എബ്രഹാം ലിങ്കണ് ലോകം കണ്ട ഏറ്റവും വലിയ മഹാന്മാരില് ഒരാളല്ല. സാധാരണ മനുഷ്യരുടെ വീഴ്ചകളും കോട്ടങ്ങളുമൊക്ക ലിങ്കണുമുണ്ടായിരുന്നു. എന്നുവെച്ച് കുറവുകള്‍ ഇല്ലാത്തവരാണ് മഹാന്മാരെന്ന് അര്‍ഥമില്ല. ലിങ്കണ് പലകാര്യങ്ങളിലും രൂക്ഷ വിമര്‍ശനത്തിനിരയായിട്ടുണ്ട്. പ്രത്യേകിച്ച് അമേരിക്കയില്‍ അദ്ദേഹത്തിന്റെ കാലത്തുണ്ടായ ആഭ്യന്തര യുദ്ധത്തിന്റെ പേരില്‍.
പക്ഷേ അമേരിക്കക്കാര്‍ക്ക് എബ്രഹാം ലിങ്കണ് ഏറ്റവും വലിയ മഹാന് തന്നെയാണ്.
അടുത്ത കാലത്ത് അമേരിക്കയിലെ ഏറ്റവും നല്ല പ്രസിഡന്റായി അവിടത്തുകാര്‍ തെരഞ്ഞെടുത്തത് ലിങ്കണെയാണ്. നേരത്തേയും ഒന്നാം സ്ഥാനക്കാരന് ലിങ്കണ് തന്നെയായിരുന്നു. രണ്ടാം സ്ഥാനം ജോര്‍ജ് വാഷിംഗ്ടനായിരുന്നു. രസകരമായൊരു കാര്യം വാഷിംഗ്ടനായിരുന്നു ലിങ്കന്റെ ആരാധ്യ പുരുഷന്. എന്നെങ്കിലും വാഷിംഗ്ടനെപ്പോലെ ആകണം താനുമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കണം.
ഏറ്റവും നല്ല അമേരിക്കന്‍ പ്രസിഡന്റാണ് ലിങ്കണ് എന്ന പാഠമല്ല നാം അദ്ദേഹത്തില്‍ നിന്നും പഠിക്കുന്നത്, മനുഷ്യന്റെ സ്വപ്നങ്ങള്‍ക്കു പ്രചോദനത്തിന്റെ വെള്ളവും വളവും നല്കിയ ഒരാള്‍ എന്ന നിലയ്ക്കാണ്. കഠിനാധ്വാനംകൊണ്ട് തന്റെ സ്വപ്നങ്ങളെ പിന്നാലെ നടത്തിച്ച വ്യക്തിയായിരുന്നു ലിങ്കണ്. രാഷ്ട്രീയക്കാരന്, പ്രഭാഷകന്‍, അഭിഭാഷകന് എന്നിങ്ങനെ നിരവധി പ്രഭാപൂരമായ വിശേഷണങ്ങള്‍ ഉണ്ടാകും മുന്‍പ് കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ നിരാലംബമായ ജീവിതത്തെ പോരാടി തോല്‍പ്പിച്ചൊരു ബാല്യവും യൗവനവും ഉണ്ടായിരുന്നു ലിങ്കണ്. ആ പോരാട്ടത്തിന്റെ ചങ്ങലക്കണ്ണിയില്‍ ബലപ്പെടുത്തിയുണ്ടാക്കിയതാണ് പ്രസിഡന്റു പദവി വരെ എത്തിയ വലിയ വിജയങ്ങള്‍.
ബാല്യത്തില്‍ വിറകുവെട്ടുകാരനും കൂലിക്കാരനുമായിരുന്നിട്ടുണ്ട് എബ്രഹാം ലിങ്കണ്. രാപകലുകള്‍ മടിയാതെ പണി ചെയ്തു. വിശ്രമിക്കുമ്പോഴും വായന എന്നത് ശ്രമമായിരുന്നു അദ്ദേഹത്തിന്. വായന ജീവശ്വാസമായിരുന്നു. കഠിനാധ്വാനവും തീവ്രമായ വായനയുമാണ് അദ്ദേഹത്തെ സ്വപ്നം കാണാന്‍ അനുവദിച്ചത്.
ആഗ്രഹിച്ചതു സാധ്യമാക്കാന്‍ കഴിയുന്നതെന്തും ചെയ്യുമായിരുന്നു. ദൂരങ്ങള്‍ മണിക്കൂറുകളോളം താണ്ടണമെങ്കില്‍ ഒട്ടും മടികൂടാതെ അങ്ങോട്ടു വെച്ചു പിടിക്കും. ആ നടപ്പും ദൂരവും ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗം മാത്രമായിരുന്നു ലിങ്കണ്. അങ്ങനെ കൊച്ചു ലിങ്കണ് ഒരു ദിവസം നടന്നത് പത്തു കിലോമീറ്റര്‍. അതു ജോര്‍ജ് വാഷിംഗ്ടന്റെ ജീവചരിത്രം വാങ്ങാനായിരുന്നു. വാഷിംഗ്ടന്റെ ജീവിതത്തെക്കുറിച്ചു കേട്ട് ഉത്സാഹത്തിമിര്‍പ്പിലായിരുന്നു ലിങ്കണ്. അങ്ങനെയാണ് അതു വാങ്ങാന്‍ പത്തു കിലോ മീറ്റര്‍ സഞ്ചരിച്ചത്. ആ പുസ്തകം ലിങ്കണെ മറ്റൊരാളാക്കി. ലിങ്കണ് മഹാനായിക്കണ്ട അമേരിക്കയുടെ ആദ്യ പ്രസിഡന്റായ ജോര്‍ജ് വാഷിംഗ്ടണ്‍ പിന്നീട് ലിങ്കന്റെ പിന്നില്‍ രണ്ടാമനായി.
വേഗത കൂടിയ സ്വപ്നമാണ് ലിങ്കണെ വളര്‍ത്തിയത്, വലുതാക്കിയത്. ലിങ്കണ് സ്വപ്നത്തിന്റെ പോറ്റു മകനായിരുന്നു. ഈ വേഗതയാണ് നമുക്കു യഥാര്‍ത്ഥത്തില്‍ ലിങ്കണില്‍ നിന്നും പഠിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: