1970,80 ദശകങ്ങളില്‍ അമേരിയ്ക്കന്‍ ഐക്യനാടുകളില്‍ അതിഗംഭീരമായ ആഭ്യന്തരയുദ്ധം അരങ്ങേറുകയുണ്ടായി. സംസ്ഥാനങ്ങള്‍ തമ്മിലോ വൈരാഗ്യം മൂത്ത രാഷ്ട്രീയ കക്ഷികള്‍ തമ്മിലോ സംഭവിച്ചതല്ല. വിപണിയിലെ കിടമത്സരം കൊടുമ്പിരിക്കൊണ്ടുണ്ടായ ദ്വന്ദയുദ്ധമായിരുന്നു. കളത്തില്‍ പരസ്പരം കൊമ്പുകോര്‍ത്തത് ലോകപ്രശസ്ത ബ്രാന്‍ഡുകളായ കൊക്കക്കോളയും പെപ്സിയും. മൃദുപാനീയങ്ങളുടെ വിപണിയില്‍ ഒരു നൂറ്റാണ്ടിലേറെയായി ഏറ്റവും തലപ്പത്തായിരുന്നല്ലോ ഇരുവരും. പരസ്യങ്ങളുള്‍പ്പെടെ സര്‍വ്വ തന്ത്രങ്ങളും കുതന്ത്രങ്ങളുമുപയോഗിച്ചായിരുന്നു പയറ്റ്.
ഒരു ഘട്ടത്തില്‍ കൊക്കക്കോള വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു; ഉല്പാദനത്തിന്റെയും മാര്‍ക്കറ്റ് ഷെയറിന്റേയും കണക്കുകള്‍ അനുസരിച്ച്. പക്ഷെ, പിടിവാശിക്കാരായ പെപ്സിയുണ്ടോ കീഴടങ്ങുന്നു? പെപ്സിയെ കൂടാതെ ഫ്രിറ്റോലെ, ക്വേക്കര്‍ ഓട്ട്സ് മുതലായ ജനപ്രീതിയാര്‍ജ്ജിച്ച ബ്രാന്‍ഡുകള്‍ കൂടി കൈക്കലാക്കി അവര്‍ ശക്തമായി തിരിച്ചടിച്ചു. എങ്കിലും മാര്‍ക്കറ്റില്‍ ഏറെ പ്രിയമുള്ള കോക്ക് അന്നും ഇന്നും ഒന്നാം സ്ഥാനത്തുതന്നെയാണ്. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് എതിരാളികള്‍ രണ്ടും പരസ്പരം ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ ‘വെടിനിര്‍ത്തി’ സൗഹൃദം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും പല തട്ടകങ്ങളിലായി പല രൂപത്തിലും ഭാവത്തിലും ഈ ‘അങ്കംവെട്ട്’ ഇന്നും തുടരുന്നു.
വിപണിയില്‍ മത്സരം മൂക്കുമ്പോള്‍ ഇത്തരം സംഭവവികാസങ്ങള്‍ അസാധാരണമല്ല. യൂറോപ്പിലും മറ്റുപുറം രാജ്യങ്ങളിലും ഇതിന് സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഭാരതത്തില്‍ ആഗോളവല്കരണത്തിനുശേഷം വിപണി സ്വതന്ത്രവും സജീവവുമായതോടെയാണ് ഇത്തരം കിടമത്സരങ്ങള്‍ കൂടുതലുമുണ്ടായത്. ഓട്ടോമൊബൈല്‍ രംഗത്ത് മാരുതി ഒരു കളത്തിലും മറ്റു ബ്രാന്‍ഡുകള്‍ മറുകളത്തിലുമായി മല്‍പ്പിടുത്തം ഏറെക്കാലമായുണ്ടല്ലോ. അതുപോലെ മാധ്യമരംഗത്ത് പ്രത്യേകിച്ചും ടെലിവിഷന്‍, പത്ര മേഖലകളില്‍ എന്തുചെയ്തും ജനസ്വാധീനം പിടിച്ചുപറ്റാനുള്ള പോരാട്ടം അരങ്ങുതകര്‍ക്കുകയാണ്.
പ്രതികൂല സാഹചര്യങ്ങള്‍ പലപ്പോഴും മുന്‍കൂട്ടി അറിഞ്ഞോ അറിയാതെയോ പൊങ്ങിവരുന്നതാണ് ഇത്തരം ഉഗ്രന്‍ ‘വടംവലികള്‍’ക്ക് കാരണം. ആസൂത്രണം എത്ര കൃത്യമായാലും ഇത്തരം സന്ദര്‍ഭങ്ങളെ നേരിടാന്‍ സ്ഥാപനങ്ങള്‍ പുതിയ തന്ത്രങ്ങള്‍ ആവിഷികരിക്കേണ്ടി വരുന്നു. ആസൂത്രണം ചെയ്ത് മതിപ്പുണ്ടാക്കുന്ന ഗംഭീര പദ്ധതികള്‍ സൃഷ്ടിക്കാം. പക്ഷെ അതുകൊണ്ടായില്ല.
കാര്യക്ഷമമായും സമയബന്ധിതമായും അവ നടപ്പാക്കാനുള്ള തന്ത്രോപായങ്ങളും അതോടൊപ്പമില്ലെങ്കില്‍ പദ്ധതികള്‍ വെറും ‘കടലാസ് സ്വപ്ന’ങ്ങളായി മാറുന്നു. നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം ജനനന്മയ്ക്കായുള്ള എത്രയെത്ര പദ്ധതികളാണ് അവശ്യം വേണ്ട കര്‍മ്മ പരിപാടിയും ഇച്ഛാശക്തിയുമില്ലാതെ, ഫലപ്രാപ്തി കാണാതെ പോയത്!. കേരളത്തിലെ കല്ലട പദ്ധതി പൂര്‍ത്തിയാക്കാനെടുത്ത കാലദൈര്‍ഘ്യം- ഇരുപത് വര്‍ഷം ഈ മേഖലയില്‍ സര്‍വ്വകാല റെക്കോഡാണെന്ന് പറയപ്പെടുന്നു. തുടക്കം മുതല്‍ ‘ശനിദശ’യായിരുന്ന ശബരി റെയില്‍പാതയുടെ കാര്യം പിന്നെ പറയേണ്ടല്ലോ. ഇക്കഴിഞ്ഞ ദേശീയ ബജറ്റില്‍ ഈ പദ്ധതിയ്ക്ക് കാര്യമായ ഒരു തുക വകയിരുത്തിയിട്ടുണ്ട്. അതോടെ ‘റെയില്‍ ശബരി’ക്ക് ശാശ്വതമായ ശാപമോക്ഷം കിട്ടുമെന്ന് പ്രതീക്ഷിക്കാം.
ഏത് പദ്ധതിയും അത് നടപ്പാക്കാന്‍ പൂര്‍ണ ഉത്തരവാദിത്തമുള്ള ഒരു ‘ഉടമസ്ഥന്'(ഒന്നിലധികം പേരാവാം) വേണം; അനുബന്ധമായി ബലവും മൂര്‍ച്ചയുമുള്ള ഒരു കര്‍മ്മപരിപാടിയും വേണം. മുന്നോട്ടുകൊണ്ടുപോകാന്‍ ആര്‍ക്കൊക്കെയാണ് ചുമതല, എന്തൊക്കെ എത്ര സമയത്തിനകം ചെയ്തുതീര്‍ത്തിരിക്കണം എന്നിങ്ങനെ എല്ലാം അതിലുണ്ടാവണം; പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള തന്ത്രങ്ങള്‍ ഉള്‍പ്പെടെ. അത്തരം സാഹചര്യങ്ങള്‍ പലപ്പോഴും പ്രവചിക്കാനാവില്ല. ബിസിനസ്സിനെ സംബന്ധിച്ചിടത്തോളം ഏറെ ബാധകമായ ഒരു യാഥാര്‍ത്ഥ്യമാണ് ഇത്. ഒരുപക്ഷെ ബിസിനസില്‍ ദീര്‍ഘകാലാസൂത്രണത്തിന്റെ പ്രസക്തി കുറഞ്ഞുവരികയാണെന്ന് വേണം പറയാന്‍. പ്ലാനുകള്‍ തയ്യാറാക്കിവരുമ്പോഴേക്കും ചുറ്റുപാടുകള്‍ തലകീഴായി മറിയുന്നു, കണക്കൂകൂട്ടലുകള്‍ മുഴുവന്‍ തിരുത്തേണ്ടി വരുന്നു. അത്രയും പ്രകടമാണ് മാറ്റങ്ങളുടെ ഗതിവേഗം. ഇതിന്റെ വിശ്വവിഖ്യാതമായ ദൃഷ്ടാന്തമാണല്ലോ ആഗോളവല്കരണവും ഉദാരവല്കരണവും.
മറ്റെല്ലാ രാജ്യങ്ങളിലുമെന്നപോലെ ഭാരതത്തിലും ഇവയുടെ പ്രത്യാഘാതങ്ങള്‍ ‘ആഴത്തിലും വീതിയിലും’ അനുഭവപ്പെട്ടു; നല്ലതായും ചീത്തയായും നമ്മുടേത് പൊതു-സ്വകാര്യമേഖലകള്‍ കൂടിക്കലര്‍ന്ന് ഒരു മിശ്രിത വ്യവസ്ഥയാണല്ലോ അന്നും ഇന്നും. വ്യത്യസ്ത രീതികളിലാണ് രണ്ടിനേയും ആഗോളവല്‍ക്കരണം ബാധിച്ചത്. വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഭാരതത്തിലെ ഭീമന് വിപണി ഏതാണ്ട് മുഴുവന്‍ തുറന്നു കൊടുത്തതും ഇറക്കുമതി തീരുവകള്‍ വെട്ടിക്കുറച്ചതും നമ്മുടെ നിലവിലുള്ള വ്യവസ്ഥകളെ സാരമായി ബാധിച്ചു. എങ്കിലും പകരമായി മറുനാടന്‍ വിപണികള്‍ തുറന്നു കിട്ടിയതും ഗുണനിലവാരമുള്ള അവശ്യം വേണ്ട അസംസ്കൃത വസ്തുക്കളും യന്ത്രസാമഗ്രികളും കുറഞ്ഞ വിലയ്ക്ക് കിട്ടുമാറായി എന്നതും ഇവിടത്തെ വ്യവസായങ്ങള്‍ക്ക് ഒരുപാട് അനുഗ്രഹമായി.
അവയില്‍ പലതും പുതിയ സാഹചര്യങ്ങളെ വെല്ലുവിളിയായെടുത്ത് അവ ഉപയോഗിച്ചുതന്നെ വളര്ന്നുവലുതായെന്നത് ശ്രദ്ധേയമാണ്. ഐടി, ഓട്ടോമൊബൈല്‍ മുതലായ മേഖലകളില്‍ ഭാരതം കുതിച്ചു കയറിയത് അതുകൊണ്ടാണല്ലോ. എന്നാല്‍ സര്‍ക്കാര്‍ സബ്സിഡികളുടെയും ഏറെക്കുറെ കുത്തകയായിരുന്ന വിപണിയും നല്‍കിയിരുന്ന സുരക്ഷിത വലയത്തില്‍ അല്ലലറിയാതെ കഴിഞ്ഞിരുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും ആഗോളവല്‍ക്കരണം മൊത്തത്തില്‍ കിട്ടിയ കനത്ത പ്രഹരമായി. ഏറെ മുന്‍സൂചനകള്‍ ഉണ്ടായിരുന്നിട്ടും പുതിയ സാഹചര്യങ്ങളെ നേരിടാന്‍ അവര്‍ തയ്യാറായിരുന്നില്ലാ, എന്നതാണ് സത്യം. നഷ്ടത്തിലോ, നാമമാത്ര ലാഭത്തിലോ നടന്നിരുന്ന അവയില്‍ പലതും ഇന്നും ദുരവസ്ഥയില്‍നിന്നും പുറത്തുവന്നിട്ടില്ല.
ഒരു കാലത്ത് കേരളത്തിലെയെന്നല്ല, തെന്നിന്ത്യയിലെ തന്നെ വ്യവസായ നഭസ്സില്‍ ഒരു ഉജ്ജ്വല നക്ഷത്രമായി മിന്നിത്തിളങ്ങിയിരുന്ന ഫാക്ടിന്റെ കാര്യം തന്നെ എടുക്കാം. തൊണ്ണൂറുകളുടെ ആദ്യത്തില്‍ പുതുക്കിയ സാമ്പത്തികനയമനുസരിച്ച് ഫോസ്ഫാറ്റിക് വളങ്ങളുടെ സബ്സിഡി മുഴുവനായി എടുത്തുകളഞ്ഞതും ഇറക്കുമതി ഒഴിവാക്കാനായി ഭാരിച്ച മുതല്‍മുടക്കില്‍ (അറുനൂറു കോടിയില്‍ പരം രൂപ) 93-97 കാലഘട്ടത്തില്‍ കമ്മിഷന് ചെയ്ത പുതിയ അമോണിയാ പ്ലാന്റുമാണ് ഫാക്ടിനെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചതെന്ന് പറയപ്പെടുന്നു. അന്നത്തെ സാഹചര്യത്തില്‍ അനിവാര്യമായിരുന്ന പുതിയ സാമ്പത്തിക നയങ്ങളെപ്പറ്റിയും അവ സ്ഥാപനത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നും ഉന്നതങ്ങൡ ചുക്കാന്‍ പിടിച്ചിരുന്നവര്‍ക്ക് സാമാന്യബോധമുണ്ടായിരുന്നിരിക്കുമല്ലോ. അങ്ങനെ വ്യക്തമായ മുന്‍സൂചനകളുണ്ടായിട്ടും വേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ മാനേജുമെന്റും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും എടുത്ത തീരുമാനങ്ങള്‍ തല്ക്കാല നേട്ടങ്ങള്‍ മോഹിച്ചായിരിക്കാം.
എന്തായാലും അവ ദീര്ഘവീക്ഷണത്തില് വന്ന പടുകൂറ്റന്‍ പാളിച്ചകളായെന്ന് പില്ക്കാല ചരിത്രം തെളിയിക്കുന്നു.
പുതിയ സാഹചര്യങ്ങളുടെ വെല്ലുവിളികളെ സ്വയം തരണം ചെയ്യാനുള്ള ആര്‍ജ്ജവം ഫാക്ടിന് അന്നുണ്ടായിരുന്നു. ഇന്നും ശ്രമിച്ചാല്‍ ഉണ്ടാകാവുന്നതേയുള്ളൂ. ഫെഡോ (ഫാക്ട് എഞ്ചിനീയറിങ് ആന്‍ഡ് ഡിസൈന്‍ ഓര്ഗനൈസേഷന്), ഫ്യൂ( ഫാക്ട് എഞ്ചിനീയറിങ് വര്‍ക്സ്) എന്നീ വിഭാഗങ്ങളുടെ തിളക്കമാണ് പരിചയസമ്പത്തും പരിജ്ഞാനവും ഉപയോഗിച്ച്, ഉദാരവല്‍ക്കരണത്തിന്റെ ഫലമായി രാജ്യത്താകമാനം ഉയര്‍ന്നുവന്നിരുന്ന പല പ്രോജക്ടുകളിലും പങ്കാളിത്തം നേടിയെടുക്കാമായിരുന്നു. കൈമുതലായുള്ള വിഭവശേഷികള്‍ പ്രയോജനപ്പെടുത്താതെ സര്‍ക്കാരിന്റെ പിന്തുണയും സബ്സിഡിയും മാത്രം നോക്കിയിരുന്നുള്ള സങ്കുചിതമായ കാഴ്ചപ്പാടുമാണ് ഇന്നത്തെ ശോച്യാവസ്ഥയ്ക്ക് മുഖ്യകാരണമെന്ന് നിസ്സംശയം പറയാം.
ആഗോളവല്‍ക്കരണത്തേക്കാള്‍ എത്രയോ മടങ്ങ് അപ്രതീക്ഷിതമായിരുന്നല്ലോ കേന്ദ്രസര്‍ക്കാരിന്റെ ‘നോട്ട് അസാധുവാക്കല്‍’ പരിഷ്ക്കാരങ്ങള്‍. പ്രതിപക്ഷ കക്ഷികളും കൃഷി, വ്യവസായ പ്രതിനിധികളില്‍ ഒരു വിഭാഗവും കടുത്ത വിമര്‍ശനവും പ്രതിഷേധവുമായാണ് ഇതിനെ നേരിട്ടത്. അതിന്റെയൊക്കെ ശരിയും തെറ്റും ഇനിയും ദീര്‍ഘകാലം ചര്‍ച്ച ചെയ്യപ്പെടാം. പക്ഷെ ഇപ്പറഞ്ഞവരെല്ലാം ഉള്‍പ്പെടുന്ന രാജ്യത്തെ ഭൂരിഭാഗം സമൂഹവും പുതിയ സാഹചര്യങ്ങളുമായി ഇതിനകം ഇണങ്ങിച്ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു. കാലഗതിയുടെ ചുവരെഴുത്തുകള്‍ കണ്ട് സ്വയം മാറാന്‍ ജനതയുടെ ഭൂരിഭാഗവും ഇന്ന് സജ്ജമാണ്. ഉന്നത നേതൃത്വത്തിന്റെ സൂക്ഷ്മമായ ദീര്‍ഘവീക്ഷണവും ബിസിനസ്സുള്പ്പെടെ സമ്പദ്വ്യവസ്ഥയിലെ വിവിധഘടകങ്ങളുടെ സര്‍ഗ്ഗാത്മക പ്രതികരണവും തന്ത്രാവിഷ്കാരവുമാണ് ഇത് സാധ്യമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: