അങ്ങനെ ആകാംക്ഷയുടെ ആവേശത്തിനു മേല്‍ വീണ്ടും ഓസ്കര്. നാടകിയമായ ഒരു തിരുത്തലിനുശേഷമാണ് ഓസ്ക്കാറിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം. കവര്‍ മാറിപ്പോയതിന്റെ പേരില്‍ മികച്ച ചിത്രം ലാ ലാ ലാന്റിനാണെന്നു പ്രഖ്യാപിച്ചത് പിന്നീട് മൂണ്ലൈറ്റിനെന്നു തിരുത്തുകയായിരുന്നു.
ആറ് ഓസ്കറുകള് ലാ ലാ ലാന്റ് നേടി. മികച്ച സംവിധായകന്, നടി, സംഗീതത്തിനുള്പ്പടെ പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയത് ലാ ലാ ലാന്റാണ്. ലാ ലാ ലാന്റിന്റെ സംവിധായകന്
ഡാമിയന്‍ ചെസല്ലെയാണ് മികച്ച സംവിധായകന്. മികച്ച നടന് കേയ്സി ആഫ്ളെക്. മികച്ച നടി എമ്മാ സ്റ്റോണ്‍. മാഞ്ചസ്റ്റര്‍ ബൈ ദ സീയില്‍ ലീ ചാന്ഡ്ളര് എന്ന പ്ളംബറായാണ് ആഫ്ളെക് എത്തുന്നത്. ലാ ലാ ലാന്റിലെ മിയ എമ്മയെ മികച്ച നടിയാക്കി. വിഷ്വല്‍ എഫക്റ്റിനുള്ള പുരസ്ക്കാരം ജംഗിള്‍ ബുക്ക് കരസ്ഥമാക്കി.
മാഞ്ചസ്റ്റര്‍ ബൈ ദ സീയില്‍ ദുരന്ത നായകനാണ് കേയ്സി ആഫ്ളെക്. ജീവിതത്തിലെ പഴയകാല സംഭവങ്ങള്‍ ലീയെ വേട്ടയാടുന്നു. ഒറ്റപ്പെടലിന്റെ ഏകാന്തതയില്‍ ജീവിക്കുന്ന അയാളുടെ വേദനയിലേക്ക് സഹോദരന്റെ മരണവും ചെറുപ്പക്കാരനായ മരുമകന്റെ ചുമതലകൂടി ഏറ്റെടുക്കേണ്ടതായി വന്നതോടെ ലീയുടെ ജീവിതഭാരം ഏറുകയാണ്. ദുരിത ജീവിതംകൊണ്ട് നിസഹായനും ഏകാകിയുമായിത്തീരുന്ന ലീക്ക് കേയ്സി ആഫ്ളെക് ജീവന് നല്‍കുകയായിരുന്നു.
പ്രണയവും സംഗീതവും നര്‍മ്മവും നൊമ്പരവുമൊക്കെ കോര്‍ത്തിണക്കിയ ലാ ലാ ലാന്റിലെ മിയയെ എമ്മ അവിസ്മരണീയമാക്കി. ഹോളിവുഡില്‍ റോളുകള്‍ കിട്ടാന്‍ കഷ്ടപ്പെടുന്ന നടിയായാണ് എമ്മ ഇതില്‍ വേഷമിടുന്നത്. ഇതേ സാഹചര്യമുള്ള പിയാനോയിസ്റ്റുമായി പ്രണയത്തിലാകുന്നു. ഇരുവരും തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: