പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കിന്‍ഫ്ര ഭക്ഷ്യ സംസ്കരണ വ്യവസായ പാര്‍ക്കിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ11 മണിക്ക് കിന്‍ഫ്ര വ്യവസായ പാര്‍ക്ക് അങ്കണത്തില്‍ നടക്കും.
കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ വ്യവസായ വകുപ്പ് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലും, മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി നിര്‍വ്വഹിക്കും.
പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദിലിന്റെ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി ആദ്യ അലോട്ട്മെന്റ് കൈമാറല്‍ ചടങ്ങ് നിര്‍വ്വഹിക്കും. ചടങ്ങില്‍ മന്ത്രി എ.സി. മൊയ്തീന് വിശിഷ്ടാതിഥിയായിരിക്കും. വി.എസ്. അച്യുതാനന്ദന്എംഎല്എ, എം.ബി.രാജേഷ് എംപി,കെ. കൃഷ്ണന്‍കുട്ടി എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
പുതുശ്ശേരി എലപ്പുള്ളി വില്ലേജുകളിലായി 79.42 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സജ്ജീകരിക്കുന്നത്. പദ്ധതി ചെലവ് 119.02 കോടിയാണ്. കേന്ദ്രസര്‍ക്കാര്‍ 50കോടി രൂപ ഗ്രാന്റായി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ വിഹിതം 40.68 കോടിയും നബാര്‍ഡില്‍ നിന്നുള്ള വായ്പ 28.34 കോടിയുമാണ്. 50 ഓളം യൂണിറ്റുകളെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
മെഗാ ഫുഡ് പാര്‍ക്കിന്റെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഐഎല്‍ആന്‍ഡ് എഫ്എസ് എന്ന കമ്പനിയെ പ്രൊജക്ട് മാനെജ്മെന്റ് കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്തിട്ടുണ്ട്.പാര്‍ക്കിനകത്തുള്ള റോഡുകള്‍, വൈദ്യുതി വിതരണ സംവിധാനം, ജലവിതരണ സംവിധാനം, ചുറ്റുമതില്‍ എന്നിവ പൂര്‍ത്തിയാവുന്നു.
രാജ്യത്തെ 17ഫുഡ് പാര്‍ക്കുകളില്‍ ഒന്നാണ് പാലക്കാട്ടെ കിന്‍ഫ്രയുടെ മെഗാ ഫുഡ് പാര്‍ക്ക്.കാര്‍ഷികോത്പാദനം കൂട്ടുന്നതിനൊപ്പം ഭക്ഷ്യോത്പന്നം പാഴാക്കുന്നത് തടയുവാനും കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിനും പദ്ധതി ഉപകരിക്കും.
ഭക്ഷ്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാകും മെഗാ ഫുഡ് പാര്‍ക്കില്‍ ഉണ്ടാവുക. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി പൂര്‍ത്തിയാക്കുവാനാണ് കിന്‍ഫ്ര ലക്ഷ്യമിടുന്നത്. ഇതുപ്രകാരം 2.5 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
കിന്‍ഫ്ര ഭക്ഷ്യ സംസ്ക്കരണ പാര്‍ക്കിന്റെ ഭാഗമായി വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലായി പ്രാഥമിക സംസ്ക്കരണ കേന്ദ്രങ്ങളുണ്ടാകും. ഏകദേശം 4500 പേര്‍ക്ക് നേരിട്ടും 12,000 ത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കും.
അടിസ്ഥാന സൗകര്യങ്ങളായ ജലം,വൈദ്യുതി,വികസിപ്പിച്ച പ്ലോട്ടുകള്‍ എന്നിവ സജ്ജമാക്കി ഭക്ഷ്യ സംസ്ക്കരണ വ്യവസായ സംരംഭകര്‍ക്ക് പാട്ടവ്യവസ്ഥയില്‍ ഭൂമി അലോട്ട് ചെയ്യുവാന്‍ പര്യാപ്തമായ രീതിയിലാണ് കിന്‍ഫ്ര പാര്‍ക്ക് വിഭാവന ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: