ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് 2400 ഓളം പൊതു മേഖലാ ബാങ്ക് ശാഖകളില്‍ വന്‍ തുകകളുടെ ഇടപാടുകള്‍ നടന്നതായി സൂചന. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടന്ന നവംബര്‍ എട്ടിനും ഡിസംബര്‍ 30നുമിടയിലാണ് ഈ ഇടപാടുകള്‍ കൂടുതലും.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, ബംഗാള്‍ എന്നിവിടങ്ങളിലാണ് വന്‍ തുകകള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ളത്. എന്നാല്‍, ഇത്തരത്തിലുള്ള നിക്ഷേപങ്ങളിലും പണം തട്ടിപ്പിലും ബാങ്ക് ജീവനക്കാര്‍ക്കും പങ്കാളിത്തമുണ്ടെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2.5 ലക്ഷത്തിന് മുകളിലുള്ള എല്ലാ ഇടപാടുകളും ബാങ്കുകള്‍ വന്‍ തുകയായാണ് കണക്കാക്കുന്നത്. വ്യക്തമായ രേഖകളില്ലാതെ ഈ തുകയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയവര്‍ക്കെല്ലാം ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. ഇവരുടെ അക്കൗണ്ടുകളില്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി. നവംബര്‍ എട്ടിനു ശേഷം പണം തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് നാനൂറോളം സ്വകാര്യ- പൊതുമേഖലാ ബാങ്ക് ജീവനക്കാരാണ് സസ്പെന്‍ഷനിലായത്.
നവംബര്‍ എട്ടിനും ഡിസംബര്‍ 30നുമിടയില്‍ 2.5 ലക്ഷത്തിനു മുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള 70 ശതമാനം അക്കൗണ്ടുകളും ആദായ നികുതി വകുപ്പിന്റെ നിരിക്ഷണത്തിലാണ്. അതേസമയം, സ്വകാര്യ ബാങ്കുകളിലുണ്ടായ ഇത്തരം ഇടപാടുകളെ കുറിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും അന്വേഷണം നടത്തുന്നു.
ഇതിന്റെ ഭാഗമായി ബാങ്കുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളും മറ്റും പരിശോധിക്കും. ഇതു കൂടാതെ വന്‍ ഇടപാടുകള്‍ സംബന്ധിച്ച് പ്രത്യേകം റിപ്പോര്‍ട്ട് നല്കാന് ബാങ്കുകളോട് സെന്‍ട്രല്‍ വിജിലന്‍സ് ഉദ്യോഗസ്ഥരും(സിവിഒ) ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: