കുഴല്‍മന്ദം: കോട്ടായിമേഖലയില് നാമമാത്രമായിരുന്ന മധുരക്കിഴങ്ങ് കൃഷിയിലേക്കു കൂടുതല്‍ കര്‍ഷകര്‍. പാടശേഖരങ്ങളിലും പറമ്പുകളിലും ഇക്കുറി വ്യാപകമായി കൃഷിയിറക്കിയിട്ടുണ്ട്.
മൂന്നു മാസത്തിനകം വിളവെടുക്കാവുന്നതാണു കര്‍ഷകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തില്‍ മഴ കുറഞ്ഞാലും ഭയക്കേണ്ടതില്ല. കൃഷിക്കു കൂലിച്ചെലവും കുറവാണ്. കാട്ടുപന്നി കൃഷി നാശം വരുത്തുമെന്ന ഭയം മാത്രമാണു കര്‍ഷകരെ അലട്ടുന്നത്. രാത്രി കാവല്‍ ഏര്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണവര്‍.
കോട്ടായി കൃഷിഭവന് പരിധിയില്‍ കുറച്ചു വര്‍ഷമായി കര്‍ഷകര്‍ ചക്കരക്കിഴങ്ങ് കൃഷി ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും കൃഷി വ്യാപകമായി. പാട്ടത്തിനെടുത്തും കൃഷിയിറക്കുന്നുണ്ട്. കിഴങ്ങിനു വിപണിയും കൂടുതലാണ്. ലോഡ് കണക്കിനു കിഴങ്ങ് കയറ്റിക്കൊണ്ടു പോകാന്‍ മൊത്തക്കച്ചവടക്കാര്‍ രംഗത്തെത്താറുണ്ട്.
കൃഷി ചെലവിനുള്ള തുക മുന്‍കൂറായി നല്കുന്ന പതിവുണ്ട്. വിളവെടുപ്പ് ആരംഭിക്കുന്നതോടെ രണ്ടാം വിള നെല്‍കൃഷിക്കു പാകമാകും. മധുരക്കിഴങ്ങിന്റെ വള്ളിപടര്പ്പായ ചെടി നെല്‍കൃഷിക്കുള്ള ജൈവവളമാകുമെന്നതു കര്‍ഷകര്‍ക്കു വലിയ നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: