ചെറുവത്തൂര്‍: ഉത്തരമലബാറിലെ കാവുകളും കഴകങ്ങളിലും ഇനി പൂരോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ കൊണ്ട് സമ്പന്നമാകും. മീനമാസത്തിലെ കാര്‍ത്തിക നാള്‍തൊട്ട് ആരംഭിച്ച പൂരക്കളിയും അനുബന്ധ ചടങ്ങുകളും ഏപ്രില്‍ എട്ടിന് നടക്കുന്ന പൂരം കുളിയോടെ ഈ വര്‍ഷത്തെ പൂരോത്സവത്തിന് സമാപനമാകും.
സംസ്കൃത പണ്ഡിതന്മാരായ പൂരക്കളി പണിക്കന്മാരെ വിവിധ ക്ഷേത്രങ്ങളിലേക്ക് കൂട്ടിക്കകോണ്ടുവരുന്ന ചടങ്ങോടെയാണ് പൂരോത്സവത്തിനും പൂരക്കളിക്കും തുടക്കം കുറിച്ചത്. തുടര്‍ന്ന് ക്ഷേത്ര മതിലിന് പുറത്ത്വെച്ച് പൂരക്കളി പരിശീലനം നടത്തിയശേഷം പന്തല്പോന്നുവെക്കല് ചടങ്ങു നടന്നു.
അതോടൊപ്പം മയ്യിച്ച വെങ്ങാട്ട് ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ ചങ്ങാത്തം ചോദിക്കല്‍ ചടങ്ങും നടന്നു. പട്ടുടുത്ത (ചല്ലനും ചൊറയും) ധരിച്ചെത്തിയ സംഘത്തലനവും കൂട്ടാളികളും പുഴയും വയലുകളും താണ്ടി ക്ഷേത്ര പരിധിയിലെ വീടുകളില്‍ പൂരത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള യാത്രയാണ് ചങ്ങാത്തം ചോദിക്കല്‍. മയ്യിച്ചയിലെ എം.ഗിരീശന്റെ നേതൃത്വത്തിലാണ് ചടങ്ങു നടന്നത്.
രാവിലെ ഉദയത്തിന് കളിപ്പന്തലില്‍ വെച്ച് പൂരക്കളിയിലെ പതിനെട്ട് നിറങ്ങളും കളിച്ച് എല്ലാവരും ആര്‍പ്പുവിളികളോടെ പന്തലില്‍ നിന്ന് പുറപ്പെടുന്നു. ക്ഷേത്ര പരിധിയിലെ സമുദായംഗങ്ങളുടെ മുഴുവന്‍ വീടുകളിലും കച്ചകെട്ടിയ ആള് കയറിയിറങ്ങണം. വീട്ടുകാര്‍ ദീപം വെച്ച് സ്വീകരിച്ച് അവര്‍ക്ക് മുതിര, ഉഴുന്ന്, അവല് മുതലായ ദ്രവ്യങ്ങള്‍ പടിഞ്ഞാറ്റയില്‍ ഒരുക്കി വെക്കും. എല്ലാ വീടുകളിലും കയറിയിറങ്ങി ആതിഥ്യം സ്വീകരിച്ചശേഷം വൈകുന്നേരം ക്ഷേത്രേശന്മാരുടെ അനുവാദം വാങ്ങി പന്തലില്‍ കടന്ന് വീണ്ടും വന്‍കളികള്‍ അവതരിപ്പിച്ച് കളി തൊഴുന്നു.
തുരുത്തി നിലമംഗലം കഴകത്തിലും ചങ്ങാത്തം ചോദിക്കല്‍ ചടങ്ങുണ്ട്. പന്തല്‍ കളി മാറല്‍, കഴകം കയറല്‍, മറത്തുകളി എന്നിവയാണ് ഇനി നടക്കാനുള്ള പ്രധാന ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: