‘വിദ്യാര്‍ത്ഥി ചരിത്രം തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല’ എന്നാര്‍ത്ത് വിളിക്കുമ്പോഴും സമരങ്ങള്‍ എട്ടു നിലയ്ക്ക് പൊട്ടുന്നത് നാം കണ്ടതാണ്. എന്നാല്‍ തിരുവനന്തപുരം ലോ അക്കാദമി സമരം പുതിയൊരു ചരിത്രം കുറിച്ചു. പ്രതിഷേധത്തിനു മുന്നില്‍ അധികൃതര്‍ മുട്ടുമടക്കി.
തങ്ങളില്ലാതെ ഒരു സമരവും വിജയിപ്പിക്കാനാവില്ലെന്ന് വമ്പു പറഞ്ഞ് നടന്നിരുന്ന എസ്എഫ്ഐക്കാര്‍ വിദ്യാര്‍ത്ഥി ഐക്യത്തിനുമുന്നില്‍ കൂപ്പുകുത്തി. കൊടിയ മാനസിക പീഡനങ്ങള്‍ക്കും അടിച്ചമര്ത്തലുകള്ക്കുമൊടുവില് അക്കാദമിയില്‍ നിന്നുമുയര്‍ന്ന സമരക്കൊടുംങ്കാറ്റില് അക്കാദമി മാനേജ്മെന്റ് മാത്രമല്ല ഇടത് സര്‍ക്കാരും വിറങ്ങലിച്ചു. അക്രമ സമരങ്ങളിലൂടെ കലാലയങ്ങളെ അടക്കിവാണിരുന്ന എസ്എഫ്ഐ വിദ്യാര്‍ത്ഥി ഐക്യത്തിന്റെ ശക്തിക്കുമുന്നില്‍ അടിപതറി. ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ആ വിദ്യാര്‍ത്ഥി ഐക്യ സമരത്തിന്റെ വിജയഗാഥയിലൂടെ………..
ജിഷ്ണു പ്രണോയിയിലൂടെ ഉയര്‍ന്ന സമരാഗ്നി
ഫെബ്രുവരി പത്തിനാണ് നെഹ്റുകോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള ക്യാമ്പയിനുകള്‍ അക്കാദമിയില്‍ വിവിധ രാഷ്ട്രീയ സംഘടനകള്‍ തീരുമാനിച്ചത്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ ഫോണില്‍ വിളിച്ച് അനുവാദം വാങ്ങിയപ്പോള്‍ അക്കാദമിയിലെ കാര്യങ്ങള്‍ സംസാരിക്കരുതെന്ന താക്കീതില്‍ അനുമതി നല്കി. എന്നാല്‍ അറ്റന്‍ഡന്‍സിന്റേയും ഇന്റേണല്‍മാര്‍ക്കിന്റെയും വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ കോളേജ് കൂട്ടമണിയടിച്ച് വിട്ടു. ഇതോടെ എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ച് പ്രതിഷേധ മുദ്രാവാക്യം മുഴക്കി. ഇതായിരുന്നു ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി ഐക്യത്തിന്റെ ആരംഭം. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ദുരവസ്ഥ സംഘടനകളിലെ വനിതാ പ്രവര്‍ത്തകര്‍ അറിയിച്ചതോടെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളെയും ഒപ്പം കൂട്ടി. വിദ്യാര്‍ത്ഥി ചര്‍ച്ചയില്‍ സംയുക്ത സമരത്തിന്റെ കാഹളം മുഴങ്ങി.
രാപകല്‍ സമരത്തില്‍ തുടങ്ങി നിരാഹാരത്തിലേക്ക്
ഫെബ്രുവരി 11 ന് കെഎസ്യു, എംഎസ്എഫ്, എഐഎസ്എഫ് എന്നീ സംഘടനകള്‍ സഖ്യത്തോടെ സമരം ആഹ്വാനം ചെയ്ത് മടങ്ങി. ഈ സമയം അക്കാദമി ഭരണ സമിതി അംഗം നാഗരാജനെ കാണാനെത്തിയ സംയുക്ത സമരസമിതിയെ ആക്ഷേപിച്ച് ഇറക്കി വിട്ടു. ഇതോടെ എബിവിപി കോളേജിനുമുന്നില്‍ രാപകല്‍ സമരം ആരംഭിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ കോളേജില്‍ ആരും ഇല്ലാത്ത സമയം നോക്കി എസ്എഫ്ഐ അക്രമം നടത്തി. സമരം കഴിഞ്ഞ് പുറത്തേക്ക് വരവേ എബിവിപിയുടെ സമരപ്പന്തല്‍ അക്രമിച്ച് നശിപ്പിച്ചു. ഇതോടെ വിദ്യാര്‍ത്ഥി ഐക്യം എബിവിപിയുടെ സമര പാതയിലേക്ക് തിരിഞ്ഞു. വിദ്യാര്‍ത്ഥി ഐക്യത്തിന്റെ നേതൃത്വത്തില്‍ എബിവിപി, കെഎസ്യു, എംഎസ്എഫ്, എഐഎസ്എഫ് സംഘടനകളുടെ നിരാഹാര സമരം ആരംഭിച്ചു.പിന്നാലെ എസ്എഫ്ഐയും നിരാഹാര സരമം തുടങ്ങി.
ഹോസ്റ്റലിലെ പെമ്പിളൈ ഒരുമൈ
മൂന്നാറിലെ പെമ്പിളൈ ഒരുമയെ അനുസ്മരപ്പിക്കും വിധമാണ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ സമരരംഗത്തേക്ക് കടന്നുവന്നത്. 16-ാം തീയതി ഹോസ്റ്റലിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ പോലീസിനോട് ഞങ്ങള്‍ അഞ്ച് വര്‍ഷത്തെ കാശടച്ചതിനാല് ഞങ്ങള്‍ക്ക് പ്രവേശിക്കാനാകുമെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ കടന്നതായിരുന്നു ആദ്യ സമരവിജയം. അക്കാദമിയിലെ പെണ്‍പടക്കും സമരപ്പന്തല്‍ ഉയര്‍ന്നു. പിന്നീടങ്ങോട്ട് ലക്ഷ്മിനായരെ രാജി വയ്പ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു വിദ്യാര്‍ത്ഥി ഐക്യം.
ബിജെപിയുടെ സര്‍ജിക്കല്‍ അറ്റാക്ക്
നിരവധി പരാതികള്‍ യൂണിവേഴ്സിറ്റിക്കും പട്ടികജാതി കമ്മീഷനും പോലീസിനും വിവിധ കമ്മീഷനുകള്‍ക്കും നല്‍കിയെങ്കിലും സമരം അനന്തമായി നീണ്ടു. ഈ സമയത്താണ് എബിവിപിയുടെ യൂണിറ്റ് വൈസ് പ്രസിഡന്റും അന്തരിച്ച ബിജെപി നേതാവ് ബി.കെ.ശേഖറിന്റെ മകളുമായ ഗൗരി കല്യാണി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെ ഫോണില്‍ കാര്യങ്ങള്‍ ധരിപ്പിക്കുന്നത്. ജനുവരി 24ന് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കോളേജിലേക്കുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വി. മുരളീധരന് 48 മണിക്കൂര്‍ ഉപവസിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ സമരം വഴിത്തിരിവിലായി. 25 ന് രാവിലെ അക്കാദമിക്ക് മുന്നില്‍ വി.മുരളീധരന് ഉപവാസം ആരംഭിച്ചു. പ്രശ്ന പരിഹാരമുണ്ടാകാത്തതിനാല്‍ 27 ന് വി.മുരളീധരന് അനിശ്ചിതകാല നിരാഹാരത്തിലേക്ക് കടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രഖ്യാപിച്ചു. ഇതോട മാധ്യമങ്ങളുടെ കണ്ണുകള്‍ ലോഅക്കാദമിയലേക്ക് എത്തി. കേരളരാഷ്ട്രീയത്തിലെ ചര്‍ച്ചകളില്‍ ലോഅക്കാദമിയായി. സിപിഐ യുവജന സംഘടനായ എഐഎസ്എഫും ഉപവാസ സമരം ആരംഭിച്ചു. വിഷയം സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുവരെ സമരപ്പന്തലിലെത്തേണ്ടി വന്നു.
എസ്എഫ്ഐയുടെ ഒളിച്ചോട്ടം
വിദ്യാര്‍ത്ഥികളുടെ പരാതി സ്വീകരിച്ച സിന്‍ഡിക്കേറ്റ് പ്രശ്നത്തെകുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഉപസമതി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. സിപിഎം ഒറ്റകെട്ടായിനിന്ന് ലക്ഷ്മി നായര്‍ക്കെതിരെയുള്ള നടപടിയെ തടഞ്ഞു. അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ ചുമതലകളില്‍ നിന്ന് ഒഴിവാക്കുക എന്ന നടപടി മാത്രം കൈക്കൊണ്ടു. ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയോട് ഇടപടാനും വിസിയോട് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. ബിജെപി കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നുവെന്ന് മനസ്സിലാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി അക്കാദമി മാനേജ്മെന്റിനെ എകെജി സെന്ററില്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. 30 ന് മാനേജ്മെന്റ് രണ്ട് വട്ടം വിദ്യാര്‍ത്ഥി ഐക്യവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. 31 ന് ബിജെപി നടത്തിയ സമരത്തില്‍ പോലീസ് അക്രമം അഴിച്ചുവിട്ടു. ഇതോടെ മാനേജ്മെന്റ് വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറായി. ലക്ഷ്മിനായര്‍ അഞ്ച് വര്‍ഷത്തേക്ക് മാറിനില്കുമെന്ന ന്യായം പറഞ്ഞ് എസ്എഫ്ഐ സമരത്തില്‍ നിന്ന് ഒളിച്ചോടി. വിദ്യാര്‍ത്ഥി ഐക്യം അപ്പോഴും സമരത്തില്‍ ഉറച്ചുനിന്നു.
അനന്തപുരി കാണാത്ത സമരവും പോലീസ് തേര്‍വാഴ്ചയും
ജനുവരി 31 മുതല്‍ പേരൂര്‍ക്കടയിലെ സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. പോലീസ് അക്രമത്തില്‍ 70 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കെ. സുരേന്ദ്രന്, വി.വി. രാജേഷ് ഉള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. നിരവധിപേര്‍ക്കെതിരെ പോലീസ് കേസെടുത്ത് ജയിലിലടച്ചു. ഇതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി ഒന്നിന് ബിജെപി മാര്‍ച്ച് നടത്തി. മാര്‍ച്ചിനെ ഗ്രനേഡും കുപ്പിയും കല്ലും ലാത്തിയും കൊണ്ട് പോലീസ് നേരിട്ടു. വി. മുരളീധരന്റെ സമരപ്പന്തലിന് നേരെ എറിഞ്ഞ ഗ്രനേഡ് പൊട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. മാധ്യമ പ്രവര്‍ത്തകരെപ്പോലും പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. എന്നിട്ടും സമര പന്തലിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി.
എട്ട് ദിവസം നിരാഹാര സമരം പിന്നിട്ട വി. മുരളീധരന്റെ ആരോഗ്യ സ്ഥിതി മോശമായി. ആശുപത്രിയിലേക്ക് മാറണമെന്ന നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് അധികൃതര്‍ ബിജെപി നേതൃത്വത്തെ അറിയിച്ചു. വി. മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റാനും പകരം വി.വി. രാജേഷ് നിരാഹാരം തുടരാനും സമരം കൂടുതല്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇതിനിടയില്‍ സ്ഥലം എംഎല്‍എ കെ.മുരളീധരന് ഫെബ്രുവരി രണ്ടിന് നിരാഹാരം ആരംഭിച്ചു. നിരവധി തവണ എബിവിപി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി ഐക്യത്തിലെ നിരാഹാരം കിടന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സ്ഥിതി മോശമായി. പകരം വിദ്യാര്‍ത്ഥികള്‍ സമരം തുടര്‍ന്നു. ഒപ്പം നിയമപരമായ പോരാട്ടങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്കി.
ഭീഷണിയും അപമാനിക്കലും; തളരാതെ പെണ്‍കരുത്തും
എസ്എഫ്ഐ പിന്മാറിയിട്ടും സമരം കൂടുതല്‍ ശക്തി പ്രാപിച്ചതോടെ സിപിഎം അനുയായികളും മാനേജ്മെന്റും വിദ്യാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ എസ്എഫ്ഐ നേതാക്കളും മാനേജ്മെന്റ് സഹയാത്രികരും പെണ്‍കുട്ടികളെ അധിക്ഷേപിച്ചു. സോഷ്യല്‍ മീഡിയകള്‍ വഴി ചിത്രങ്ങളും കമന്റുകളും ഇട്ട് മനോവീര്യം തകര്‍ക്കാന്‍ ശ്രമിച്ചു. മാനേജ്മെന്റും സിപിഎം പ്രവര്‍ത്തകരും കുട്ടികളുടെ വീടുകളിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി. ആദ്യം സമരത്തെ എതിര്‍ത്ത രക്ഷിതാക്കള്‍പോലും പെണ്മക്കളുടെ ആവശ്യങ്ങളും അവര്‍ സഹിച്ച കഷ്ടപ്പാടുകളും അറിഞ്ഞപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്കി.
സര്‍ക്കാരും സിന്‍ഡിക്കേറ്റും ചതിച്ചപ്പോള്‍
കേരളത്തിലെ ഒരുപാട് വിഷയങ്ങള്‍ക്കിടയിലെ ചെറിയ വിഷയം മാത്രമാണ് ലോ അക്കാദമിയിലേതെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ പറഞ്ഞു. സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി വീണ്ടും സിന്‍ഡിക്കേറ്റിന് തന്നെ കൈമാറി. മുഖ്യമന്ത്രി സമരത്തെ കണ്ടില്ലെന്ന് നടിച്ചു. ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി മാനേജ്മെന്റ് പ്രതിനിധിയെപ്പോലെ പെരുമാറി. മാനേജ്മെന്റിന് വേണ്ടി സര്‍ക്കാരും സിപിഎമ്മും വാദിച്ചു. ഫെബ്രുവരി ആറിന് ക്ലാസ്സ് തുടങ്ങുമെന്ന് മാനേജ്മെന്റും ക്ലാസ്സില്‍ കയറുമെന്ന് എസ്എഫ്ഐയും പ്രഖ്യാപിച്ചു. തടയുമെന്ന് വിദ്യാര്‍ത്ഥി ഐക്യം നിലപാടെടുത്തതോടെ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചു. അക്കാദമി വിഷയം ചര്‍ച്ചചെയ്യാന്‍ ഫെബ്രുവരി ആറിന് ചേര്‍ന്ന സിന്‍ഡിക്കേറ്റിന്റെ പ്രത്യേക യോഗത്തില്‍ ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിച്ച് പ്രിന്‍സിപ്പലിനെതിരെയുള്ള നടപടിക്കെതിരെ വോട്ട് ചെയ്യിപ്പിച്ച് വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു. എബിവിപി 48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
സമരം ജീവന്മരണ പോരാട്ടത്തിലേക്ക്
ഫെബ്രുവരി ആറിന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നിലപാടെടുത്തതോടെ സമരം ജീവന്മരണ പോരാട്ടമായി മാറി. ഫെബ്രുവരി ഏഴിന് രാവിലെ മുതല്‍ സമരപ്പന്തലുകളില്‍ ചര്‍ച്ചകള്‍ സജീവമായി. കെഎസ്യുവിന്റെ നേതൃത്വത്തില്‍ അനധികൃത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കും ഹോട്ടലും അടപ്പിച്ചു. ബലിദാനി ആയാലും തന്റെ കുടുംബത്തിന് പ്രസ്ഥാനം ഉണ്ടാകുമെന്ന കാഴ്ചപ്പാടില്‍ ജീവന്മരണ പോരാട്ടം നടത്താന്‍ ഉറച്ച എബിവിപി പ്രവര്ത്തകന് ഷിമിത് ഉച്ചയ്ക്ക് രണ്ട് മണിയോടെ പേരൂര്‍ക്കട ജങ്ഷനിലെ ആല്മരത്തിന് മുകളില്‍ കയറി ആത്മഹത്യക്ക് ഒരുങ്ങി. ജില്ലാ ഭരണകൂടം ഇടപെട്ട് സര്‍ക്കാരുമായി ചര്‍ച്ച നടത്തി. നാല് മണിക്കൂറിന് ശേഷം ഷിമിത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതായും നടപടി സ്വീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
സര്‍ക്കാരിനെയും മാനേജ്മെന്റിനെയും മുട്ടുകുത്തിച്ചു
എബിവിപി പ്രവര്ത്തകന് ഷിമിത്തിന്റെ ആത്മഹത്യാശ്രമം ഉണ്ടായതോടെ സര്‍ക്കാര്‍ ഒത്തു തീര്‍പ്പിന് തയ്യാറായി. കേരളം മുഴുവന്‍ സമരം വ്യാപിക്കുെമന്ന് ഭയന്ന സര്‍ക്കാര്‍ കാബിനറ്റില്‍ വിഷയം ചര്‍ച്ചയ്ക്കെടുത്തു. സമരം ഒത്തു തീര്‍പ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തി. ലക്ഷ്മി നായര്‍ ഇനി കോളേജില്‍ പ്രിന്‍സിപ്പലായി തുടരരുതെന്ന ആവശ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ച് നിന്നു. ആ നിശ്ചയ ദാര്‍ഢ്യത്തിനുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കിയതായും അക്കാദമിക് യോഗ്യതയുള്ള പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്നും അതിന് വിരുദ്ധമായി നടപടി ഉണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ എഴുതി ഒപ്പിട്ട് നല്കി. വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചു. ആ കരാര്‍ വിദ്യര്‍ത്ഥി സമരത്തില്‍ പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
സമരം അവസാനിച്ചു, പക്ഷെ പോരാട്ടം അവസാനിക്കില്ല
പ്രിന്‍സിപ്പലിനെ മാറ്റിയതോടെ സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ എത്തി. എന്നാല്‍ പോരാട്ടം അവസാനിക്കില്ല. ലക്ഷ്മി നായര്‍ക്കെതിരെയുള്ള പരാതികളും നിയമ പോരാട്ടവുമായി വിദ്യാര്‍ത്ഥി ഐക്യം മുന്നില്‍തന്നെ ഉണ്ടാകും. ലക്ഷ്മി നായര്‍ക്കെതിരെയുള്ള നിയമപോരാട്ടം ഒറ്റകെട്ടായിത്തന്നെ മുന്നോട്ട് കൊണ്ട് പോകാനാണ് വിദ്യാര്‍ത്ഥി ഐക്യത്തിന്റെ തീരുമാനം.
അക്ഷരാര്‍ത്ഥത്തില്‍ ലക്ഷ്മി നായര്‍ ലക്ചറര്‍ ആയി അക്കാദമിയില്‍ എത്തുന്നതുമുതലാണ് അക്കാദമി ഭരണം ഏകാധിപത്യത്തിലേക്ക് മാറിയത്. 2005 ല്‍ ലക്ചറര്‍ ആയിരുന്ന സമയത്ത് ലക്ഷ്മി നായര്‍ക്കെതിരെ പരാതി പറഞ്ഞതിന് വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ വിട്ട് ആക്രമിച്ച സംഭവം ഉദാഹരണം. അറ്റന്‍ഡന്‍സും ഇന്റേണലും പ്രിന്‍സിപ്പല്‍ നേരിട്ട് നല്‍കും. ഇഷ്ടമല്ലാത്ത വിദ്യാര്‍ത്ഥികളോട് ക്രൂരമായി പെരുമാറും. ദളിത് വിഭാഗങ്ങളോട് കടുത്ത അവഗണന. ഹോസ്റ്റലിലെ കുളിമുറിക്ക് സമീപം വരെ ക്യാമറകള്‍. രക്ഷിതാക്കളുടെ മുന്നില്‍ വച്ചുപോലും വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുകയും രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. എല്ലാ അതിക്രമങ്ങള്‍ക്കും എസ്എഫ്ഐ നേതാക്കളുടെ ഒത്താശയും.
ലോ അക്കാദമി സമരത്തിന്റെ വിജയം സമാനതകളില്ലാത്തതാണ്. അഴിമതിയും ഏകാധിപത്യവും ജാതിവെറിയും എല്ലാം ഒത്തു ചേര്‍ന്ന ഒരു മാനേജ്മെന്റിനെതിരെ സംഘടിത ശക്തി നേടിയ തിളക്കമുള്ള വിജയം. ഐക്യത്തോടെയുള്ള, സത്യസന്ധമായ കൂട്ടായ്മകള്‍ക്ക് വലിയ മാറ്റം കൊണ്ടുവരാനാകുമെന്നതിന്റെ അവസാനത്തെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാണത്. എസ്എഫ്ഐ പിന്നില്‍ നിന്നു കുത്തിയിട്ടും വിജയം വരിച്ചത് ആ സത്യസന്ധതയും ആത്മാര്‍ത്ഥതയും മൂലമാണ്. വിദ്യാര്‍ത്ഥി സംഘടനാ സമര ചരിത്രത്തിലെ സുവര്ണ്ണാധ്യായമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: