നല്ല തങ്ക ഇറങ്ങിയവര്‍ഷം തന്നെ, ആ ചിത്രം ഇറങ്ങും മുമ്പേ ആ ചിത്രം ഇറങ്ങി വിജയമായശേഷവും 1950 ല്‍ തന്നെ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടതായി സൂചിപ്പിച്ചു. 1950 മുതല്‍ ഇതെഴുതുന്ന 2017 വരെയും ഓരോവര്‍ഷവും നിരവധി ചിത്രങ്ങളുടെ നിര്മാണഫലവും പേറിയാണ് മലയാള സിനിമ മുന്നോട്ടു ചലിച്ചുക്കുന്നത്. മുന്പുണ്ടായിരുന്നതുപോലെ തരിശുവര്ഷങ്ങള് പിന്നീടുണ്ടായിട്ടില്ല. ഓരോ വര്‍ഷവും ഇറങ്ങുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. പക്ഷെ നമ്മുടെ സിനിമാരംഗം കര്‍മ്മനിരതമായിരുന്നു. കല എന്ന രീതിയിലും വ്യവസായം എന്ന രീതിയിലും സജീവമായിരുന്നു. മലയാളക്കരയിലെ അവഗണിയ്ക്കാനാവാത്ത പ്രാധാന്യമുള്ള തൊഴില്‍ മേഖലയായും വ്യവസായാധാരമായും സിനിമ എന്നു ഗൗരവപൂര്‍വ്വം പരിഗണിക്കപ്പെടുന്നു. കലാ മാധ്യമം എന്ന നിലയിലും സിനിമ കൂടുതല്‍ പ്രസക്തി പ്രാമുഖ്യം ആര്‍ജിച്ചിരിക്കും.
ഇങ്ങനെ വളരാനിരിക്കുന്ന ഒരു മേഖലയുടെ പ്രാരംഭനാളുകളിലെ ആദ്യ ചിത്രങ്ങള്‍ എന്ന നിലയിലാണ് ഇതുവരെയുള്ള ഓരോ ചിത്രത്തേയും അത് പിറന്ന സാഹചര്യങ്ങളെയും നാമിതുവരെ സവിസ്തരം പ്രതിപാദിച്ചത്. ഇതായിരുന്നു ഭൂമിക. ഈ പരിവൃത്തത്തില്നിന്നുമാണ് പിന്നീടുള്ള കാലഘട്ടത്തില്‍ അയ്യായിരത്തിനടുത്തുവരുന്ന ചലച്ചിത്രങ്ങള്‍ ഉയര്‍ന്നുവന്നത്. ഇതുവരെയുള്ള എട്ടുചിത്രങ്ങളുടെ നിര്മാണവൃത്താന്തങ്ങള് ചലച്ചിത്ര മലയാളത്തിന്റെ ചരിത്രപര്വ്വത്തിലെ ആദ്യഭാഗത്തെ കുറിക്കുന്നു. അവയോട് അവലംബിച്ച വിശദാംശങ്ങളിലൂടെയുള്ള പുനര്‍വിചാരണയും അടയാളപ്പെടുത്തലുകളും തുടര്‍ന്നുള്ള ചിത്രങ്ങളുടെ കാര്യത്തില്‍ അതേ അളവിലും വിസ്താരത്തിലും നടത്താനാവില്ല. എണ്ണത്തിലെ ബാഹുല്യം തന്നെ പ്രധാന കാരണം. അത്ര തന്നെ ചിലപ്പോള്‍ അതിലുമേറെ അദ്ധ്യായങ്ങള്‍ വരുന്ന ചിത്രരചന അസാദ്ധ്യമത്രെ! ക്രോഡീകരിച്ച അനുപാതത്തില്‍ അവയെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യവുമല്ല.
അതുകൊണ്ട് തുടര്‍ന്നുള്ള ചരിത്രായനത്തില് ചലച്ചിത്ര വര്‍ഷങ്ങളെ പൊതുവായും ചില ചിത്രങ്ങളെ പ്രത്യേകമായി സൂക്ഷ്മതലത്തിലും പരാമര്‍ശിച്ചുകൊണ്ടുള്ള സഞ്ചാരമേ സാധ്യമാകൂ.
എന്നാല്‍ ചരിത്രപര്വ്വത്തിലെ തുടര്ഭാഗങ്ങളിലേക്ക് കടക്കും മുന്‍പ് ഈ എട്ട് ചിത്രങ്ങള്‍ക്ക് പുറമെ ചലച്ചിത്രമാകാതെ പോയ മറ്റു രണ്ടു ചിത്രങ്ങളെക്കുറിച്ചുകൂടി ആദ്യഭാഗത്തിന്റെ അനുബന്ധമായി വിചാരണാവിധേയമാക്കേണ്ടതുണ്ട്. പാതിവഴിക്ക് ഉപേക്ഷിക്കപ്പെടേണ്ടിവന്ന ‘ഭൂതരായര്‍’ ആയിരുന്നു അവയില്‍ ആദ്യത്തേത്. അതേക്കുറിച്ചു നാം സവിസ്തരം ചര്‍ച്ച ചെയ്തു. രണ്ടാമത്തെ ചിത്രത്തിന്റെ പേരും സൂചിപ്പിച്ചു. കൈനിക്കര പത്മനാഭപിള്ളയുടെ പ്രകൃഷ്ട നാടകത്തെ ഉപലംബമാക്കി സി.ജെ. തോമസ് എഴുതിയ ‘കാല്‍വരിയിലെ കല്‍പ്പപാദപം’ എന്ന തിരക്കഥ നാമിവിടെ ഇനി സവിസ്തരം പുനര്‍വായനക്ക് വിധേയമാക്കുകയാണ്. മറ്റ് ഒന്‍പതു ചിത്രങ്ങളില്‍നിന്നും ഈ ചലച്ചിത്ര ശ്രമത്തിന് വ്യത്യസ്തമായ സവിശേഷതയുണ്ട്. ഈ തിരക്കഥ അതിന്റെ പൂര്‍ണരൂപത്തില്‍ തിരക്കഥാകാരന്റെ മരണം കഴിഞ്ഞു അരനൂറ്റാണ്ടു കഴിഞ്ഞിട്ടാണെങ്കിലും ലഭ്യമായിരിക്കുന്നു എന്നുള്ളതാണ്. മറ്റൊരു മുന്‍ ചിത്രത്തിന്റെയും ലിഖിത രൂപം നമുക്കിപ്രകാരം ലഭിച്ചിട്ടില്ല. മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രിന്റുകള്പോലും ഡ്യൂപ്പ് ചെയ്തെടുത്തതേ കൈവശമുള്ളൂ. ബാക്കി ചിത്രങ്ങളെക്കുറിച്ചുള്ള ഇതരവിവരങ്ങളില് സംവഹിച്ചുണ്ടാക്കാവുന്ന രൂപമേ നമുക്ക് പ്രാപ്യമായുള്ളൂ.
അതിനേക്കാള്‍ പ്രധാനം മറ്റൊന്നാണ്. ഈ തിരക്കഥയില്‍ നിന്ന് കണ്ടെടുക്കാനാകുന്ന ദൃശ്യവിതാനം ഇതെഴുതപ്പെട്ട 1949-50 കാലഘട്ടത്തില്‍ നിലവിലിരുന്ന ലോകസിനിമയിലെ ഏറ്റവും മികച്ച ദൃശ്യാവിഷ്കാരത്തോടു കിടപിടിക്കുന്ന ഒന്നാണ്. മലയാളത്തിന്റെ പരിമിതികള്ക്കപ്പുറത്തുനിന്നുകൊണ്ട് ലോകസിനിമയുടെ വിശാലമായ ചക്രവാളത്തിലെ പ്രൗഢമായ ഒരിടം മനസ്സില്‍ വിഭാവനം ചെയ്തുകൊണ്ട് നിവര്‍ത്തിച്ച ഒരു ദൃശ്യാഖ്യാനമായിരിക്കുന്നു ഇത്. അന്നിത് സിനിമയാക്കപ്പെട്ടിരുന്നുവെങ്കില് അന്തര്‍ദേശീയ തലത്തില്‍ തന്നെ ആ സിനിമ കൈയടക്കുമായിരുന്ന ഗരിമ ആറരപതിറ്റാണ്ടുകള്ക്കുശേഷം ഇന്നും മങ്ങലേല്ക്കാതെ ശോഭയോടെ തുടരുമായിരുന്നു എന്നു ഈ തിരക്കഥ സാക്ഷ്യപ്പെടുത്തുന്നു. രചനാവൈശിഷ്ട്യവും ദൃശ്യകൃത്യതകൊണ്ടും ആ തിരക്കഥ കാലഹരണപ്പെടുവാന്‍ വിസമ്മതിച്ചുകൊണ്ട് താരതമ്യങ്ങളില്ലാത്തവിധം ഇന്നും ചലച്ചിത്രപരമായ നവസാധ്യതകളെ ഉള്പ്പേറിക്കൊണ്ട് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
സി.ജെ. തോമസ് എന്ന ബഹുമുഖപ്രതിഭ ചലച്ചിത്രരംഗത്തുകൂടി സര്ഗ്ഗവ്യാപനം നടത്തിയിരുന്നു എന്നത് ഏറെപ്പേരറിഞ്ഞിരുന്നില്ല. റോസി തോമസിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ അത്തരം ശ്രമങ്ങളെക്കുറിച്ചും ‘കാല്‍വരിയിലെ കല്പപാദപം’ തിരക്കഥയെക്കുറിച്ചും സൂചനയുണ്ട്. ആവിധവും അല്ലാതെയും ചിലരൊക്കെ ഇതേക്കുറിച്ചറിഞ്ഞിട്ടുണ്ടാകാം. ഡോ. എ. റസലുദ്ദീന് ഈ തിരക്കഥയെ പഠനപരിവൃത്തമാക്കി ഒരു പ്രബന്ധമെഴുതിയിരുന്നു. തന്റെ പ്രബന്ധത്തിന് ഒരു പഠനവിഷയമായി ഉപയോഗിക്കുകയും അതിനനുപാതികമായ വ്യാഖ്യാനത്തില്‍ തന്റെ രാഷ്ട്രീയനിലപാടുകളുടെ മാത്രകളെ നിബന്ധിക്കുകയും മാത്രമേ അദ്ദേഹം ചെയ്തുള്ളൂ. ‘ജൂദാസ് നീതി തേടുന്നു’ എന്നായിരുന്നു അതിന്റെ ശീര്‍ഷകം. എന്നാല്‍ തിരക്കഥ പ്രസിദ്ധപ്പെടുത്തുവാനൊരു ശ്രമം 2010 ല്‍ സിജെയുടെ 50-ാം ചര്മവാര്ഷികംവരെയും നടന്നു കണ്ടിട്ടില്ല; ഒരുപക്ഷേ സിനിമയാക്കപ്പെട്ടില്ല എന്നതുകൊണ്ടാവാം. സിജെയുടെ ഒരു രചന എന്ന നിലയിലും മറ്റു സിജെ രചനകളിലെപ്പോലെ അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളുടെയും സന്ദേഹകലാപങ്ങളുടെയും സൂചകങ്ങള്‍ ഇതിലും കാണാനാവുന്നതിനാലും ഇതിനുമെത്രയോ മുമ്പ് ഇത് പ്രസിദ്ധപ്പെടുത്തേണ്ടതായിരുന്നു. പൊതു ശ്രദ്ധയിലെത്തുകയും ചരിത്രത്തോട് ചേര്‍ത്ത് ചര്‍ച്ച ചെയ്യപ്പെടുകയും വേണ്ടതായിരുന്നു. അറിയപ്പെടാത്തതെന്ന് പൂര്‍ണമായും പറയുവാനാവില്ലെങ്കിലും സിജെയുടെ ഘോഷിക്കപ്പെടാത്ത ചലച്ചിത്ര വ്യാപനത്തിന്റെ വിചാരണ അതിനാല്‍ ഏറെ പ്രസക്തമാണ്; ഇത്ര വൈകിയിട്ടാണെങ്കിലും കാലം, ചരിത്രം അതാവശ്യപ്പെടുന്നു.
1949-50 കളിലാണ് സി.ജെ. തോമസ് ഈ തിരക്കഥയെഴുതിയതെന്നാണ് ഡോ. എ. റസലുദ്ദീന് രേഖപ്പെടുത്തിയിട്ടുള്ളത്. റോസി തോമസ് എഴുതിയ ‘ഇവന് എന്റെ പ്രിയ സി ജെ’യില്‍ ഈ തിരക്കഥയെക്കുറിച്ച് പരാമര്‍ശമുണ്ട്. റോസിയെ സിജെ വിവാഹം ചെയ്യുന്നത് 1951ലാണ്. അവരൊരുമിച്ചുള്ള നാളുകളില്‍ സിനിമയുടെ വഴിയില്‍ സിജെ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അതില്‍ നേരിട്ട ചതിയെക്കുറിച്ചും ഇച്ഛാഭംഗത്തെക്കുറിച്ചും റോസി എഴുതിയിട്ടുണ്ട്. വിവാഹത്തിന്റെ ആദ്യപാദത്തിലായിരുന്നു അത്; തിരുവനന്തപുരത്തെ താമസനാളുകളില്. വിവാഹത്തിന്റെ എട്ടാംമാസം (1951 സെപ്തംബറിലാവണം) കേരളത്തിലെ സിനിമ നിര്‍മ്മാതാക്കളെ പരിചയപ്പെടുത്താന്‍ സിജെ, റോസിയെ മദിരാശിയില്‍ കൊണ്ടുപോയി. അത് ‘കലാകേരളം’ എന്ന സിജെ കൂടി പങ്കാളിയായ കമ്പനിയാകണമെന്നില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ സിജെയുടെ തിരുവനന്തപുരം നാളുകളിലായിരുന്നു. കാല്‍വരിയിലെ കല്പപാദപം ‘കലാകേരള’ത്തിനുവേണ്ടിയല്ല വേറൊരുകൂട്ടര്ക്കുവേണ്ടിയാണ് എഴുതിയതെന്ന് റോസി പറയുന്നുമുണ്ട്. മദിരാശി യാത്ര ഈ കൂട്ടര്ക്കുവേണ്ടിയായിരുന്നുവോ അതോ കലാകേരളത്തിനും മേല്‍ സൂചിപ്പിച്ച വേറൊരു കൂട്ടര്‍ക്കും പുറമെ മൂന്നാമതൊരു കൂട്ടര്‍കൂടി സിജെയുടെ ചലച്ചിത്ര പരിശ്രമവൃത്തത്തില് ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല.
കലാകേരളത്തിന്റെ ശ്രമം നടന്നു പരാജയപ്പെടുമ്പോഴേക്കും സിജെ രണ്ടു കുട്ടികളുടെ പിതാവായിരുന്നു. പരാജയങ്ങളുടെ ആ കാലഘട്ടത്തിലാണ് അവര്‍ തിരുവനന്തപുരത്തെ താമസം മതിയാക്കി മടങ്ങുന്നത്. അന്ന് ആ കാലഘട്ടത്തില്‍ ഇരുന്നു കുത്തിക്കുറിച്ചെഴുതിയതാണ് ‘ആ മനുഷ്യന് നീ തന്നെ’ എന്ന പ്രശസ്ത നാടകം. ഈ നാടകം പുസ്തകമായി ആദ്യമിറങ്ങുന്നത് 1955 മെയ് മാസത്തിലാണെന്ന് കാണുന്നു. രംഗനാടകമായല്ല റേഡിയോ നാടകമായാണ് ആദ്യമെഴുതിയതും. അങ്ങനെയെങ്കില്‍ റോസി സൂചിപ്പിക്കുന്ന പരാജയപര്വ്വവും അതിന് മുന്‍പേ നടന്ന രണ്ടോ മൂന്നോ (?) ചലച്ചിത്രശ്രമങ്ങളും അക്കാലത്തിനും മുന്പേയായിരിക്കണം. ഡോ. റസലുദ്ദീന്റെയും റോസിയുടെയും പരാമര്‍ശങ്ങള്‍ ഒന്നിച്ചുചേര്‍ക്കുമ്പോള്‍ ഈ തിരക്കഥ 1949-50 കാലയളവില്‍ എഴുതുകയും കുറച്ചുകാലം കൈയില്‍ സൂക്ഷിക്കുകയും റോസിയുടെ പരാമര്‍ശത്തില്‍ സൂചിപ്പിച്ച വേറൊരു കൂട്ടര് അതിനിടയില്‍ ഇത് സിനിമയാക്കുവാന്‍ ശ്രമിക്കുകയും പിന്നീടത് നടക്കാതെ പോവുകയും ചെയ്തുവെന്നുവേണം അനുമാനിക്കാന്‍. മുന്‍പേ എഴുതിവച്ച തിരക്കഥ അവര്‍ക്ക് നിര്ദ്ദേശിച്ചതാവാനുമാണിട.
എഴുതിയ ഒരു തിരക്കഥയുടെ പേരില്‍ സിജെയ്ക്ക് അന്നത്തെ നിലയ്ക്ക് നല്ലൊരു തുകയായ അയ്യായിരം രൂപ (അന്ന്) പ്രതിഫലം ലഭിച്ചിരുന്നു. ആ പണത്തില്നിന്നുമാവണം സിജെ കലാകേരളയില് ഓഹരിയെടുക്കുന്നത്. സിനിയില്‍ ദൃശ്യപരമായ ഒരു നവോത്ഥാനം കൊണ്ടുവരുന്നതിലുള്ള ഉത്സാഹമായിരുന്നു സിജെയ്ക്ക്. കമ്പനിയുടെ സാമ്പത്തികവശം കൈകാര്യം ചെയ്തിരുന്ന ആളുടെ അതിസാമര്‍ത്ഥ്യം മൂലം കമ്പനി തകരുകയായിരുന്നു. ആ അയ്യായിരം രൂപയില്‍ നിന്ന് സിജെ തനിക്ക് വാങ്ങി സമ്മാനിച്ച രണ്ടു കമ്മലൊഴികെ, ബാക്കിയത്രയും നഷ്ടമായതായും വളരെ പ്രതീക്ഷയോടുകൂടി തിരുവനന്തപുരത്തേക്ക് വന്ന തങ്ങള്‍ക്ക് നിരാശയോടെ സ്ഥലംവിടേണ്ടി വന്നതായും റോസി എഴുതുന്നു. ‘കാല്‍വരിയിലെ കല്പപാദപം’ സിനിമയാക്കാനുള്ള ശ്രമം എങ്ങനെ എപ്പോള്‍ തുടങ്ങി, പിന്നെ മുടങ്ങിയതിനെക്കുറിച്ചൊന്നും സൂചനകള്‍ എവിടെയും വേറെ കാണുന്നുമില്ല.
അടുത്തലക്കത്തില്‍: പാഥേര്‍ പാഞ്ച്ലിക്കും നീലക്കുയിലിനും
മുന്‍പേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: