കിരാതമൂര്‍ത്തി കനിഞ്ഞനുഗ്രഹിച്ച് ശ്രീ കുറക്കാവ് ദേവീക്ഷേത്രം. അനുഗ്രഹ ഫലസിദ്ധികള്‍ അതിരുകള്‍ക്കപ്പുറമെത്തിയപ്പോള്‍ ഇവിടേക്ക് ഭക്തരുടെ അണമുറിയാത്ത പ്രവാഹം. ഇന്ന് കുറക്കാവൊരു ദേവവ്രത നിഷ്ഠയോടെയെത്തുന്ന പതിനായിരങ്ങളുടെ ഹൃദയം നിറയുന്ന പുണ്യഭൂമിയാണ്. ആലപ്പുഴ ജില്ലയില്‍ കായംകുളം കൃഷ്ണപുരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കുറക്കാവിലെ മൂലസ്ഥാനത്ത് വെറ്റില പറത്തി തിരുമുറ്റത്തിരുന്ന് തൂശനിലയിട്ട് അതില്‍ ഒരു നുള്ളു പൂവും വേപ്പിന് തണ്ടും വെള്ളി രൂപയും കര്‍പ്പൂരവും വെച്ച് തനിക്കുവേണ്ടി, തന്റെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഭക്തര്‍ അവരുരുവിടുന്ന മന്ത്രാര്‍ച്ചനയില്‍ ഇവിടെ പ്രകൃതിയും കുളിരണിയുകയാണ്. ഒരു ഗ്രാമം മുഴുവന്‍ പ്രകമ്പനം കൊള്ളുന്ന ദേവീ സ്തുതികളുടെ മാന്ത്രിക ശക്തിയില്‍ അത്ഭുത ഫലസിദ്ധികള്‍ ഉയിര് കൊള്ളുന്നു. ദോഷ ദുരിതങ്ങള്‍ ഉരുകിയകലുന്നു. ഇവിടെ ആത്മനിര്‍വൃതി അനുഭവിച്ചറിയുകയാണ് ഭക്തര്‍.
കുറക്കാവിന്റെ അഭീഷ്ടഫലസിദ്ധി, കാര്യസിദ്ധി, പൂജയിലൂടെ കൈവരിച്ചതാണ്. എല്ലാ മലയാളമാസവും രണ്ടാമത്തേതും അവസാനത്തേയും ഞായറാഴ്ചകളില്‍ നടക്കുന്ന കാര്യസിദ്ധി പൂജയില്‍ പങ്കെടുക്കാനെത്തുന്നവര്‍ ക്ഷേത്രപരിസരത്തിനു താങ്ങാവുന്നതിനുമപ്പുറമാണ്. ഋഷികേശ് അമ്പനാട്ടിന്റെ നേതൃത്വത്തിലുള്ള കുറക്കാവ് ദേവസ്വം ഭരണസമിതി ചിട്ടയായ ക്രമീകരണങ്ങളിലൂടെ കാര്യസിദ്ധി പൂജയെ കുറ്റമറ്റതാക്കുന്നു.
പൂജയ്ക്കായി പങ്കെടുക്കുന്ന ഭക്തജനങ്ങള്‍ക്ക് ഉണ്ടാകുന്ന അനുഭവസാക്ഷ്യങ്ങള്‍ വിവരണാതീതമാണ്. സന്താനസൗഭാഗ്യം, രോഗശാന്തി, മംഗല്യഭാഗ്യം, കടംനിവാരണം, ഭവനഭാഗ്യം, ഉദ്യോഗലബ്ധി തുടങ്ങി എല്ലാവിധ കാര്യങ്ങള്‍ക്കും ഇവിടുത്തെ കാര്യസിദ്ധി പൂജയില്‍ പങ്കെടുത്താല്‍ സാധിക്കും എന്നാണ് വിശ്വാസം. ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ ഓരോ പൂജയിലും ദേവസ്ഥാനത്ത് അറിയിക്കുന്നു. കരുണാമയിയായ ദേവിയും ദേവനും നിറസാന്നിധ്യമായി തന്റെ മക്കളുടെ സുഖത്തിലും ദുഃഖത്തിലും എപ്പോഴും ഉണ്ട് എന്നുള്ളതാണ് ദിനംപ്രതി കാര്യസിദ്ധിപൂജയ്ക്ക് എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ ബാഹുല്യം വര്‍ദ്ധിക്കുന്നതിനു കാരണം.
ആദികാലത്ത് ഇവിടെ ആചാരാനുഷ്ഠാനങ്ങളോടെ പൂര്‍വ്വികര്‍ ആരാധിച്ചുവന്നിരുന്ന സൗമ്യരൂപത്തിലുള്ള ഭദ്രകാളി പ്രതിഷ്ഠയായിരുന്നു. ഇതോട് ചേര്‍ന്നുള്ള കുറക്കാവ് കിരാതമൂര്‍ത്തിയായ പരമശിവന്റെ സര്‍വ്വസാന്നിദ്ധ്യം കൊണ്ട് പ്രസിദ്ധമായിരുന്നു. കായംകുളം രാജാവും രാജ്യവും കീഴടക്കപ്പെട്ടപ്പോള്‍ ആശ്രിതരായിരുന്ന ഈ ദേവസങ്കേതത്തിന്റെ പൂര്‍വ്വികരും നാശോന്മുഖരായി. കാലാന്തരത്തില്‍ ആചാരുനുഷ്ടാനങ്ങള്‍ ഇല്ലാതെ ക്ഷേത്രസങ്കേതം നശിച്ചു.
സ്വാതന്ത്ര്യ പ്രാപ്തിയ്ക്ക് ശേഷമുണ്ടായ ക്ഷേത്രപുനഃരുദ്ധാരണത്തിന്റെയും ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെയും കാറ്റ് ഈ ഗ്രാമത്തിലും കടന്നെത്തി. ക്ഷേത്രത്തിന്റെ നശിച്ചുപോയിരുന്ന ഭാഗത്തുണ്ടായിരുന്ന മൂലസ്ഥാനമായ കാവില്‍ വിളക്ക് വെയ്പ്പും ഭക്തിപുരസ്സരം ആരാധനയും തുടങ്ങി. പലവിധ വ്യവഹാരങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ജ്യോതിഷപണ്ഡിതന്മാരാല്‍ പരിഹാരകൂട്ടം പ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ക്ഷേത്രം സംരക്ഷിക്കപ്പെടുകയും ക്ഷേത്രസമുച്ചയം പുനര്‍നിര്‍മ്മിച്ച് പ്രതിഷ്ഠാകര്‍മ്മവും നിത്യപൂജാദികര്‍മ്മങ്ങളും നടത്താനാരംഭിച്ചു. ക്ഷേത്രപുനരുദ്ധാരണത്തോടെ ഈ കാപ്പില്‍ കൃഷ്ണപുരം ഗ്രാമത്തിലും ഐശ്വര്യപ്രദാനമായ മാറ്റങ്ങളുണ്ടായി. ഈ മഹാക്ഷേത്രത്തില്‍ സുഷുപ്താവസ്ഥയില്‍ വിലയിച്ച് നിന്ന ദേവതകള്‍ പൂര്‍ണ്ണമായി ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു.
ഭക്തന്മാര് ഇന്ന് വ്രതാചരണത്തോടെ വരുന്ന കേരളത്തിലെ പ്രധാനക്ഷേത്രമായി ഇവിടം മാറിയിരിക്കുന്നു. ഗിരിദേവതാ ബന്ധത്തോടുകൂടിയ ശ്രീപരമശിവനെ കിരാതമൂര്‍ത്തിഭാവത്തിലും സൗമ്യസ്വരൂപിയായ ശ്രീഭദ്രകാളിയേയും തുല്യപ്രാധാന്യത്തോടുകൂടി പ്രതിഷ്ഠ നടത്തി. ശ്രീഭദ്രകാളി കിഴക്കോട്ട് ദര്‍ശനമായും, കിരാതമൂര്‍ത്തി പടിഞ്ഞാറോട്ട് ദര്‍ശനമായുള്ള ഇവിടെ ഗണപതി, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരന്, അഖില സര്‍പ്പങ്ങള്‍ എന്നിവരെ പ്രത്യേക ആലയങ്ങളില്‍ ഇരുത്തി. താന്ത്രിക വിധിപ്രകാരമുള്ള പൂജാദി കര്‍മ്മങ്ങള്‍ കൃത്യമായി നടക്കുന്ന ക്ഷേത്രമാണിത്. ക്ഷേത്രതന്ത്രി ക്ലാക്കോട്ടില്ലം നിലകണ്ഠന്‍ പോറ്റിയാണ്്.
മൂലസ്ഥാനമായ ഗിരിദേവത ആസ്ഥാനത്ത് (കുറക്കാവില്‍) വെറ്റില പറത്ത് എന്ന പ്രധാന വഴിപാടുള്ള ഭാരതത്തിലെ ഏക ക്ഷേത്രം കൂടിയാണ്. വെറ്റില പറത്ത് എന്ന് ശൈവപരമായ ആചാരാനമനുഷ്ഠിക്കാനും പൂജാദികര്‍മ്മങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. കൂടാതെ മൂലസ്ഥാനത്ത് വെറ്റില പറത്ത്, അടുക്ക് സമര്‍പ്പണം, തെരളി നിവേദ്യം പട്ടും മാലയും എന്നിങ്ങനെ വഴിപാട് നടന്നു വരുന്നു. ക്ഷേത്രത്തിലെ പ്രധാന തിരവുത്സവം ധനുമാസത്തിലെ തിരവാതിരപ്പൊങ്കാലയും പുണര്‍തം നക്ഷത്രത്തിലെ തിരുവുത്സവവുമാണ്. മഹാശിവരാത്രി വ്രതാനുഷ്ഠാനത്തോടും എതിരേല്‍പ്പോടും ആചരിക്കുന്നു. തിരുവുത്സവത്തോട് അനുബന്ധിച്ച് പറയ്ക്കെഴുന്നള്ളത്ത് പതിനായിരത്തോളം ഗൃഹങ്ങളില്‍ എത്തുന്നു. ഇവിടെ വിളക്ക് അന്‍പൊലി വഴിപാടും പ്രധാനമായും നടക്കുന്നു. എല്ലാ മാസവും നാരങ്ങാവിളക്ക് പൂജയുമുണ്ട്. മഹാശിവരാത്രിക്ക് അഹോരാത്രജലധാരയും അഖണ്ഡ നാമജപവും നടക്കുന്നു. വിനായക ചതുര്‍ത്ഥി, രാമായണ മാസാചരണം, മണ്ഡലകാല വ്രതാനുഷ്ഠാനം, വിദ്യാരംഭം, നവരാത്രി ആഘോഷം, സപ്താഹയജ്ഞം, നിറപുത്തരി പൂജയും കാവില്‍ ആയില്യത്തിന് നൂറുംപാലും നടത്തുന്നുണ്ട്.
കുറക്കാവ് ദേവസ്വം ട്രസ്റ്റ് പ്രൈവറ്റായി ഗ്രാമജനങ്ങള്‍ ചേര്‍ന്ന് രജിസ്റ്റര്‍ ചെയ്ത് ഭരണം നടത്തുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതിയും പ്രവര്‍ത്തിച്ചുവരുന്നു.
കുറക്കാവ് ദേവസ്വം ട്രസ്റ്റ് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള അപേക്ഷകരില്‍ നിന്നു നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ സമൂഹവിവാഹമാണ് എല്ലാവര്‍ഷവും നടത്തുന്നത്. മാനവ സേവയാണ് മാധവ സേവയെന്ന ആപ്തവാക്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവരുന്നത്. സമൂഹത്തില്‍ നിന്നു നിര്‍ലോപമായ സഹകരണമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നത്. സമൂഹ വിവാഹത്തിനായി ഒരു മംഗല്യ നിധി തന്നെ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി നിരവധി നിര്‍ദ്ധനരോഗികള്‍ക്ക് ജാതിമത ഭേദമന്യേ സഹായ ഹസ്തം എത്തിക്കുന്നു.
സമീപ ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്രം കഴിഞ്ഞാല്‍ നിത്യ അന്നദാനം നടക്കുന്ന ക്ഷേത്രമാണിത്. എല്ലാ ദിവസവും രാവിലെ 11.00 മണിയ്ക്ക് അന്നദാനം ആരംഭിയ്ക്കുന്നു. ദര്‍ശനത്തിനെത്തിച്ചേരുന്ന ഭക്തജനങ്ങളും നാട്ടുകാരും ഇതില്‍ പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: