രണത്തിന്റെ ആദ്യകണികകള് നാമ്പെടുക്കുന്നത്. ദീര്‍ഘവീക്ഷണത്തെപ്പറ്റി സൂചിപ്പിക്കുമ്പോള്‍ ഒന്നുരണ്ട് സംഭവകഥകള്‍ ഓര്‍മ്മയില്‍ വരുന്നു. ജപ്പാനിലെ വിശ്വവിഖ്യാതമായ മത്സൂഷിതാ ഇലക്ട്രിക്ക് കോര്‍പ്പറേഷനെക്കുറിച്ച് കേട്ടിരിക്കും. ‘നാഷണല്‍’, ‘പാനസോണിക്’ തുടങ്ങിയ ലോകപ്രസിദ്ധ ബ്രാന്‍ഡുകളുടെ ഉടമകള്‍. ജനറല്‍ ഇലക്ട്രിക്, സീമെന്‍സ്, ഐടിടി, ഹിതാച്ചി എന്നീ പടുകൂറ്റന്‍ വ്യവസായ ഭീമന്മാരോടൊപ്പം മുന്‍നിരയില്‍ നില്ക്കുന്ന സ്ഥാപനം. അവയെ എല്ലാം കടത്തിവെട്ടുന്ന ബിസിനസ് ചാതുര്യമുള്ള നേതൃത്വം. കോനോസുകെ മത്സൂഷിത എന്ന ഒരു സാധാരണ ജപ്പാന് പൗരന്റെ സ്വപ്നസാക്ഷാത്കാരമാണ് ഈ സ്ഥാപനം.
ഒരു സൈക്കിള്‍ കടയില്‍ ഇരുപത്തഞ്ച് സെന്റ് ദിവസക്കൂലിയില്‍ അപ്രന്റീസായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. അപ്പോഴാണ് തോമസ് ആല്‍വാ എഡിസണിന്റെ അത്ഭുത കണ്ടുപിടുത്തങ്ങളെക്കുറിച്ച് കേട്ടറിഞ്ഞത്. അങ്ങനെ കിട്ടിയ പ്രചോദനം സ്വന്തം ജോലി ഉപേക്ഷിക്കാനും വീട്ടില്‍ തന്നെ ഒരു പണിശാല തുടങ്ങാനും പ്രേരിപ്പിച്ചു. ഒന്നിലധികം വൈദ്യുത ഉപകരണങ്ങളില്‍ ഘടിപ്പിക്കുന്ന ചെറിയ ഒരു അഡാപ്റ്റര്‍ ആയിരുന്നു ആത്യത്തെ ഉത്പന്നം. ഇത് 1918-ല്‍. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മത്സൂഷിതാ ഇലക്ട്രിക് ദേശീയതലത്തില്‍ മുന്‍നിരയിലുള്ള വ്യവസായ ഭീമനായി മാറി. 1980 ഓടെ ആഗോളതലത്തില്‍ ഈ രംഗത്ത് ഒന്നാംസ്ഥാനത്തെത്തി. എല്ലാം കോനോസുകെ മത്സൂഷിതയുടെ ദീര്‍ഘദര്‍ശനം കൊണ്ടും സമഗ്രമായ ആസൂത്രണം കൊണ്ടും.
ഇതോടൊപ്പം ഓര്‍മ്മിക്കാവുന്നതാണ് എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ നല്കിയ ധീരുഭായ് അംബാനിയെക്കുറിച്ച്. ലോകത്തിലെ തന്നെ വലിയ എണ്ണശുദ്ധീകരണശാല എന്നറിയപ്പെടുന്ന ജാംനാഗറിലെ റിലയന്‍സ് പെട്രോളിയം റിഫൈനറി കേവലം മൂന്നുകൊല്ലം കൊണ്ടാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കപ്പെട്ടത്. ലോകവ്യവസായ ചരിത്രത്തില്‍ ഒരു സര്‍വകാല റെക്കോഡ് ആയിരുന്നു അത്. നിര്‍മാണ സമയത്ത് 2500 എഞ്ചിനീയര്‍മാരും 75,000 തൊഴിലാളികളുമടങ്ങുന്ന ഒരു വന്‍ കൂട്ടായ്മയയെയാണ് അംബാനി നയിച്ചിരുന്നത്.
സ്ഥാപനം എത്ര വലുതായാലും ചെറുതായാലും തക്കതായ ആസൂത്രണം കൂടിയേ തീരൂ. അതിനുവേണ്ടുന്ന ങ്രമം അല്‍പ്പം കൂടിയാലും അത് പാഴ്വേലയാവില്ല. ”വെറും ആറുമണിക്കൂര്‍കൊണ്ട് ഞാന്‍ ഒരു മരം വെട്ടിമുറിച്ചു തരാം. പക്ഷേ അതില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ ചെലവിടുന്നത് എന്റെ മഴുവിന്റെ മൂര്‍ച്ച കൂട്ടാനായിരിക്കും”-അമേരിക്കന്‍ പ്രസിഡന്റായിരുന്ന മഹാനായ എബ്രഹാം ലിങ്കണിന്റെ വാക്കുകളാണിവ.
എന്തെല്ലാമാണ് ആസൂത്രണത്തിന്റെ മുഖ്യഘടകങ്ങള്‍? ആദ്യമായി അടിസ്ഥാന ദൗത്യ(മിഷന്)വും ബന്ധപ്പെട്ട ലക്ഷ്യങ്ങളും രൂപീകരിക്കുന്നു. തുടര്‍ന്ന് അവ നേടിയെടുക്കാനായി ആരെല്ലാം, എന്തൊക്കെ, എപ്പോള്‍, എങ്ങനെ ചെയ്തുതീര്‍ക്കണമെന്ന വ്യക്തമായ ധാരണയും പദ്ധതിയുമുണ്ടാക്കുന്നു. ഇതിനുവേണ്ടുന്ന സര്‍വവിവരങ്ങളും സ്വരൂപിക്കുക എന്നതാണ് അടുത്ത നടപടി. വിപണി, അതില്‍ ഉള്ളവരും ഉണ്ടാകാവുന്നവരുമായ എതിരാളികള്‍, ഉല്‍പ്പനങ്ങളും സേവനങ്ങളും എവിടെ എപ്പോള്‍ എങ്ങനെ എത്തിക്കണം, ബന്ധപ്പെട്ട സാങ്കേതിക വിദ്യകള്‍, ഇവയ്ക്കെല്ലാം വേണ്ടുന്ന മുതല്‍മുടക്ക് എന്നിവ അടങ്ങുന്ന വിപുലമായ വിവരശേഖരം സ്ഥാപനത്തിന്റെ ആദ്യത്തെ കൈമുതലായിരിക്കും.
കാര്യക്ഷമമായ ആസൂത്രണംകൊണ്ട് എന്തെല്ലാം നേടാം?
- വ്യക്തമായ ലക്ഷ്യങ്ങള്‍ രൂപീകരിക്കാനാവുന്നു.
- വിവിധതലങ്ങളിലുള്ള ആശയവിനിമയം എളുപ്പമാവുന്നു.
- മാറിവരുന്ന സാഹചര്യങ്ങളില്‍ വേണ്ടുന്ന തീരുമാനങ്ങളെടുക്കാനും വെല്ലുവിളികളെ നേരിടാനും കഴിയുന്നു.
- ധനം, മറ്റു വിഭവശേഷികള്‍ എന്നിവയുടെ സമാഹരണം കൂടുതല്‍ സുസാധ്യമാവുന്നു.
എങ്കിലും അനവധി നേട്ടങ്ങളെപ്പറ്റി പറയാനുണ്ട്. സര്‍വോപരി സ്ഥാപനത്തിന് മുന്നോട്ടുപോകാനുള്ള പാത നേരത്തെ നിശ്ചയിക്കപ്പെടുന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ ഗുണം.
പാത ഏതാണെന്ന ബോധം മേല്നിരയിലൊതുങ്ങാതെ എല്ലാ തട്ടിലുമുള്ള ജീവനക്കാരിലുമെത്തുകയാണെങ്കില് അത് അവരുടെ വ്യക്തിപരമായ വളര്‍ച്ചയ്ക്കും തദ്വാരാ സ്ഥാപനത്തിന്റെ കൂട്ടായ പുരോഗതിക്കും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: