കേരളത്തില്‍ ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്ന സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയുടെ ജീവിതം സിനിമയാകുന്നു. ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്നത്.
എണ്‍പതുകളില്‍ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചാക്കോ കൊലകേസും, സുകുമാരകുറുപ്പിന്റെ തിരോധാനവും തന്നെയായിരിക്കും കഥാതന്തുവെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം.
പറഞ്ഞതും അല്ല, അറിഞ്ഞതുമല്ല. പറയാന്‍ പോകുന്നതാണ് കഥ എന്ന അടിക്കുറിപ്പോടെയാണ് ഫസ്റ്റ് ലുക്ക് അടക്കം സംവിധായകന് ശ്രീനാഥ് രാജേന്ദ്രന് പുറത്ത് വിട്ടിരിക്കുന്നത്. 1984ല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും പണം തട്ടുന്നതിന് വേണ്ടിയായിരുന്നു സുകുമാരക്കുറുപ്പ് ചാക്കോ എന്ന ഫിലിം പ്രോജക്ടറെ വകവരുത്തിയത്.
തന്നോട് രൂപ സാദൃശ്യമുള്ള ചാക്കോയെ കാറിനുള്ളില്‍ വിളിച്ച് കയറ്റി മദ്യം നല്കിയ ശേഷം സുകുമാരക്കുറുപ്പും സംഘവും കൊലപ്പെടുത്തുകയായിരുന്നു. ശേഷം മരിച്ചത് സുകുമാരകുറുപ്പാണെന്ന് വരുത്തിതീര്‍ക്കാന്‍ കാറടക്കം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. പോലീസ് അന്വേഷണം ശക്തിപ്പെടുത്തിയെങ്കിലും സുകുമാരക്കുറുപ്പിനെ കുറിച്ച് ഇത് വരെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: