വര്‍ഷങ്ങളുടെ ധ്യാനാത്മകമായ കാത്തിരിപ്പിനു ശേഷം സംഭവിക്കാനിരിക്കുന്ന ആനന്ദോത്സവമാണ് മനസില്‍. ആഗ്രഹങ്ങളുടെ വിത്തുമുളച്ച് കായ്ഫലമാകാന്‍ മൂന്നരപ്പതിറ്റാണ്ടു പോരേ എന്നു കൂടി ചോദിക്കുമ്പോള്‍ നസീര്‍ ധര്മ്മജന് നിരാശയുടെ തരിമ്പും ഇല്ലാത്ത ആത്മവിശ്വാസവും മാത്രം. സിനിമയില്‍ തുടങ്ങി സീരിയലില്‍ എത്തിനില്‍ക്കുന്ന അനുഭവ പരിചയം. സാധാരണ തിരിച്ചാണ്, സീരിയലില്‍ തുടങ്ങി സിനിമയില്‍ എന്ന്. പക്ഷേ എതും ചെയ്യാന്‍ ഒരുക്കമായിരുന്നതുകൊണ്ടാണ് അങ്ങനെ. അതിനാല്‍ തന്നെ ജീവിത പരീക്ഷണങ്ങളില്‍ ഒട്ടും പതറിയിട്ടില്ല.
ഞാനും വരുന്നു എന്ന സിനിമയുടെ തിരക്കഥാകൃത്തായിട്ടായിരുന്നു തുടക്കം. കാലം 1980. സ്വദേശമായ പള്ളുരുത്തിയുടെ കൈമുദ്രയിലായിരുന്നു സിനിമ. പള്ളുരുത്തിക്കാരായ നിര്‍മാതാക്കള്‍. സംവിധായകന് ഉമാകാന്തും തദ്ദേശിയന് തന്നെ. ഷൂട്ടിംഗും പള്ളുരുത്തിയിലായിരുന്നു. പള്ളുരുത്തിക്കൊരു ഉത്സവമായിരുന്നു ആ സിനിമാ ഷൂട്ടിംഗ്. അന്നത്തെ ജനകീയ താരങ്ങളിലൊരാളായ നെടുമുടി വേണുവിനൊപ്പം മലയാളത്തിലെ പ്രശസ്തര്‍ അണിനിരന്ന ചിത്രം പക്ഷെ വെളിച്ചം കണ്ടില്ല. എന്നാലും സിനിമയിലാണ് തുടങ്ങിയെതെന്ന അഭിമാനവും സംതൃപ്തിയുമായിതന്നെയാണ് മുന്നോട്ടു നീങ്ങിയത്. സങ്കീര്‍ത്തനം,ആത്മായനം തുടങ്ങിയ ടെലി ഫിലിം സംവിധാനം ചെയ്തു. മേക്കപ്പും മറ്റുമായി ഏഷ്യാനെറ്റിലെ ഇന്നത്തെ മേക്കപ്പ് മാന്‍ സുധി ശാസ്ത്രിയും കൂടെ ഉണ്ടായിരുന്നു. സുധി വഴി ടെലിഫിലിം കണ്ട ജൂഡ് അറ്റിപ്പേറ്റി തന്റെ അസിസ്റ്റന്റാകാന്‍ ക്ഷണിച്ചു.
നല്ല സീരിയലുകളുടെ സംവിധായകന് എന്നു പേരു നേടിയ ജൂഡിന്റെ ഡോ.ഹരിച്ചന്ദ്ര, മിഖായേലിന്റെ സന്തതികള്‍, ഇടയനും മാന്‍കിടാവും, റോസസ് ഇന്‍ ഡിസംബര്‍ തുടങ്ങിയ ഹിറ്റു സീരിയലുകളില്‍ അസോസിയേറ്റായിരുന്നു നസീര്‍ ധര്മ്മജന്. മിഖായേലിന്റെ സന്തതികള്‍ പുത്രന് എന്ന പേരില്‍ സിനിമയായപ്പോഴും മെര്ക്കാറയിലും നസീര്‍ തന്നെയായിരുന്നു ജൂഡിന്റെ അസോസിയേറ്റ്. പിന്നീട് കെ.ജി.ജോര്‍ജിന്റെ കൂടെയും പ്രവര്‍ത്തിച്ചു.
സൂര്യയുടെ ആദ്യ മെഗാ സീരിയല്‍ ചാരുലതയുടേയും അനാമിക, യാത്ര എന്നിവയുടെ എപ്പിസോഡ് ഡയറക്ടറായിരുന്നു. ദൂരദര്ശന് സംപ്രേക്ഷണം ചെയ്ത പവിത്രത്തിന്റെ ഡയറക്ടറും മഴവില്‍ മനോരമയുടെ ആയിരത്തില്‍ ഒരുവന്, അനിയത്തി തുടങ്ങിയ സീരിയലുകളുടേയും അസോസിയേറ്റാണ്. കഴിഞ്ഞിടെ കൈരളിയില്‍ വന്ന സുന്ദരി മുക്കിന്റെ സംവിധാനം നസീറായിരുന്നു. നിരവധി പരസ്യ ചിത്രങ്ങളും ന്യൂസ് ബേയ്സ്ഡ് പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്.
സീരിയല്‍ രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയമുള്ളതിനാല്‍ നല്ലൊരു അസോസിയേറ്റിനെ തിരയുന്നവര്‍ കണ്ടെത്തുന്നത് നസീറിലായിരിക്കും. പ്രോംപ്റ്റര്‍, അഭിനേതാവ്, സ്ക്രിപ്റ്റ് സെന്സുള്ള അസോസിയേറ്റ് എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് ഈ കലാകാരന്. തിരക്കിനിടയില്‍ സ്വന്തം പ്രോജക്റ്റിനെക്കുറിച്ച് ഇരുന്നൊന്നാലോചിക്കുവാന്പോലും സാവകാശം കിട്ടിയിട്ടില്ല. പിന്നാലെ വന്നവര്‍ സിനിമ ചെയ്തുവെന്നു പറയുമ്പോഴും എല്ലാം പ്രകൃതി നിശ്ചയിക്കുമെന്നു ചിരിക്കും നസീര്‍. കാര്യസാധ്യതയ്ക്കായി സ്വന്തം നിലമറന്ന് പ്രവര്‍ത്തിക്കാത്തതുകൊണ്ടുള്ള ദോഷങ്ങള്‍ പലതുമുണ്ടെന്ന് നസീറിനെ അടുത്തു പരിചയമുള്ളവര്‍ക്കറിയാം. അത് അങ്ങനേ വരൂ. ആദര്‍ശ രാഷ്ട്രീയത്തിന്റെ വിശുദ്ധി ജീവിതത്തില്‍ ഒഴിയാ ബാധ്യതയായി കൊണ്ടു നടന്ന ഒരച്ഛന്റെ മകന് ചെറുപ്പത്തില്‍ കണ്ടും വളര്‍ന്നും ശീലിച്ചതില്‍ നിന്നും വഴിമാറി നടക്കാന്‍ കഴിയില്ലല്ലോ. കൊച്ചിയിലെ രാഷ്ട്രീയ നേതാക്കളില്‍ ധാര്‍മികതകൊണ്ട് സമുന്നതനായിരുന്ന കെ.എ.ധര്‍മജന്റെ മകന് എന്ന മേല്‍വിലാസത്തിന്റെ ആസ്തി വലുതാണ്.
ഈ രംഗത്തു വരും മുന്‍പ് അച്ഛന് ആരംഭിച്ച പത്രം കേരളനാട് നടത്തുകയായിരുന്നു.ആദ്യം ഈവനിംഗ് ഡെയ്ലിയായിരുന്നു. പിന്നീട് മോണിംഗ് ഡെയ്ലിയായി. അങ്ങനെ നന്നേ ചെറുപ്പത്തില്‍ തന്നെ പത്രത്തിന്റെ എഡിറ്ററായി. കുറച്ചുകാലം ചീഫ് ഗസ്റ്റ് മാഗസിനില്‍. പിന്നെ അത് മോണിംഗ് ഡെയ്ലിയായപ്പോള് എഡിറ്ററായി. ഇപ്പോള്‍ അമൃതയിലെ നിലാവും നക്ഷത്രങ്ങളും എന്ന സീരിയലിന്റെ അസോസിയേറ്റാണ്.
മട്ടാഞ്ചേരിയാണ് ജന്മദേശമെങ്കിലും 70മുതല്‍ പള്ളുരുത്തിയിലാണ്. ഭാര്യ ജോളി. മകന് നിസാര്‍ ആനന്ദ്. മകള്‍ സീതാലക്ഷ്മി. സ്വപ്നങ്ങള്‍ വഴിതെളിച്ചുപോകുന്നതിലൂടെയാണ് നസീര്‍ ധര്‍മജന്റെ സഞ്ചാരം. സ്വന്തം സിനിമ എന്ന കടവിലേക്കുള്ള സഞ്ചാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: