ലോകമെമ്പാടും ഭീതിയുടെ വിത്തുകള്‍ വിതച്ച്, ഒരു ജനതയുടെ ജീവിതം തന്നെ ശിഥിലമാക്കിയ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന ഒടുവില്‍ അനിവാര്യമായ പതനത്തിലേക്ക്. ഇറാഖിലെ തങ്ങളുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ മൊസൂളില്‍ ഇനി പിടിച്ചു നില്ക്കാന് കഴിയില്ലെന്ന് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി അനുയായികളെ അറിയിച്ചു കഴിഞ്ഞു. അവശേഷിക്കുന്നവരോട് രക്ഷപ്പെടുക അല്ലെങ്കില്‍ ചാവേറായി മരിക്കുക എന്ന നിര്‍ദ്ദേശമാണ് ബാഗ്ദാദി നല്‍കിയത്.
ഈ പതനത്തില്‍ അമേരിക്കയ്ക്ക് ആഹ്ലാദിക്കാന്‍ വകയുണ്ടെങ്കിലും ഐഎസിനു വിത്തു പാകിയ തങ്ങളുടെ നിലപാടുകളെ അവര്‍ തിരുത്തി വായിക്കേണ്ടി വരും. സദ്ദാം ഹുസൈനെ തൂക്കിലേറ്റുമ്പോള്‍ ഇറാഖിനെ കൈപ്പിടിയിലാക്കാമെന്ന അമേരിക്കയുടെ മോഹങ്ങള്‍ക്കേറ്റ തിരിച്ചടിയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ പിറവിയും പിന്നീടുളള വളര്‍ച്ചയും. ഒരു പതിറ്റാണ്ടു കാലം ലോകത്തിനു തന്നെ ഭീതി വിതച്ച് ഐഎസ് നിലകൊണ്ടു. ലക്ഷക്കണക്കിന് ജനങ്ങള്‍ അഭയാര്‍ത്ഥികളായി. ആയിരക്കണക്കിനു പട്ടാളക്കാര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
സദ്ദാം ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഐഎസ് ഉണ്ടാകുമായിരുന്നില്ല. ‘ഇറാഖിലെ ജനസമൂഹത്തെ നിയന്ത്രിക്കാന്‍ സദ്ദാമിനെപ്പോലെ ശക്തനും കരുണയില്ലാത്തവനുമായ ഒരു ഭരണാധികാരിക്കു മാത്രമേ കഴിയുമായിരുന്നുളളു. സുന്നി- ഷിയ തീവ്രവാദികളെ ഒരേ പോലെ ഒതുക്കാന്‍ കഴിവുണ്ടായിരുന്ന സദ്ദാമെന്ന ഭരണാധികാരിയായിരുന്നു ഇറാഖിന് അനുയോജ്യം’- മുന്‍ സിഐഎ ഉദ്യോഗസ്ഥന് ജോണ്‍ നിക്സന്റേതാണ് ഈ തുറന്നു പറച്ചില്. ഇറാഖ് അധിനിവേശ കാലത്ത് സദ്ദാം ഹുസൈനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാളാണ് നിക്സണ്. ഇറാഖിലും സിറിയയിലും ഇന്നു കാണുന്ന പ്രശ്നങ്ങള്‍ സദ്ദാം ഉണ്ടായിരുന്നെങ്കില്‍ സംഭവിക്കില്ലായിരുന്നു എന്നും ‘ഡിബ്രീഫിങ് ദി പ്രസിഡന്റ്’ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു.
അമേരിക്കയ്ക്ക് ഇത് ഒരു പുനര്‍വിചിന്തനത്തിന്റെ സമയമാണ്. ലോക പോലീസ് ചമയാനുളള വെമ്പലില്‍ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് അവരറിയാതെ പോയി. അംഗബലം നഷ്ടപ്പെട്ട്, ശക്തിക്ഷയിച്ച ഐഎസ് പോരാട്ടമുഖത്തു നിന്നും പിന്‍വാങ്ങിയിരിക്കുന്നു. കൂടുതല്‍ ശക്തിയാര്‍ജിച്ച് അവര്‍ തിരിച്ചു വന്നേക്കാം. അതു കൊണ്ട് ഇനിയുളള ചുവടുകള്‍ കരുതലോടെയാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: