അന്‍പതുകളുടെ ആദ്യപാദത്തിലെത്തുമ്പോഴേക്കും പൊന്‍കുന്നം വര്‍ക്കി നക്ഷത്രശോഭയുള്ള എഴുത്തുകാരനായി പ്രതിഷ്ഠ നേടിയിരുന്നു. കഥകളും നാടകങ്ങളും സാമൂഹ്യ വിചാരണകളിലൂടെ നിലവിലിരുന്ന വ്യവസ്ഥിതിയിലെ അനീതികളെയും കാപട്യങ്ങളെയും ദുരാചാരങ്ങളേയും അതിനിശിതമായി വിമര്‍ശിച്ചിരുന്നു.
അധികാരി വൃന്ദത്തിനും സഭാസമൂഹത്തിനും ഒരുപോലെ അദ്ദേഹം അനഭിമതനായെങ്കിലും സന്ധിയില്ലാത്ത കലാപത്വരയുടെ പേരില്‍ പുരോഗമന ചിന്താഗതിക്കാരായ സാമാന്യ സമൂഹത്തിന്റെ പിന്‍ബലം നേടിയിരുന്നു. പൊന്‍കുന്നം വര്‍ക്കിയുടെ രചനയില്‍ ഒരു മലയാള ചലച്ചിത്രം ഒരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് തങ്ങള്‍ ആ ചിത്രത്തെ ഉറ്റുനോക്കിയതെന്ന് പ്രശസ്ത ചലച്ചിത്ര വിചാരകനായ സിനിക്ക് (എം.വാസുദേവന്‍ നായര്‍) എഴുതിക്കണ്ടു.
”ചൂഷകന്മാരും ചൂഷിതരുമായി വടംവലിയും സംഘട്ടനവും മുറയ്ക്കു നടക്കുന്ന ഈ കാലഘട്ടത്തില്‍ മര്‍ദ്ദിതരും അവശരുമായ കര്‍ഷകര്‍ക്കും ആര്‍ത്തരും ആലംബഹീനരുമായ മറ്റു ചൂഷിതവര്ഗ്ഗക്കാര്ക്കും മാതൃകാപാഠമായി ഒരു ‘നവലോകം’ ഉയര്‍ത്തിക്കാട്ടാന്‍ പരിശ്രമിക്കുന്ന ചിത്രമായി നവലോകം എന്നാണവര്‍ പ്രതീക്ഷിച്ചത്.
”സമുദായത്തില്‍ കാണുന്ന അനാശാസ്യമായ നിമ്നോന്ന നിലകളെ ഇല്ലായ്മ ചെയ്യാനുള്ള ഉപായങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് കഥ; ആ ജീവല്‍ പ്രശ്നമെടുത്തു കൈകാര്യം ചെയ്യുന്നതോ പൊന്‍കുന്നം വര്‍ക്കിയും. പുരോഗമനോന്മുഖമായി തീക്ഷ്ണതയോടെ പറയാറുള്ള ആ തൂലിക കഥാരചനയിലും സംഭാഷണത്തിലും വിജയിച്ചിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. പാടത്തെ ചെളിയല്ല വീട്ടിലെ പട്ടിണിയിലും കറയേല്‍ക്കാതെ, ഒളി മങ്ങാതെ നില്ക്കുന്ന കര്‍ഷകന്റെ സ്വഭാവ നൈര്‍മല്യവും സ്നേഹശീലവും അവയുടെ ദീപ്തിയില്‍ അവസാനം കറനീങ്ങി ശോഭിക്കേണ്ടിവരുന്ന പട്ടണത്തിന്റെ ഡംഭും പണത്തിന്റെ പ്രതാപവും മറ്റും നിറഞ്ഞ ഒരു ‘അരയുട്ടോപ്യ’ കണ്ട് മനം കുളിര്‍പ്പിച്ച് മടങ്ങാമെന്നുറച്ചാണ് സിനിക്ക് ‘നവലോകം’ കാണാന്‍ കച്ചകെട്ടിയിറങ്ങിയത്.
”എന്നിട്ടോ?”
ഈയൊരാമുഖക്കുറിപ്പോടെയാണ് സിനിക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ചിത്രശാല’ എന്ന പംക്തിയില്‍ ‘നവലോകം’ ചിത്രത്തെ അധികരിച്ചുള്ള വിചാരണ ആരംഭിച്ചത്.
പ്രോലിറ്റേറിയന്‍ സാഹിത്യം എന്ന പേരില്‍ അടയാളപ്പെടുത്തപ്പെട്ട പ്രമേയ പ്രകൃതത്തിന്റെ മലയാള സിനിമയിലെ ആദ്യ സ്പര്‍ശത്തെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന സിനിക്കിനും പ്രേക്ഷക സമൂഹത്തിനും നിരാശയാണ് ചിത്രം സമ്മാനിച്ചത്.
ചൂഷകവര്‍ഗ്ഗവും ചൂഷിതവര്‍ഗ്ഗവും കഥയിലുണ്ട്. വര്ഗ്ഗസമരത്തിന്റേതായി ആരോപിക്കാവുന്ന തീപ്പൊരി പറക്കേണ്ട സന്ദര്‍ഭങ്ങളുമുണ്ട്. എന്നാല്‍ അവയെ ഭാവോജ്ജ്വലമായ വിരുത്തത്തിലേക്ക് വളര്‍ത്തി ആവാഹിച്ചെടുക്കുന്നതിനു പകരം സിനിമയ്ക്കും അതിന്റെ ജനപ്രീതിയ്ക്കും ആവശ്യമെന്ന് പ്രമേയഗാത്രത്തില്‍ ഇടകലര്ത്തുന്നതിലായി ശ്രദ്ധ. അത് ചിത്രത്തിനുണ്ടാവേണ്ട ഓജസ്സിനെ നിര്‍വീര്യമാക്കി; ചിത്രത്തെ നിര്‍ജ്ജീവമാക്കി.
ധനാഢ്യനായ കൊച്ചു മുതലാളിയും അയാള്‍ക്കെതിരായി കര്‍ഷകരെ സംഘടിപ്പിക്കുന്ന യുവനേതാവുമാണ് മുഖ്യ കഥാപാത്രങ്ങള്‍; പ്രതിനായകന് അകമ്പടിയായി സന്ദര്ഭബോധമില്ലാതെ ഹാസ്യം ഗോഷ്ഠി പരുവത്തില്‍ ഛര്‍ദിക്കുന്ന കാര്യസ്ഥനും. കൊച്ചങ്ങുന്നും കാര്യസ്ഥനെയും കൂട്ടി വല്യങ്ങുന്നിന്റെ മരണാനന്തരം, തന്നില്‍ ലയിച്ച എസ്റ്റേറ്റിലേക്ക് വരുന്നതോടെയാണ് കഥ ചുരുള്‍ നിവരുന്നത്. അവിടെ ഗോപി എന്നൊരു യുവാവ് തൊഴിലാളികളെ സംഘടിപ്പിക്കുകയും തനിക്കെതിരായി അണിനിരത്തുവാനൊരുങ്ങുകയും ചെയ്യുന്ന വിവരമറിഞ്ഞ് അവനെ ഒതുക്കുവാനുള്ള ഉദ്ദേശ്യവുമായാണ് കൊച്ചങ്ങുന്നു വരുന്നത്.
ഗോപിയുടെ പാത്രസൃഷ്ടിയെക്കുറിച്ച് സിനിക്കിന്റെ വാക്കുകള്‍ കടമെടുക്കട്ടെ:
”ചുറ്റുമുള്ള ശുദ്ധാത്മാക്കളായ കര്‍ഷകരെപ്പറ്റി നിന്ന് ഇടയ്ക്കിടെ പ്രസംഗങ്ങള്‍കൊണ്ട് അവരെ മയക്കി ഇത്തിക്കണ്ണി ജീവിയുടെ സാമര്‍ത്ഥ്യത്തോടെ പുലരുന്ന ഒരു തട്ടിപ്പുകാരനെപ്പോലെ തോന്നും ഗോപിയെ കണ്ടാല്‍. ഗോപിയുടെ പാത്രസൃഷ്ടിയില്‍ വന്ന വിലോപം മൂലം കഥയുടെ നട്ടെല്ലൊടിഞ്ഞ പ്രതീതിയാണ് നമുക്കുണ്ടാവുന്നത്.”
കൊച്ചങ്ങൂന്ന് വൈരനിരാതനത്തിനിടയില് ഒരു ഗ്രാമ സുന്ദരിയെ വശീകരിക്കുന്നു. അവളെ മടുത്തിട്ടോ കര്‍ഷകരെ കുടിയിറക്കുന്ന ജോലി തീര്‍ന്നിട്ടോ എന്തോ, കൊച്ചങ്ങുന്നു പട്ടണത്തിലേക് മടങ്ങി. തനിക്കിണങ്ങും പടി വേറെ പ്രൗഢിയ്ക്കൊത്ത് വിവാഹം ചെയ്തു. ഭര്‍ത്താവിന്റെ ദുര്‍വൃത്തികള്‍ അറിയുന്ന ഭാര്യയ്ക്കു അയാളോടു വെറുപ്പായി. ഗ്രാമീണ സുന്ദരി കൊച്ചങ്ങുന്നിനെ തേടി വരുമ്പോള്‍ കൊച്ചങ്ങുന്നു ദേവകിയെ കോണിപ്പടിയില്‍ കൂടി താഴോട്ടു തള്ളിയിടുന്നു. അതിന്റെ പേരില്‍ കൊച്ചങ്ങുന്നിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.
”ഇതിനിടയില്‍ രണ്ടു വമ്പിച്ച ഘോഷയാത്രകള്‍ (ഓരോന്നിലും പതിപ്പത്ത് ആളുണ്ട്; ഒന്നില്‍ മേമ്പൊടിയ്ക്കെന്നോണം ഒരു പെണ്ണുമുണ്ട്. ഒത്തുചേര്‍ന്നു സമരഗാനം പാടി അന്യായം ചെയ്ത കൊച്ചങ്ങുന്നിനെ നല്ല പാഠം പഠിപ്പിക്കാനായി ആവേശപൂര്‍വം വരുന്നു.
പക്ഷേ ആസന്നമരണയായി കാഞ്ഞിരപ്പള്ളി ആസ്പത്രിയില്‍ കിടക്കുന്ന ഗ്രാമീണ സുന്ദരി-അവള് ഗര്‍ഭിണിയും കൂടിയാണത്രെ- അപ്പോഴേക്കും പൊട്ടന് കടിച്ച പയ്യിനെപ്പോലെ പുറത്തേയ്ക്കോടി പാടവും തോടും കടന്ന് ഇവരുടെ നടുവിലെത്തി തനിക്ക് കൊച്ചങ്ങുന്നിനെക്കുറിച്ച് യാതൊരു പരാതിയുമില്ലെന്ന് ബോധിപ്പിച്ചു ഹൃദയ വല്ലഭനെ നിയമത്തിന്റെ ബലിഷ്ഠ ഹസ്തത്തില്‍ നിന്ന് നിഷ്പ്രയാസം മോചിപ്പിക്കുന്നു.
”എന്തു നിയമം? ഏതു നിയമം?
ഗ്രാമീണ സുന്ദരി ”പറഞ്ഞതിലപ്പുറമുണ്ടോ കാഞ്ഞിരപ്പള്ളി പോലീസുകാര്‍ക്ക്!”
കഥ ഇത്രയുമെത്തുമ്പോള്‍ കൊച്ചങ്ങുന്നിനെപ്പിടിച്ചു മാനസാന്തരപ്പെടുത്തിക്കളഞ്ഞു കഥാകാരന്. നന്നായില്ലെങ്കില്‍ കഥ പിന്നെയും നീണ്ടുനിണ്ടുപോകുമായിരുന്നു. മാനസാന്തരം വന്ന ടിയാന് പിന്നെ പാടാതിരിക്കാന്‍ പറ്റുമോ?
പാടി ഒറ്റയ്ക്കല്ല. കര്‍ഷകര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുതന്നെ.
”ആനന്ദത്തിന് തിരുവോണം
ഇതാ വരന്നൂ;
നവലോകമേ, നൃത്തമാടീടുക”
‘നവലോകം’ ചലച്ചിത്രമിതു ശുഭപര്യവസാനം!
ഇന്നതെല്ലാം ചേര്‍ന്നാലെ സിനിമയാകൂ; മുന്‍പേ പറഞ്ഞതുപോലെ സിനിമയ്ക്ക് ജനപ്രീതിയുണ്ടാവൂ എന്ന മൗഢ്യസങ്കല്പമാണ്, മറ്റെല്ലാവരേയും പോലെ പൊന്‍കുന്നം വര്‍ക്കിയേയും ‘നവലോകം’ രചനയില്‍ നയിച്ചിരുന്നതെന്ന് വ്യക്തം.
(നാടകരംഗത്തെ ഉന്നതശീര്ഷരിലൊരാളായിക്കൂടി വര്‍ക്കി ഗണിക്കപ്പെടുന്നുണ്ടെങ്കിലും സിനിമയില്‍ കഥ നിവേശിക്കുമ്പോള് ഇടകലര്പ്പുകളില് അഭിരമിക്കുക എന്ന പിഴവ് (തുടര്‍ന്നെഴുതിയ ചിത്രങ്ങളിലുമെന്നപോലെ അദ്ദേഹത്തിന്റെ നാടകരചനകളിലും പ്രകടമായിരുന്നു.) കഥാകൃത്തെന്ന നിലയില്‍ പൊന്‍കുന്നം വര്‍ക്കിയുടെ പല കഥകളിലെയും മുഹൂര്‍ത്തങ്ങള്‍ വായനക്കാരില്‍ ഒരു വിഭാഗത്തിന്റെയെങ്കിലും ഞരമ്പുകളില്‍ തീയാളിക്കുകയും ചിന്തകളില്‍ കലാപത്വര വിന്യസിപ്പിക്കുകയും ചെയ്തിരുന്നു, അന്ന്.
അതൊരിക്കലും അദ്ദേഹത്തിന്റെ നാടകങ്ങളില്‍ നിന്നും അനുഭവപ്പെട്ടിട്ടില്ല. രംഗത്തു വിജയിച്ചവയാണ് ‘അള്‍ത്താര’യടക്കമുള്ള അദ്ദേഹത്തിന്റെ നാടകങ്ങള്‍ പലതും. പക്ഷെ ആ വിജയത്തിനപ്പുറമുള്ള നാടകഗരിമ അവയ്ക്ക് സ്വന്തമായില്ല. സംഭാഷണ പ്രധാനമായിരുന്നു അവ; ഈ സംഭാഷണങ്ങളാകട്ടെ, പലപ്പോഴും പ്രസംഗതുല്യങ്ങളുമായിരുന്നു. നാടകവഴിയിലൂടെ ശീലവഴക്കങ്ങള്‍ പൊന്‍കുന്നം വര്‍ക്കി ചലച്ചിത്ര വഴിയിലും പിന്പറ്റിപോന്നു.)
പൊന്‍കുന്നം വര്‍ക്കിയ്ക്ക് ‘നവലോകം’ എഴുതുമ്പോള്‍ നിര്‍മാതാക്കളുടെ മുന്‍പിലും സംവിധായകന് വി. കൃഷ്ണന്റെ മേലും നല്ല മേല്‍ക്കൈ ഉണ്ടായിരുന്നു. അതിന്റെ സാക്ഷ്യമാണു ടി.എസ്. മുത്തയ്യയുടെ ചലച്ചിത്ര പ്രവേശത്തിന് ഈ ചിത്രത്തിലൂടെ വര്‍ക്കി ഒരവസരമൊരുക്കിയതില് കാണാനാകുന്നത്.
ഒരു കാലഘട്ടത്തില്‍ കൊച്ചിയിലെ ഏറ്റവും പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്നു മുത്തയ്യയുടെ പിതാവ് ടി.എസ്. സച്ചിത് എന്ന സച്ചിദാനന്ദന് പിള്ള. കൊച്ചിന് ആര്‍ഗസ് എന്ന ഒരിംഗ്ലീഷ് പത്രവും അദ്ദേഹം നടത്തിയിരുന്നു. പക്ഷെ മകന് മുത്തയ്യയുടെ കൂറ് നാടകത്തോടും സിനിമയോടുമായിരുന്നു. എഡ്ഡി മാസ്റ്ററോടും ഭാര്യ മേരിയോടും ചേര്‍ന്ന് ലഘുനാടകങ്ങളും പ്രഹസനങ്ങളും സ്കിറ്റുകളും അവതരിപ്പിക്കുവാന്‍ മുന്‍കയ്യെടുത്തു പോന്നു മുത്തയ്യ. സച്ചിത് മരിച്ചപ്പോള്‍ മകന് സ്വാതന്ത്ര്യമായി. മുത്തയ്യ സിനിമാ നിര്മാണത്തിനൊരുമ്പെട്ടു.
കൊച്ചിയിലുണ്ടായിരുന്ന കുടുംബ സ്വത്തും ഉടമസ്ഥതയിലുള്ള പേള്‍ പ്രസ്സും ബാങ്കില്‍ പണയപ്പെടുത്തി പണം സ്വരുക്കൂട്ടി. ‘ഈസി മണി’ എന്നപേരില്‍ മുന്ഷിപരമുപിള്ളയെക്കൊണ്ട് സിനിമയ്ക്ക് വേണ്ട കടലാസു ജോലികള്‍ പൂര്‍ത്തിയാക്കി; നടീനടന്മാരെ നിശ്ചയിച്ചു. അത്രയുമായപ്പോഴേക്കും മടിശ്ശീല കാലിയായി. മറ്റുവിധത്തിലുള്ള ധനസമാഹരണത്തിന് കെല്പുണ്ടായില്ല. ചിത്രം തുടങ്ങും മുന്‍പേ മുടങ്ങി. ബാങ്കിലെ കടം പെരുകി. നിവാരണ വഴികള്‍ തേടാതെ വയ്യെന്നായി. സിനിമയില്‍ അഭിനയിക്കുവാന്‍ അവസരം തേടുവാനുറച്ചു. പല കുറി കുഞ്ചാക്കോയെ ചെന്നു കണ്ടു. ഓരോ തവണയും നിര്‍ദ്ദയം ശകാരിച്ചുകൊണ്ട് കുഞ്ചാക്കോ ഇറക്കിവിട്ടു. വ്രണിത ചിത്തനായി മുത്തയ്യ എറണാകുളം മാര്‍ക്കറ്റ് റോഡിലൂടെ വടക്കോട്ടു നടന്നു ബ്രോഡ്വേയുടെ അറ്റത്തെത്തിയപ്പോള്‍ ബിഷപ്പ് പാലസിന് പടിഞ്ഞാറുവശത്തെ കെട്ടിടത്തില്‍ ഒരു ബോര്‍ഡ് കണ്ടു; ‘പോപ്പുലര്‍ പ്രൊഡക്ഷന്‍സ്.’
നേരെ കയറിച്ചെന്നു.
”ഞാന്‍ മുത്തയ്യ; ടി.എസ്. മുത്തയ്യ. തിരുവിതാംകോട് സച്ചിദാനന്ദന് പിള്ള മുത്തയ്യ!”
സ്വയം പരിയപ്പെടുത്തി.
ഒറ്റമുണ്ടു മാത്രമുടുത്തു മുറിയിലിരുന്നു എഴുതിക്കൊണ്ടിരുന്ന ആള് മുഖമുയര്‍ത്തി ആഗതനെ അടിമുടി ഒന്നുനോക്കി. പിന്നെ പറഞ്ഞു.
”വര്‍ക്കി; പൊന്‍കുന്നം വര്‍ക്കി. ഒരു സിനിമയ്ക്ക് കഥയെഴുതുന്നു.”
അതൊരു കച്ചിത്തുരുമ്പായി കരുതി മുത്തയ്യ തന്റെ കദനകഥ മുഴുവന്‍ വര്‍ക്കിയോടു പറഞ്ഞു. വര്‍ക്കിയാണ് അലിവു തോന്നി മുത്തയ്യയ്ക്ക് വേണ്ടി ‘നവലോക’ത്തില്‍ ഒരു ചെറിയ റോള്‍ എഴുതിയുണ്ടാക്കി. സംവിധായകനും നിര്‍മാതാക്കളും വര്‍ക്കിയുടെ നിര്‍ദ്ദേശത്തിന് വഴങ്ങി.
‘നവലോക’ത്തിലൂടെ ടി.എസ്. മുത്തയ്യ ചലച്ചിത്ര നടനായി.
തിക്കുറിശ്ശിയും കുമാരിയുമായിരുന്നു പ്രധാന വേഷങ്ങളില്‍. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, വഞ്ചിയൂര്‍ മാധവന് നായര്‍. മുതുകുളം ഭാസ്കരന്, സേതുലക്ഷ്മി, കുട്ടിയമ്മ, ലളിത തുടങ്ങിയവരായിരുന്നു മറ്റഭിനേതാക്കള്‍.പി. ഭാസ്ക്കരന്റെ വരികള്‍ക്ക് ദക്ഷിണാമൂര്‍ത്തിയാണ് ഈണം പകര്‍ന്നത്. കവിയൂര്‍ രേവമ്മയും കോഴിക്കോട് അബ്ദുള്‍ ഖാദറും മറ്റുമായിരുന്നു മുഖ്യ ഗായകര്‍ എന്നാണറിവ്. സംവിധായകന്റെ പ്രാപ്തിക്കുറവ് പല രംഗങ്ങളെയും നിര്‍ജ്ജീവമാക്കി എന്നാണ് സിനിക്കിന്റെ നിരീക്ഷണം. ഛായാഗ്രഹണത്തെയും അദ്ദേഹം മോശമായാണ് വിലയിരുത്തുന്നത്.
തിക്കുറിശ്ശിയുടെയും കുമാരിയുടെയും വഞ്ചിയൂര്‍ മാധവന് നായരുടെയും അഭിനയത്തെ രൂക്ഷമായി വിമര്‍ശിക്കുന്നു; തമ്മില്‍ ഭേദമായി സിനിക്ക് അടയാളപ്പെടുത്തുന്നത് മുതുകുളത്തിന്റെയും സേതുലക്ഷ്മിയുടെയും അഭിനയമാണ്. ചന്ദ്രികയിലൂടെ കടന്നുവന്ന സേതുലക്ഷ്മി അഭിയനത്തില്‍ ഈ ചിത്രത്തിലൂടെ ഒരു പടികൂടി ഉയര്‍ന്നു കണ്ടുവത്രെ.
സിനിക്ക് തന്റെ ‘ചിത്രശാല’ വിചാരണ അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്.
”ഏതായാലും ‘നവലോകം’ കണ്ടു മടങ്ങുമ്പോള്‍ ഒന്നു തീര്‍ച്ചയാക്കി; മാതൃഭാഷാ സ്നേഹം മാത്രം പ്രലോഭനമായി ഇനി ഇത്തരം സിനിമകളായാലുള്ള ദുര്‍വിധിയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്തു.
‘കേരള കേസരി’യും വനമാലയും ആ ഉല്‍കണ്ഠ അസ്ഥാനത്തായിരുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതിലേക്കാവാം ഇനി യാത്ര!
അടുത്തലക്കത്തില്‍
അമ്പത്തിയൊന്നിലെ തുടര്‍ ദുര്‍വിധികള്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: