കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ പലചരക്ക് കട തീവെച്ച് നശിപ്പിച്ചു. കടവത്ത് പ്രവര്‍ത്തിക്കുന്ന കടയ്ക്ക് നേരെയാണ് ഇന്നലെ പുലര്‍ച്ചെ തീവെപ്പുണ്ടായത്. ബിജെപി പ്രവര്‍ത്തകനായ മൊഗറിലെ പി.ദിനേശിന്റെ ഉടമസ്ഥതയിലുള്ള സതീഷ് സ്റ്റോര്‍ ആണ് തീവെച്ച് നശിപ്പിച്ചത്. ഫഌറ്റ് ഉള്‍പ്പെടെയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള കടക്കാണ് അജ്ഞാതസംഘം തീവെച്ചത്. കാഷ് കൗണ്ടര്‍, എണ്ണപാക്കറ്റുകള്, അരി, നെയ്യ് എന്നിവ കത്തിനശിച്ചു. കാസര്‍കോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍പുത്തൂരിലെ വ്യാപാരികള്‍ ഇന്നലെ വൈകിട്ട് നാല് മണിവരെ ഹര്‍ത്താല്‍ ആചരിച്ചു.
കഴിഞ്ഞ ദിവസവും മൊഗ്രാല്‍പുത്തൂരിലെ വിവിധ ഭാഗങ്ങളില്‍ അക്രമമുണ്ടായിരുന്നു. മദ്രസാ അധ്യാപകനെ അജ്ഞാത സംഘം കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ നടന്ന ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ കൂടി കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളിലായി ആയിരത്തോളം പ്രതികളുണ്ട്. ആനവാതുക്കലില്‍ ഗണേഷ് പൈയുടെ വീടും കാറും തകര്‍ത്ത് 60,000 രൂപയുടെ നഷ്ടം വരുത്തിയതിന് 100 പേര്‍ക്കെതിരെയും റെയില്വെസ്റ്റേഷന് റോഡിലെ ശ്രീകൃഷ്ണഭവന്‍ ഹോട്ടല്‍ തകര്‍ത്ത് രണ്ട് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതിന് ബീച്ച് റോഡിലെ പ്രകാശ് കാരന്തിന്റെ പരാതിയില്‍ 100 പേര്‍ക്കെതിരെയും കാസര്‍കോട് പ്രസ്ക്ലബ്ബ് ജംഗ്ഷനില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ പോലീസുദ്യോഗസ്ഥനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതിന് നൂറു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
അണങ്കൂരിലെ ലോകേഷ് കുമാറിന്റെ വര്‍ക്ക് ഷോപ്പ് തകര്‍ത്ത് മുപ്പതിനായിരം രൂപയുടെ നഷ്ടം വരുത്തിയതിന് 50 പേര്‍ക്കെതിരെയും പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി മൊഗ്രാല്‍ പുത്തൂരിലെ നിഷാന്തിനെയും സുഹൃത്തുക്കളെയും ചൗക്കി ജംഗ്ഷനില്‍ മര്‍ദിച്ചതിന് സിനാന്, സഫ്രാദ്, ബിലാല്‍ തുടങ്ങി അഞ്ചുപേര്‍ക്കെതിരെയും ചൗക്കിയില്‍ വെച്ച് സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാറിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതിന് 100 പേര്‍ക്കെതിരെയും ചെമ്മനാട്ടെ കുഞ്ഞിരാമനെ മര്‍ദിച്ചതിന് മനാഫ്, ഷാജിദ്, ഫസല്‍, അജ്മല്‍, സിയാദ് എന്നിവര്‍ക്കെതിരെയും കേസെടുത്തു. ചെമ്മനാട് തായന്നൂര്‍ മേലത്ത് തറവാടിന്റെ ചുറ്റുമതില്‍ തകര്‍ത്ത് 3000 രൂപയുടെ നഷ്ടം വരുത്തിയതിന് ചെമ്മനാട് വണ്ണാത്തിക്കടവിലെ മാധവന്റെ പരാതിയില്‍ 100 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉെള്ളാള് ഉപ്പത്തടുക്കയിലെ അരുണ്‍കുമാറിനെ ചൂരിയില്‍ ബൈക്ക് തടഞ്ഞ് മര്‍ദിച്ചതിന് 11 പേര്‍ക്കെതിരെയും കോട്ടക്കണിയില്‍ മനോജ്കുമാറിനെ മര്‍ദിച്ചതിന് 50 പേര്‍ക്കെതിരെയും മീപ്പുഗുരിയില്‍ സന്തോഷിനെ ബൈക്ക് തടഞ്ഞ് മര്‍ദിച്ചതിന് റമീസ് തുടങ്ങി 27 പേര്‍ക്കെതിരെയും കേസെടുത്തു. ബെള്ളൂരില്‍ വെച്ച് ജയരാജ(35)നെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ഹീറോ ഹോണ്ട ബൈക്ക് കത്തിക്കുകയും ചെയ്തസംഭവത്തില്‍ ജയരാജന്റെ പരാതിയില്‍ സനദ്, സാബിര്‍, ആഷിഖ്, മഹ്മൂദ് തുടങ്ങി പതിനഞ്ചുപേര്‍ക്കെതിരെയും, ഉജിരക്കരയിലെ ഹരീഷ(35)നെ നടന്നു പോകുന്നതിനിടെ മൊഗ്രാല്‍പുത്തൂരില്‍ വെച്ച് അക്രമിച്ചതിന് ഇസ്ഹാഖ് തുടങ്ങി 30 പേര്‍ക്കെതിരെയും കേസെടുത്തതായി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: