പൊതുജനങ്ങളുടെ ഇടങ്ങളും അവരുടെ സൗകര്യങ്ങളും എപ്പോഴുംഅവര്ക്കു തന്നെ വിനയാകുന്നതായാണ് കണ്ടുവരുന്നത്.സാധാരണക്കാരന്റെ വാഹനമായ ബസുകളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള പരാതികള്‍ അനേകമാണ്.നിലവില്‍ ബസ് സ്റ്റോപ്പും ഷെല്‍ട്ടറുകളും ഉണ്ടായാല്‍ തന്നെയും ബസ് നിര്‍ത്തുന്നത് അവിടെയൊന്നും ആകണമെന്നില്ല.ഒന്നുകില്‍ കുറെ മുന്നില്‍.അല്ലെങ്കില്‍ അത്ര തന്നെ പിന്നില്‍.യാത്രക്കാര്‍ ഓടിവന്നു കേറണം.
ചിലപ്പോള്‍ കേറുംമുന്പേ വിടും.ബസ്റ്റോപ്പില്‍ തന്നെ ബസ് നിര്‍ത്തണമെന്നാണ് നിയമമെങ്കിലും സ്റ്റോപ്പില്‍ നിര്‍ത്തുന്ന ബസുകള്‍ നന്നേ കുറവാണ്.മഴക്കാലത്തു ഷെല്‍ട്ടറില്‍ നില്‍ക്കുന്നവരെ ഓടിച്ചു മഴകൊള്ളിച്ചിട്ടു തന്നെ ബസില്കേറ്റണമെന്നു ബസുകാര്‍ക്കു നിര്ബന്ധമുള്ളപോലെ തോന്നും. ബസ് നിര്‍ത്തുന്നിടത്താണ് ബസുകാര്‍ക്കു സ്റ്റോപ്പ്.അതും മരണപ്പാച്ചിലോടെയാണ് വണ്ടികള്‍ വന്നുനില്ക്കുന്നത്. പിന്നാലെ വരുന്ന വണ്ടിയുമായുള്ള മത്സരത്തിനിടയില്‍ യാത്രക്കാരെ ശപിച്ചുകൊണ്ടാവും വണ്ടിയൊന്നു നിര്‍ത്തുക. മുന്നിലെ കിളി യാത്രക്കാരെ കയറ്റുന്നതിനു പകരം തൂങ്ങിക്കിടന്ന് പിന്നാലെ മത്സരവണ്ടി വരുന്നോയെന്നാവും നോട്ടം.അതിനിടയില്‍ വേണം യാത്രക്കാര്‍ സാഹസികമായി വണ്ടിയില്‍ കേറിപ്പറ്റാന്‍.
പ്രായമായവരുണ്ടെങ്കില്‍ മിക്കവാറും അവര്‍ തഴയപ്പെടാനാണു സാധ്യത.ഇപ്പോള്‍ ബസില്‍ കയറുകയല്ല എങ്ങനെയെങ്കിലും കേറിപ്പറ്റുകയാണ് പതിവ്.ബസോടുന്നതു യാത്രക്കാര്‍ക്കുവേണ്ടിയല്ല മത്സര ഓട്ടത്തിനാണെന്നു തോന്നിപ്പോകും.ഇത്തരം തോന്ന്യാസങ്ങളെ നിയന്ത്രിക്കാന്‍ നിയമവും വകുപ്പും അധികൃതരുമൊക്കയുണ്ട്.എന്തെങ്കിലും അപകടം ഉണ്ടായാല്‍ രണ്ടു മൂന്നു ദിവസത്തേക്കു ജാഗ്രതകാണും.അത്രതന്നെ.ബസുകാരുടെ പരാതി കേള്‍ക്കാന്‍ സര്‍ക്കാരുണ്ട്.പ്രത്യേകിച്ചു ചാര്ജുകൂട്ടുന്ന കാര്യത്തില്‍.അതു അനുഭാവപൂര്‍വം സര്‍ക്കാര്‍ പരിഗണിക്കുകയും ചെയ്യും. യാത്രക്കാരുടെ പരാതി പരിഹരിക്കാന്‍ സര്ക്കാരുപോയിട്ട് ബസുകാരുപോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: