ന്യൂദല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനെന്ന് ഹുറണ്‍ ഗ്ലോബലിന്റെ റിപ്പോര്‍ട്ട്. 1,75,400 കോടിയുടെ (26 ബില്യണ്‍ ഡോളര്‍) ആസ്തിയുമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുന്നിലെത്തിയത്. ആഗോള തലത്തിലുള്ള പട്ടികയില്‍ അബാനി 28ാം റാങ്കിലാണ്.
ഹിന്ദുജ ഗ്രൂപ്പ് ചെയര്മാന് എസ്. പി. ഹിന്ദുജയും കുടുംബവുമാണ് രാജ്യത്തെ രണ്ടാമത്തെ കോടീശ്വരന്. 1,01,000 കോടിയാണ് കമ്പനിയുടെ ആസ്തി. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപകന്‍ ദിലീപ് ശങ്ക്വിയാണ് മൂന്നാം സ്ഥാനത്ത്. ആഗോള പട്ടികയില്‍ ഇരു കമ്പനികളും 74ാം സ്ഥാനത്താണ്. സണ്‍ ഫാര്‍മയുടെ ഷെയറുകളില്‍ ഇടിവ് വന്നതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ പട്ടികയില്‍ ദിലീപ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 99,000 കോടിയാണ് കമ്പനിയുടെ മൊത്തം ആസ്തി.
രാജ്യത്തെ പ്രമുഖ കെട്ടിട നിര്‍മാണ ഗ്രൂപ്പ് മേധാവി പല്ലോണ്ഞ്ചി മിസ്ത്രിയാണ് നാലാമത്. (82,700 കോടി). ലക്ഷ്മി മിത്തല്‍ അഞ്ചാമത്. (81,800 കോടി). ഇരുവരും ആഗോള പട്ടികയില്‍ 97ാമതാണ്. വ്യവസായിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ശിവാ നാടാരാണ് ആറാം സ്ഥാനത്ത്. 81,200 കോടിയാണ് മൊത്തം ആസ്തി. ആഗോള തലത്തില്‍ 97ാം സ്ഥാനത്താണ് നാടാര്‍. സൈറസ് എസ് പൂനവല്ലയാണ് തൊട്ടടുത്ത് 75,400 കോടി. ആഗോള തലത്തില്‍ 106ാമത്.
വിപ്രോയുടെ അസീം പ്രേംജിയാണ് എട്ടാമത്. 66,300 കോടിയാണ് മൊത്തം ആസ്തി. ഉദയ് കോട്ടക്കാണ് അടുത്ത സ്ഥാനത്ത്. ആഗോള തലത്തില്‍ ഇരുവരും 134ാം സ്ഥാനത്താണ്. ഇന്ത്യയില്‍ ജനിച്ച റൂബന്‍ സഹോദരങ്ങളായ ഡേവിഡ്, സിമോണ്‍ എന്നിവരാണ് ഇന്ത്യയിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ പത്താം സ്ഥാനത്ത്. 45,600 കോടിയാണ് ആസ്തി. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലാണ് റൂബന്‍ ഫൗണ്ടേഷന് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗ്ലോബല്‍ സ്വിച്ച് എന്ന സ്ഥാപനവും ഇവരുടേതാണ്.
പേ ടിഎമ്മിന്റെ വിജയ് ശേഖര്‍ ശര്‍മ, ഡയറക്ടിയുടെ ദിവ്യാങ്ക് തുരഖിയ എന്നിവരും കോടിപതികളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് 11 കോടീശ്വരന്മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹുറണ്‍ ഇന്ത്യ ഗ്ലോബല്‍ പുറത്തിറക്കിയ പട്ടികയില്‍ 132 പേരാണ് ഇടം പിടിച്ചത്. ഇതുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോടീശ്വരന്മാര് ഉള്ളത് മുംബൈയിലാണ്, 42 പേര്. ദല്‍ഹി(21), അഹമ്മദാബാദ് (9) എന്നിവയും തൊട്ടുപിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: