ചീമേനി: നനവാര്‍ന്നൊരു കവിതപോലെ അച്ഛനമ്മമാരുടെ ഓര്‍മ്മകള്‍ പുസ്തകങ്ങളെ പൊതിഞ്ഞു നിന്നതിലാവണം ചിതലരിച്ചു തുടങ്ങിയ താളുകള്‍ക്കിടയില്‍ സനാഥത്വത്തിന്റെ പഴയ താളുകള്‍ കണ്ടപ്പോള്‍ ആനാഥത്വം മറന്ന് സീന പുഞ്ചിരിച്ചു. അച്ഛന് പ്രണനു തുല്യം സ്നേഹിച്ച പുസ്തകങ്ങള്‍ ആദ്യവിദ്യലയത്തിന് സമ്മാനിച്ച നിര്‍വൃതിയോടെ, നാടിന് വിസ്മയമായിരുന്ന ലക്ഷ്മണന് മണിയറയുടെ ഗ്രന്ഥശേഖരം ചീമേനി വിവേകാനന്ദ വിദ്യാമന്ദിരം പൂര്‍വ്വ വിദ്യര്‍ത്ഥി പരിഷത്ത് ഏറ്റെടുത്തത് വൈകാരികവും മൂല്യവത്തുമായ ഇടപെടലായി മാറി. ജീവിതത്തിന്റെ ബാധ്യതകളില്‍ നിന്ന് സ്വയംവിരമിക്കുക എന്ന ദുര്‍വിധി ലക്ഷ്മണന്-ചന്ദ്രിക ദമ്പതികള്‍ തിരഞ്ഞെടുക്കുമ്പോള്‍ മക്കളായ സഞ്ജയനും സീനയ്ക്കും വേണ്ടി അവശേഷിക്കുന്നത് പുസ്തക പ്രേമിയായ ലക്ഷ്മണന് ശേഖരിച്ച ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുസ്തകങ്ങളായിരുന്നു.
ഒരുകാലത്ത് ഒയോളം ഗ്രാമത്തിന് മഴുവന്‍ കൗതുകവും ഉപകാരപ്രദവുമായിരുന്നു അവ. മതാപിതാക്കളുടെ മരണ ശേഷം അന്യാധീനപ്പെട്ടുപോയ പുസ്തകങ്ങളെ പറ്റി യാദൃശ്ചികമായാണ് മക്കള്‍ ഓര്‍ക്കുന്നത്. കാരണമായത് ചീമേനി വിവേകാനന്ദ വിദ്യാമന്ദിരം പൂര്‍വ്വ വിദ്യാര്‍ത്ഥി പരിഷത്താണ്. വിദ്യാലയത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് പൂര്‍വ്വ വിദ്യര്‍ത്ഥി പരിഷത്ത് സമര്‍പ്പിക്കുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സൗജന്യമായി നല്കാന് സഞ്ജയനും സീനയും തയ്യാറായി. വിദേശത്തുള്ള സഹോദരന്റെ അഭാവത്തില്‍ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം തന്റെ പ്രിയ വിദ്യാലയത്തിലേക്ക് പുസ്തകങ്ങള്‍ കൈമാറുമ്പോള്‍ ആനന്ദക്കണ്ണീരണിയുകയായിരുന്നു സീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: