കൊടുവായൂര്‍ : ടൗണില്‍ സിപിഎമ്മുകാരുടെ അഴിഞ്ഞാട്ടത്തില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ അക്രമം. ആല്‍ത്തറയിലെ ഗണപതിക്ഷേത്രവും അക്രമത്തിന് ഇരയായി.
ഹൈസ്കൂളിലെ വിദ്യാര്‍ഥി പ്രശ്നത്തില്‍ സിപിഎമ്മിന്റെ അനധികൃത ഇടപെടലാണ് തികച്ചും സമാധാനാന്തരീക്ഷമുണ്ടായിരുന്ന കൊടുവായൂരില്‍ സംഘര്‍ഷത്തിലെത്തിച്ചത്. വെള്ളിയാഴ്ച രാവിലെ സ്കൂള്‍ പരിസരത്ത് കൊടിമരം വെക്കുന്നതിനെചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. സ്കൂളില്‍ സംഘടനാ പ്രവര്‍ത്തനമാകാമെന്നും എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അരുതെന്നും വര്‍ഷങ്ങള്‍ക്കുമുമ്പ് പിടിഎ തീരുമാനമെടുത്തിരുന്നു.
ഇതിന് വിപരീതമായി എസ്എഫ്ഐ അംഗത്വ പ്രചരണവും കൊടിമരം സ്ഥാപിക്കുവാനും മുന്നോട്ടുവന്നു. തുടര്‍ന്ന് ഉടലെടുത്ത പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് ആര്‍എസ്എസ് ബിജെപി നേതാക്കള്‍ സിപിഎം നേതാക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെയായിരുന്നു ഡിവൈഎഫ്ഐ അക്രമണം.
ബിജെപിയുടെ കൊടിമരങ്ങളും കൊടികളും ഫഌക്സും വ്യാപകമായി നശിപ്പിച്ചു. കൊടുവായൂരില്‍ വീണ്ടൂം സംഘര്‍ഷം തുടങ്ങുവാനായിരുന്നു സിപിഎമ്മിന്റെ നീക്കം. ഇന്നലെ ഇവര്‍ നടത്തിയ പ്രകടനവും അക്രമത്തിലാണ് കലാശിച്ചത്. പ്രകടനത്തിനിടെ കടകള്‍ക്കുനേരെയും അക്രമമുണ്ടായി. ആല്‍ത്തറ വിനായകക്ഷേത്രത്തിനു നേരെ കല്ലേറുണ്ടായി. ഇതിനിടെ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണന്(32), മോഹനന്(35) എന്നിവര്‍ക്ക് പരിക്കേറ്റു.
ഓട്ടോറിക്ഷയും ബൈക്കും സിപിഎമ്മുകാര്‍ തല്ലിതകര്‍ത്തു. പച്ചക്കറിവ്യാപാരി മണികണ്ഠന്റെ നാലുചക്രവണ്ടിയില്‍ രണ്ടെണ്ണവും നശിപ്പിച്ചു. കൊടുവായൂരിലെ തുണിക്കടയില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി ദിലീപും അക്രമത്തിനിരയായി. സിപിഎമ്മുകാരുടെ അക്രമത്തില്‍ ഭയന്ന് വ്യാപാരികള്‍ കടകള്‍ തുറന്നില്ല ഇതിനെതിരെ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.ശിവരാജന്റെ നേതൃത്വത്തില്‍ പുതുനഗരം പോലീസില്‍ പരാതി നല്കി.
അനുമതിയില്ലാതെ പ്രകടനം നടത്തിയത്തിന്റെ പേരില്‍ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, ആലത്തൂര്‍ ഡിവൈഎസ്പി, കുഴല്‍മന്ദം ആലത്തൂര്‍, പുതുനഗരം, ചിറ്റൂര്‍ എന്നിവിടങ്ങളിലെ എസ്ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൊടുവായൂരിലെ സിപിഎം അക്രമത്തില്‍ അര്‍എസ്എസ് ജില്ലാ കാര്യകാരി പ്രതിഷേധിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കൊടുവായൂര്‍ പഞ്ചായത്തില്‍ ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പോലീസ് വാഹനപരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ ശക്തമായ ഇടപെടലാണ് അനിഷ്ട സംഭവങ്ങള്‍ക്ക് തടയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: