തിങ്കളാഴ്ച നല്ല ദിവസം എന്ന പേരില്‍ പി.പത്മരാജന്റെ സിനിമ വരെയുണ്ട്. പ്രമേയ വ്യതിയാനംകൊണ്ട് നല്ല സിനിമയായിരുന്നു അത്. എപ്പഴത്തേയും പോലെ പത്മരാജന് ചിത്രങ്ങളുടെ പേരുകളുടെ വ്യത്യസ്ത ലാവണ്യം ആ സിനിമയ്ക്കുമുണ്ടായിരുന്നു. തിങ്കളാഴ്ച നല്ല ദിവസമെന്നാണ് പൊതുവെ വിശ്വാസം. എല്ലാത്തിനെക്കുറിച്ചുള്ള നല്ലതും ചീത്തയുമായ വിശ്വാസം ദിവസങ്ങളെക്കുറിച്ചും ഉണ്ടാകാം. ഇതു പക്ഷേ ഏതെങ്കിലും ശാസ്ത്രത്തിന്റെ തെളിച്ചത്തിലോ ആചാരാനുഷ്ഠാനങ്ങളുടെ വെളിച്ചത്തിലോ ഉള്ളതല്ല. ഓരോ ദേശത്തും പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നതും പൊതുവായി കരുതുന്നതുമാണ് ഇതെല്ലാം.
എന്തും തുടങ്ങാന്‍ നല്ലതാണ് തിങ്കളാഴ്ച എന്നു കരുതുന്നവരുണ്ട്.എന്നാല്‍ പണ്ടെത്തെ കുട്ടികള്‍ക്കു മടിദിവസമായിരുന്നു തിങ്കളാഴ്ച. രണ്ട് ദിവസത്തെ അവധി ആഘോഷിച്ചു കഴിഞ്ഞ് ക്ളാസിലേക്കുപോകാന് കൊച്ചുകുട്ടികള്‍ക്കു വല്ലാത്ത അലസതയായിരുന്നു. കരഞ്ഞും പിണങ്ങിയുമൊക്കയാവും അവര്‍ സ്ക്കൂളിലേക്ക് പോകുക. ചൊവ്വാഴ്ചയ്ക്ക് എന്തുകൊണ്ടോ ഒരു മ്ളാനതയാണെന്നു തോന്നുന്നു. ചൊവ്വാദോഷം പോലെ ചിലര്‍ക്കു പേടിയും ആശങ്കയുമൊക്കെയാണ് ചൊവ്വ. ഒന്നും തുടങ്ങാവുന്നതല്ല ഈ ദിവസമെന്ന രീതിയില്‍ യാത്രപോലും മാറ്റിവെക്കുന്നവരുണ്ട്. ചൊവ്വാഴ്ചകളില്‍ സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാത്തവരുണ്ട്, പേടിയാണ്. ചില അകൃതങ്ങള്‍ ഇറങ്ങി നടക്കുന്ന ദിവസമാണിതെന്ന് അന്നും ഇന്നും ചില പഴമക്കാര്‍ പറയും. എന്നാല്‍ ദേവി സാന്നിധ്യം ഉള്ള ദിനംകൂടിയാണിത്.
ബുധന്‍ അവിടേയും ഇവിടേയും തൊട്ടുതൊട്ടില്ലെന്നപോലെയാണ്. ഗുണവുമില്ല ദോഷവുമില്ല. എന്നാല്‍ അതു രണ്ടും ഉണ്ടുതാനും. എന്നാല്‍ ബുധനാഴ്ച തുടങ്ങാം കാണാം എന്നൊന്നും പറയില്ലെന്നു ചിലര്‍ പറയുമ്പോള്‍ തന്നെ ഒരു കണക്കാണെന്ന മട്ടാണ് പലരും ഇൗ ദിവസത്തെ കാണുന്നതെന്നുതോന്നുന്നു. എങ്കിലും വിദ്യാരംഭത്തിനു പറ്റിയതാണ് ബുധനെന്നും പറയപ്പെടുന്നു. കരാര്‍ ജോലികള്‍ ആരംഭിക്കാന്‍ പറ്റുന്ന ദിനമാണ്. വീടു പണി ,പൊതുമരാമത്ത്് എന്നിവയുടെ തുടക്കത്തിനു നല്ലനാളാണിതെന്നും സങ്കല്‍പ്പമുണ്ട്.
പക്ഷേ വ്യാഴാഴ്ചയെക്കുറിച്ച് മിക്കവാറും എല്ലാവര്ക്കും നല്ലതേ പറയാനുള്ളൂ. എന്തു തുടങ്ങാനും പോകാനും വരാനും ഈ ദിവസം നല്ലതു തന്നെ. മറ്റു ദിവസങ്ങളെക്കുറിച്ചുള്ള അമിത ആശങ്കകളോ പ്രതീക്ഷകളോ വ്യഴാഴ്ചയുടെ സ്വഭാവമല്ല. ഒരുതരം പക്വതയുടെ രീതിയാണ് ഈ ദിവസത്തിന്. ഏറ്റവും കൂടുതല്‍ അന്ധവിശ്വാസമുള്ള ദിവസമാണ് വെള്ളി. ഭൂത പ്രേത പിശാചുക്കളൊക്കെ ഇറങ്ങി നടക്കുന്ന ദിവസമാണ് ഇതെന്ന് ലോകത്ത് വിശ്വാസമുണ്ട്. പണ്ടു മുതല്ക്കേ പേടി ദിനമായി മാറിയിട്ടുണ്ട് വെള്ളി. മിക്കവാറും ലോക സിനിമകളും ഭീകര നോവലുകളും വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണി എന്നത് പേടി സമയമായാണ് വാഴ്ത്തുന്നത്. എന്നാല്‍ ദേവി സാന്നിധ്യം കൂടുതലുള്ള ദിവസമായി ഈ ദിവസത്തെ സങ്കല്പ്പിക്കുന്നവരാണ് ഭൂരിപക്ഷവും.
ശനിയും ഞായറും മുടക്കു ദിവസങ്ങളുടെ പ്രാധാന്യമുള്ള ദിനങ്ങളാണ്. അതില്‍ തന്നെ ശനി ഒരു മ്ളാനതയാണ്. ഭിക്ഷപോലും കിട്ടാത്ത ദിവസമായി ശനിയെ കാണുന്നവരുണ്ട്. എന്നാല്‍ നേരെ തിരിച്ചാണ് ഞായറിന്റെ കാര്യം. അത് അവധിയുടെ ഉത്സവ ദിനമാണ്. ചിലര്‍ വിശ്രമം ആഘോഷിക്കുന്നു. മറ്റു ചിലരാകട്ടെ യാത്രയും തിരക്കും കൊണ്ടാടുന്നു. വരാനും പോകാനും ക്ഷണിക്കാനും നല്ലതെന്തും നടത്താനും പറ്റിയ ദിനമാണ് ഞായര്‍. ശനി നിശബ്ദതയാണെങ്കില് ഞായര്‍ തിരക്കുകൊണ്ട് ഉണര്‍ച്ചയുടേയും ഉണര്‍വിന്റെയും ദിവസമാണ്. ഞായര്‍ സൂര്യ ദിവസമായതുകൊണ്ടാവണം ഇത്രയും ഉണര്‍വെന്നു തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: