കോട്ടയം: കാലാവസ്ഥാ വ്യതിയാനം ഇടുക്കിയിലെ പ്രമുഖ കൃഷിയിടങ്ങളെയും ബാധിച്ചുതുടങ്ങി. മൂന്നാറില്‍ പതിവിന് വിപരീതമായി അതിശൈത്യമാണ് അനുഭവപ്പെടുന്നതെങ്കില്‍ എക്കാലത്തെയും ശീതകാല പച്ചക്കറിയുടെ വിളനിലമായിരുന്ന കാന്തല്ലൂരില്‍ സ്ഥിതി മറിച്ചാണ്. വരള്‍ച്ചയുടെ കാഠിന്യത്താല്‍ കൃഷിയിടങ്ങളില്‍ വെള്ളം കിട്ടാതെവരുന്ന അവസ്ഥ ഇവിടുത്തെ കര്‍ഷകരെ ചെറിയതോതില്ല ബുദ്ധിമുട്ടിക്കുന്നത്. ഓരോ വര്‍ഷവും ഈ ദുരിതം കൂടിവരികയാണെന്ന് കര്‍ഷകര്‍ പറയുന്നു.
കാന്തല്ലൂരിന്റെ പല മേഖലകളും വരള്‍ച്ചയുടെ പിടിയിലകപ്പെട്ടുകഴിഞ്ഞു. കൃഷിക്ക് സഹായകമായി കാട്ടുചോലകളില്‍ നിന്ന് ലഭിച്ചിരുന്ന നീരൊഴുക്ക് ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചു. നൂറുകണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍ തരിശിട്ടിരിക്കുന്നതിനൊപ്പം നെല്‍പ്പാടങ്ങളില്‍ ബഹുഭൂരിപക്ഷവും കരിമ്പ് കൃഷിക്കായി വഴിമാറിക്കഴിഞ്ഞു. വാഴ, കപ്പ, കാരറ്റ്, കാബേജ്, ബീന്‍സ്, വെളുത്തുള്ളി, സവാള, ഗ്രീന്‍പീസ്, സ്ട്രോബറി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. കൃഷി ചെലവ് വര്‍ദ്ധിച്ചതിനു പുറമേ ഇവയുടെ സംരക്ഷണവും ഇന്ന് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാട് വിട്ടിറങ്ങുന്ന മൃഗങ്ങള്‍ വിളകള്‍ നശിപ്പിക്കുന്നത് പതിവാണെന്ന് കര്‍ഷകര്‍ പറയുന്നു.
കൃഷിക്ക് വെളളം കിട്ടാത്തതാണ് ഇപ്പോഴത്തെ മുഖ്യപ്രശ്നമെന്ന് കഴിഞ്ഞ അരനൂറ്റാണ്ടായി പച്ചക്കറി കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന ആദിവാസി കര്‍ഷകനായ ശിവരാമന് പറഞ്ഞു. മുന്‍പ് മഴ നന്നായി ലഭിച്ചിരുന്നു. മലമുകളിലെ കാട്ടുചോലകളിലൂടെ ഒഴുകിയയെത്തുന്ന വെള്ളം ചെറിയ തടയണകെട്ടി തടഞ്ഞുനിര്‍ത്തി തട്ടുതട്ടായി കിടക്കുന്ന കൃഷി ഭൂമിയിലേക്ക് ചാലുകള്‍ വെട്ടി തിരിച്ചുവിട്ടിരുന്നു. എന്നാലിപ്പോള്‍ കാട്ടുചോലകള്‍ തന്നെ അപ്രത്യക്ഷമായി. വെള്ളം കിട്ടാത്തതിനാല്‍ നൂറിലധികം ഏക്കര്‍ സ്ഥലം തരിശിട്ടിരിക്കുകയാണ്. പ്രധാനമായി വെള്ളത്തെ ആശ്രയിച്ച് നടത്തുന്ന നെല്‍ കൃഷി കരിമ്പുകൃഷിക്ക് വഴിമാറിയെന്നും ശിവരാമന് പറഞ്ഞു.
പുലര്‍ച്ചെ കൃഷിയിടത്തില്‍ ഇറങ്ങുന്ന ശിവരാമനും കുടുംബവും മണിക്കൂറിടവിട്ട് കൃഷിയിടത്തില്‍ വെള്ളമെത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഉറവയില്‍നിന്ന് വെള്ളം ശേഖരിച്ച് ചെറുചാലുകളില്‍ കൂടിയാണ് എത്തിക്കുന്നത്. ഇത് കൃഷിയിടത്തിലെ എല്ലാ സ്ഥലത്തും എത്തിക്കാന്‍ കഴിയുന്നില്ല. അതാണ് ഭൂമി തരിശിടാന്‍ നിര്‍ബന്ധിതനായതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയിപ്പോള്‍ എല്ലാത്തരം കൃഷികളും കുറഞ്ഞുവരികയാണ്. കാലക്രമേണ ഇവയെല്ലാം കാന്തല്ലൂരില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് കൃഷിക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കൃഷിയെമാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു ജനത സാവധാനം മറ്റ് മേഖലകളിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. കൃഷിയില്‍ നിന്ന് ക്രമേണ പിന്മാറുന്നതിന്റെ സൂചനകളും ഇതിലൂടെ വ്യക്തം. പല കൃഷിയിടങ്ങള്‍ക്ക് നടുവിലും ഫ്ളാറ്റുകളും, ചെറുവില്ലകളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. മൂന്നാറിനൊപ്പം വിനോദസഞ്ചാരികളെ വരവേല്‍ക്കാനായി കാന്തല്ലൂരും ഒരുങ്ങിത്തുടങ്ങി. കൃഷിയേക്കാള്‍ ആദായകരവും അദ്ധ്വാനക്കുറവും ലഭിക്കുന്നുവെന്നതാണ് ഈ രംഗത്തേയ്ക്ക് പോകാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. ഈ സാധ്യതകള്‍ പരമാവധി മുതലെടുക്കാന്‍ വന്‍കിട ഫ്ളാറ്റു മാഫിയകളും സജീവമാണ്. ഇവരുടെ കൈവശമാണ് ഇപ്പോള്‍ കാന്തല്ലൂരിലെ നല്ലൊരു ശതമാനം കൃഷി ഭൂമിയും. പാട്ടത്തിന് ഭൂമിയെടുത്താണ് തുടക്കം. പിന്നീട് കൈവശമാകും. കാന്തല്ലൂരും മറ്റൊരു മൂന്നാറായി മാറാന്‍ ഇനി അധികം വൈകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: