ഫോര്‍ഡിന്റെ ജനപ്രിയ കാര്‍- ഫിഗോയെക്കുറിച്ച് ഇങ്ങനെ പറയാം. പക്ഷേ, എന്നും ഒരുപോലെ ഇരുന്നാല്‍ ജനപ്രിയത നിലനിര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ല. ഫോര്‍ഡിന് ഇത് നന്നായറിയാം. അതുകൊണ്ടാണ് രൂപത്തിലും ഭാവത്തിലുമൊക്ക മാറ്റങ്ങളുമായി അവരും വിപണിയിലേക്ക് പുതുപുത്തന്‍ കാറുകളെ ഇറക്കിവിടുന്നത്. ജനപ്രിയ ബ്രാന്‍ഡായ ഫിഗോയുടെ സ്പോര്‍ട്സ് പതിപ്പ് ഇതിലൊന്നാണ്.
മെക്കാനിക്കല്‍ ഫീച്ചറുകളില്‍ വലിയ മാറ്റം വരുത്താതെ രൂപത്തില്‍ കിടിലന്‍ മാറ്റം വരുത്തിയാണ് സ്പോര്‍ട്സ് എഡിഷന് എത്തിയത്. മികച്ച ലുക്കാണ് സ്പോര്‍ട്സ് എഡിഷന്റെ പ്രത്യേകത. ഡ്യൂയല്‍ ടോണ്‍ എക്സ്റ്റീരിയറാണ് മികച്ച ലുക്ക് നല്‍കുന്നത്. ഒപ്പം, വശങ്ങളിലെ ഡൈനാമിക് ഗ്രാഫിക്സും കണ്ണഞ്ചിപ്പിക്കും.
ഡ്രൈവിങ് എളുപ്പവും ആയാസ രഹിതവുമാക്കാന്‍ സസ്പെന്ഷന് മെക്കാനിസം പരിഷ്കരിച്ചു. ട്യൂണ്‍ഡ് സസ്പെന്ഷന്, സെക്കന്‍ഡറി ക്ലച്ച് സ്വിച്ച് തുടങ്ങിയവയിലൂടെയാണ് ഡ്രൈവിങ് ആസ്വാദ്യകരമാകുക. ഹണി കോംപ് ഗ്രില്‍, ബ്ലാക്ക് ഹെഡ് ലാംപ് കവറിങ്, പുതുക്കിയ 15 ഇഞ്ച് ബ്ലാക്ക് അലോയി വീല്‍, ബ്ലാക്ക് ഇന്റീരിയര്‍ തുടങ്ങിയവയാണ് പ്രത്യേകതകള്‍.
സ്പോര്‍ട്സ് എഡിഷന് സുരക്ഷാ സംവിധാനവും ശക്തം. രണ്ട് എയര്‍ ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി)എന്നിവയുണ്ട്.
ടൈറ്റാനിയം മാന്വല്‍ ട്രാന്സ്മിഷനില് പെട്രോള്‍, ഡീസല്‍ എന്‍ജിനിലാണ് സ്പോര്‍ട്സ് എഡിഷന്. 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന് 6300 ആര്‍പിഎമ്മില്‍ 88 ബിഎച്ച്പി കരുത്ത് നല്‍കും. 4000 ആര്‍പിഎമ്മില്‍ 112 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് 3750 ആര്‍പിഎമ്മില്‍ 99 ബിഎച്ച്പി കരുത്തേകും. 1750-3000 ആര്‍പിഎമ്മില്‍ 215 എന്‍എം ടോര്‍ക്കുമേകും. 18.16 കിലോമീറ്റര്‍ മൈലേജ് പെട്രോള്‍ എന്‍ജിനും 25.83 കിലോമീറ്റര്‍ മൈലേജ് ഡീസല്‍ എന്‍ജിനും കിട്ടും. 174 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്.
പെട്രോള്‍ മോഡലിന് 6.32 ലക്ഷം രൂപ മുതലും ഡീസല്‍ മോഡലിന് 7.21 ലക്ഷം രൂപ മുതലുമാണ് എക്സ് ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: