കാസര്‍കോട്: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതുകൊണ്ട് സൂര്യാഘാതമേല്ക്കുന്നതിനുളള സാഹചര്യമുളളതിനാല്‍ ഏപ്രില്‍ 30 വരെ സംസ്ഥാനത്തിലെ വെയിലത്ത് നിന്ന് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം പുന:ക്രമീകരിച്ചുള്ള ലേബര്‍ കമ്മീഷണര്‍ ഉത്തരവിന്റെ ഭാഗമായി കളക്ടറേറ്റില്‍ ട്രേഡ് യൂനിയന്‍ സംഘടനാപ്രതിനിധികളുടെ യോഗം ചേര്‍ന്നു. എഡിഎം, കെ.അംബുജാക്ഷന്റെ അധ്യക്ഷതയില്‍ ചേമ്പറിലാണ് യോഗം ചേര്‍ന്നത്. ഉത്തരവ് കെട്ടിടം, റോഡ് തുടങ്ങിയ വിവിധ നിര്‍മ്മാണമേഖലകളിലും കര്‍ശനമായി നടപ്പാക്കണമെന്ന് ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ നിര്‍മ്മാണതൊഴിലാളികളാണ് കൂടുതായി കടുത്ത വെയിലിലും തൊഴിലെടുക്കുന്നത്.
വെയിലത്ത് നിന്ന് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിച്ചു കൊണ്ടും ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് മണി വരെയുളള സമയത്തിനുളളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുളള മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 ന് മുമ്പ് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവുമാണ് പുന:ക്രമീകരിച്ചത് സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുളള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. യോഗത്തില്‍ ജില്ലാ ലേബര്‍ഓഫീസര്‍ ബി.ശ്രീകുമാര്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികളായ കെ.എ.ശ്രീനിവാസന്, കെ.കെ.അനില്‍കുമാര്‍, പ്രസന്നകുമാര്‍, വി.ബി.സത്യനാഥന്, പ്ലാന്റേഷന് കോര്പറേഷന് കേരളയുടെ പ്രതിനിധി സി.വി.വിധു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: