വനിതകളുടെ ശ്രേയസിനെ ഉയര്‍ത്തിപ്പിടിച്ച് വീണ്ടും വനിതാദിനം. ലോകത്താകമാനമുള്ള സ്ത്രീകളുടെ ഉന്നമനത്തെ ലക്ഷ്യമാക്കി ഇന്ന് ലോകം മുഴുവന്‍ അവളുടെ അപദാനങ്ങളില്‍ മുഴുകും. 1900ത്തില്‍ തുടങ്ങിയ അന്താരാഷ്ട്ര വനിതാ ദിനം ഇന്ന് ഒരു നൂറ്റാണ്ടു കടന്നുപോകുമ്പോള്‍ സ്ത്രീ സ്വത്വത്തെക്കുറിച്ചുള്ള വിചാരങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം നിറപ്പകിട്ടുള്ള കുറെ ആഘോഷങ്ങളും പരിപാടികളും മാത്രമായി ഒരുതരം വ്യാജാവസ്ഥയിലേക്കു ഒതുക്കപ്പെടുകയല്ലേയെന്നു സംശയിച്ചുപോകും.
സ്ത്രീയുടെ സാമൂഹ്യവും സാമ്പത്തികവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ ഇക്കാലമത്രയും വിചാരിച്ചത്ര ഉണ്ടായിട്ടുണ്ടോയെന്നു പുനപ്പരിശോധിക്കാന്‍ കൂടിയുള്ള അവസരമാണ്. ശരിയാണ് കൂട്ടായ അനവധി പോരാട്ടങ്ങളിലൂടെ വിവിധ രംഗങ്ങളില്‍ അവള്‍ക്ക് വന്‍കിട നേട്ടങ്ങള്‍ ലോകമെങ്ങും ഉണ്ടായിട്ടുണ്ട്. ഒരുനൂറ്റാണ്ടു മുന്‍പ് സ്ത്രീ അനുഭവിച്ച അത്യന്തം നീചവും ക്രൂരവുമായ ദയനിയാവസ്ഥ ഇല്ലെന്നു ഒറ്റനോട്ടത്തില്‍ പറയാമെങ്കിലും ഐഎസ് പോലെയുള്ള ഭീകര സംഘടനകള്‍ ഇറാക്ക്,സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പിടികൂടിയ സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഇന്നത്തെ ആധുനിക ചുറ്റുപാടില്‍ എവിടെയാണ് സമൂഹത്തില്‍ അവള്‍ക്കുള്ള സ്വാതന്ത്ര്യവും അവകാശവും എന്നും ചോദിക്കേണ്ടിവരുന്നു.
നമ്മുടെ നാട്ടില്‍ തന്നെ നൂറുകണക്കിന് അവകാശ, സ്വാതന്ത്യ ലംഘനങ്ങളാണ് സ്ത്രീക്കുനേരെ നടക്കുന്നത്. പ്രശസ്തയായൊരു നടിയെ വാഹനത്തിലിട്ട് ആക്രമിച്ചതും 16കാരിയെ ബലാല്‍സംഗം ചെയ്ത് വൈദികന് ഗര്‍ഭിണിയാക്കിയതും തുടങ്ങിയ ക്രൂരമായ സംഭവങ്ങള്‍ സൃഷ്ടിച്ച കോളിളക്കത്തിന്റെ അലകള്‍ ഇവിടെ അടങ്ങിയിട്ടില്ല.അതിനിടയിലാണ് വിദ്യാര്‍ഥിനികളെ കണ്ണൂര്‍ സര്‍വകലാശാലയിലെ വകുപ്പു മേധാവി പീഡിപ്പിച്ചുവെന്ന ആരോപണം ഉണ്ടായിട്ടുള്ളത്. അതുപോലെതന്നെ ഹൈദരാബാദില്‍ രണ്ടു മുസ്ലിം യുവതികളെ അമേരിക്കയിലുള്ള സഹോദരന്മാരായ ഭര്ത്താക്കന്മാര് വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലിയത്. പുരോഗമിച്ച് വാട്സ് ആപ്പിലൂടെപോലും മൊഴി ചൊല്ലാവുന്ന ബന്ധമേ ഭാര്യയുമായി ഭര്ത്താവിനുള്ളൂവെന്നു വരുന്നു. ഇങ്ങനെ നേരും നെറീംകെട്ട രീതിയില്‍ സ്ത്രീ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് വനിതാ ദിനം കടന്നുപോകുന്നത്.
ലോകത്തില്‍ എല്ലായിടങ്ങളിലും സ്ത്രീത്വം ക്രൂരമായി അപമാനിക്കപ്പെടുകയാണ്. പുരുഷ മേധാവിത്വം എന്ന ഒരേയൊരു കാരണം പറഞ്ഞ് ലഘൂകരിക്കാവുന്ന പ്രശ്നങ്ങളല്ല ഇത്. പോലീസ്, നിയമം,ഭരണകൂടം, കോടതി തുടങ്ങിയ സുരക്ഷാ തൂണുകള്‍ ശക്തമല്ലാത്തതുകൂടി ഇത്തരം അക്രമങ്ങള്‍ക്കും മേധാവിത്വത്തിനും കാരണമാകുന്നുണ്ട്.സ്്ത്രീ പീഡനക്കേസുകളില്‍ നമ്മുടെ നാട്ടില്‍ തന്നെ ഭൂരിഭാഗവും ശിക്ഷിക്കപ്പെടാതെ പോകുന്നുണ്ട്.നിയമവും സ്ത്രീക്കെതിരെ ആണോ എന്ന് വിചാരപ്പെടുന്ന അനവധി സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.പീഡനം നടന്നാല്‍ ഇരയെക്കാളും വേട്ടക്കാരന് കൂടുതല്‍ സംരക്ഷണമാണ് നമ്മുടെ നാട്ടിലും ഏതുവിധേനയും കിട്ടുന്നത്.
സ്ത്രീ സംരക്ഷണത്തിനു ലോകമൊട്ടുക്കും കാക്കത്തൊള്ളായിരം നിയമങ്ങളും സംഘടനകളും പദ്ധതികളുമുണ്ട്.അവയില്‍ ഏതാനും ചിലതു മാത്രം പ്രവര്‍ത്തിച്ചാല്‍ മതി സ്ത്രീ സുക്ഷയ്ക്ക്. പക്ഷേ ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ. മറ്റാരെക്കാളുമുപരി സ്ത്രീ മഹത്വം കൊണ്ടാടിയ നാടാണ് ഭാരതം. നമ്മുടെ വേദോപനിഷത്തുക്കളിലും ഇതിഹാസങ്ങളിലും മറ്റും സ്ത്രീയെ സംപൂജ്യ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. സ്ത്രീയുടെ കണ്ണീരു വീഴുന്നിടം കരിയുമെന്നാണ് നമ്മള് പറയാറ്. സ്ത്രീ അമ്മയാണ്. പ്രകൃതിയാണ് നമുക്ക്. ദൈവത്തിന്റെ അമ്മ എന്നാണ് ബൈബിളില്‍ പറയുന്നത്. സ്വയം അറിയാനും അവകാശങ്ങള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാനും പുരുഷനെ ആരോഗ്യകരമായി മനസിലാക്കാനും സ്ത്രീക്കു കഴിയണം. സ്ത്രീയുടെ അന്തസും അഭിമാനവും കാത്തുസൂക്ഷിക്കേണ്ടത് പുരുഷന്റെ കൂടി കടമയാണ്. പുരുഷന് സ്വന്തം സ്വത്വത്തെക്കുറിച്ചു തെറ്റിദ്ധരിക്കുന്നിടത്ത് സ്ത്രീ അപമാനിതയാകുന്നു. പുതിയ വനിതാദിനം മാറ്റങ്ങളുടെ പുതുമയാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: