ഒരുകാലത്ത് കുട്ടികളുടെ പ്രധാനപ്പെട്ട വിനോദങ്ങളില്‍ ഒന്നായിരുന്നു തപാല്‍ സ്റ്റാമ്പ് ശേഖരണം. ആല്‍ബത്തില്‍ പ്രത്യേകം തരംതിരിച്ച് അവ പതിപ്പിക്കും. കത്തെഴുത്തൊക്കെ സജീവമായിരുന്ന കാലത്തായിരുന്നു സ്റ്റാമ്പ് ശേഖരണം കൂടുതല്‍.
കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ അവര്‍ക്ക് കിട്ടുന്ന സ്റ്റാമ്പുകള്‍ സൂക്ഷിച്ചുവയ്ക്കണമെന്ന നിര്‍ദ്ദേശവും ഇക്കൂട്ടര്‍ നല്‍കും. അതൊക്കെ ഒരു കാലം. ഇനി നമുക്ക് ദീപ മെല്കോടെയെ പരിചയപ്പെടാം. 82 വയസ്സുണ്ട് ദീപയ്ക്ക്. തപാല്‍ സ്റ്റാമ്പുകള്‍ ഉപയോഗിച്ച് മനോഹരമായ കലാസൃഷ്ടികള്‍ നടത്തുകയാണ് ഇവരുടെ പ്രധാന വിനോദം. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നിരവധി കൊളാഷു(പല തുണ്ടുകള്‍ ഒട്ടിച്ചുണ്ടാക്കിയ ചിത്രം)കളാണ് ഇവര്‍ ഉണ്ടാക്കിയിരിക്കുന്നത്. ചരിത്ര സ്മാരകങ്ങള്‍, നൃത്തം ചെയ്യുന്ന പെണ്‍കുട്ടി, പുരാണ കഥാപാത്രങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ സ്റ്റാമ്പുപയോഗിച്ച് ചിത്രീകരിച്ചിട്ടുണ്ട്. വെറുതെ സ്റ്റാമ്പുകള്‍ ഒട്ടിച്ചുവച്ചിരിക്കുകയല്ല. പ്രത്യേകം വേര്‍തിരിച്ച്, ചെറുകഷ്ണങ്ങളായി മുറിച്ച് അതിനുശേഷം പശ തേച്ച് വൃത്തിയായി ഒട്ടിയ്ക്കും. പെയിന്റിങുപോലെ മനോഹരമായ സ്റ്റാമ്പ് കൊണ്ടുള്ള കൊളാഷുകള്‍ അങ്ങനെ രൂപപ്പെടുകയായി.
ദീപ, സ്റ്റാമ്പിനോട് ചങ്ങാത്തം കൂടിയതിന് പിന്നിലും ഒരു കഥയുണ്ട്. ഒരു ബ്രീട്ടീഷ് യുവതി സ്റ്റാമ്പുകള്‍ ഉപയോഗിച്ച് വീടിനു വേണ്ടി വാള് പേപ്പര്‍ തയ്യാറാക്കിയ കാര്യം ഒരു വാരികയിലൂടെ അറിയാന്‍ ഇടയായി. അതൊരു നല്ല ആശയമാണെന്ന് തോന്നി. ഉപയോഗശൂന്യമായ സ്റ്റാമ്പുകള്‍ കലാപരമായി ഉപയോഗിക്കാനുള്ള പ്രചോദനം അങ്ങനെയാണ് ലഭിച്ചത്. മാത്രമല്ല സ്റ്റാമ്പുകളുടെ നിറവും ആകര്‍ഷിച്ചതായി ദീപ പറയുന്നു. 1970 കളിലാണ് സ്റ്റാമ്പുകൊണ്ടുള്ള ചിത്രവേല ദീപ ആരംഭിക്കുന്നത്.
ഒരു കൊളാഷ് പൂര്‍ത്തിയാക്കണമെങ്കില്‍ തന്നെ ധാരാളം സ്റ്റാമ്പുകള്‍ വേണം. ദീപയുടെ മകന് നിഖിലേഷ് എട്ട് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് സ്റ്റാമ്പ് സമാഹരണം. പിന്നീട് ആ സ്റ്റാമ്പുകള്‍ ഉപയോഗിച്ച് ആരുകണ്ടാലും അത്ഭുതപ്പെട്ടുപോകുന്ന രൂപങ്ങള്‍ ദീപ സൃഷ്ടിച്ചെടുത്തു. ബെംഗളൂരിലെ ഇന്ദിരാനഗറിലാണ് താമസം.
തുന്നലാണ് മറ്റൊരു വിനോദം. റേഡിയോയിലൂടെ ഒഴുകിയെത്തുന്ന സംഗീതം ആസ്വദിച്ചാണ് തുന്നല്‍. സ്കൂള്‍ കുട്ടിയായിരുന്നപ്പോള്‍ തുടങ്ങിയ ഇഷ്ടം ഇന്നും കൈമോശം വന്നിട്ടില്ല. സുഹൃത്തുക്കള്‍ക്കുവേണ്ടി സാരിയില്‍ കര്‍ണാടകയുടെ പാരമ്പരാഗത ചിത്രത്തുന്നലായ കസൂതിയും മറ്റും ഡിസൈന്‍ ചെയ്യുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്നു.
ഐഎഎസ് ഓഫീസറായിരുന്നു ദീപയുടെ ഭര്‍ത്താവ്. ജോലിയുമായി ബന്ധപ്പെട്ട് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്റ്റാമ്പ് ശേഖരം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ദീപയും നിഖിലേഷും സദാ സജ്ജരായിരുന്നു. കേടുപാടുപറ്റിയതും ഉപയോഗ ശൂന്യവുമായ എല്ലാത്തരം സ്റ്റാമ്പുകളും ദീപ കൂടെക്കൂട്ടി. ഭര്‍ത്താവിന്റെ ഓഫീസിലെ ജീവനക്കാരും ദീപയുടെ ഇഷ്ടം മനസ്സിലാക്കി സ്റ്റാമ്പുകള്‍ ശേഖരിച്ചു നല്കി.
ചില ഘട്ടങ്ങളില്‍ പ്രത്യേക നിറത്തിലുള്ള സ്റ്റാമ്പിന്റെ അഭാവമുണ്ടായിട്ടുണ്ട്. പിന്നെ അതിനായുള്ള അന്വേഷണമാണ്. ഭര്‍ത്താവിന്റെ ഓഫീസിലെത്തുന്ന എല്ലാ തപാല്‍ കവറുകളും പരിശോധിക്കും. ആ നിറം കിട്ടുന്നതുവരെ അസാമാന്യമായ ക്ഷമയായിരുന്നു ദീപയ്ക്കുണ്ടായിരുന്നതെന്ന് മകന് നിഖിലേഷ് പറയുന്നു. മധുര മീനാക്ഷി ക്ഷേത്രം, തുങ്കഭദ്ര അണക്കെട്ട്, ഹൗറ പാലം, ബെംഗളൂര് വിധാന്‍ സൗധ തുടങ്ങിയവ സ്റ്റാമ്പുകള്‍ കൊണ്ടുണ്ടാക്കിയിട്ടുള്ള കൊളാഷുകളില് ചിലതാണ്.
കൊളാഷ് തയ്യാറാക്കുന്നതിന് മുന്നോടിയായി ചിത്രം വരയ്ക്കുന്നത് എളുപ്പമാണെന്ന് ദീപ പറയുന്നു. പിന്നെ അതിന് അനുയോജ്യമായ നിറത്തില്‍ സ്റ്റാമ്പുകള്‍ കിട്ടുന്നതുവരെയുള്ള കാത്തിരിപ്പാണ്. ആവശ്യത്തിന് സ്റ്റാമ്പുകള്‍ ലഭ്യമായാല്‍ അത് പൂര്‍ത്തിയാക്കുന്നതുവരെ വിശ്രമമില്ല. ക്ഷമയാണ് ഇത്തരത്തിലുള്ള കലാരൂപങ്ങള്‍ പഠിച്ചെടുക്കുന്നതിന് ആവശ്യമെന്നാണ് ദീപയുടെ അഭിപ്രായം.
കാലം മാറിയപ്പോള്‍ സ്റ്റാമ്പ് ശേഖരിക്കുന്നതില്‍ ആളുകള്‍ക്കുള്ള താല്പര്യവും കുറഞ്ഞു. ഈ വിനോദത്തെ പുനരുജ്ജീവിപ്പിക്കുയെന്ന ദൗത്യമാണ് ദീപയും മകന് നിഖിലേഷും സ്റ്റാമ്പ് ശേഖരണത്തില്‍ തല്പരരായ കുറച്ച് സുഹൃത്തുക്കളും ഏറ്റെടുത്തിരിക്കുന്നത്. 1975 ല്‍ രൂപികരിച്ച കര്‍ണാടക ഫിലാറ്റ്ലി സൊസൈറ്റി മുഖേന സ്റ്റാമ്പുകള്‍ സംബന്ധിച്ച വിജ്ഞാനം പ്രചരിപ്പിക്കുകയും സ്റ്റാമ്പ് ശേഖരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: