പന്തളം: ദൂരസ്ഥലങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി കഴിഞ്ഞ് സന്ധ്യ കഴിഞ്ഞ് പന്തളത്തെത്തിയാല്‍ തുമ്പമണ്‍, ഉള്ളന്നൂര്‍ തട്ട, തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ടവര്‍ക്ക് അതിനുള്ള യാത്രാസൗകര്യമില്ലാത്തത് ഈ പ്രദേശങ്ങളിലുള്ളവരെ വലയ്ക്കുന്നു.
വെണ്മണി, ഉള്ളന്നൂര്‍, ആറന്മുള, ഉളനാട്, ഇലവുംതിട്ട, കുരമ്പാല തെക്ക്, കീരുകുഴി, തട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ടവര്‍ പന്തളത്തെത്തിയാല്‍ കുടുങ്ങിയതുതന്നെ. ഉള്ളന്നൂര്‍, ആറന്മുള ഭാഗത്തേക്കും പനങ്ങാട്, ഉളനാട്, അമ്പലക്കടവ്, മുറിപ്പാറ, ഇലവുംതിട്ട, തട്ട, കീരുകുഴി, മങ്കുഴി ഭാഗത്തേക്കും വൈകിട്ട് 6 മണി കഴിഞ്ഞും പുന്തല, വെണ്മണി ഭാഗത്തേക്ക് 6.30 കഴിഞ്ഞും ബസ്സുകളില്ല. പൂഴിക്കാട്, കുടശ്ശനാട് ഭാഗത്തേക്കുള്ള അവസാന ബസ് 7.30 നു പോകും. പിന്നീട് ഈ ഭാഗത്തേക്ക് ഓട്ടോയോ ടാക്സിയോ മാത്രമാണ് ശരണം. ഇതേ ഗതികേടുതന്നെയാണ് ഈ ഭാഗങ്ങളില്‍ നിന്നും പന്തളത്തേക്കു വരുന്നതിനും. പുന്തല, വെണ്മണി ഭാഗങ്ങളിലേക്ക് സ്വകാര്യ ബസ്സുകള്‍ മാത്രമാണുള്ളത്. ഈ ഭാഗങ്ങളിലെ യാത്രക്കാരെ വലച്ചുകൊണ്ട് മിക്ക ബസ്സുകളും ഞായറാഴ്ചകളില്‍ സര്‍വ്വീസ് നടത്താറില്ല.
മിനിറ്റുകളുടെ വ്യത്യാസത്തിനു മാത്രം ബസ്സുകളോടുന്നതാണ് പന്തളം-പത്തനംതിട്ട, പന്തളം-മാവേലിക്കര റൂട്ടുകള്‍. മാവേലിക്കര ഭാഗത്തേക്ക് രാത്രി എട്ടര കഴിഞ്ഞും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് 8.10 കഴിഞ്ഞും ബസ്സുകളില്ല.
തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിയാള്‍ക്കാരാണ് ട്രെയിനില്‍ ചെങ്ങന്നൂരെത്തി അവിടെ നിന്നും ബസ്സിന് പന്തളത്തെത്തുന്നത്. ഏതെങ്കിലും കാരണത്താല്‍ ട്രെയിന്‍ അല്പം വൈകിയാണെത്തുന്നതെങ്കില്‍ അവസാന ബസ്സും കിട്ടാതെ പന്തളത്തു കുടുങ്ങിയതുതന്നെ. പന്തളത്തു നിന്നും ഒരിടത്തേക്കും സമാന്തര സര്‍വ്വീസുകളില്ലാത്തതിനാല്‍ അമിത കൂലി നല്കി ഓട്ടോറിക്ഷകളെ ആശ്രയിക്കുക മാത്രമാണ് പിന്നീടുള്ള മാര്‍ഗ്ഗം; അല്ലെങ്കില്‍ നടന്നു പോകണം.
പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് വെയിലും മഴയുമേല്ക്കാതെ കയറി നില്ക്കാനൊരിടം ഇല്ലാത്തതും പ്രശ്നമാണ്. ഇവിടെയുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് തകര്‍ന്നു വീഴാറായതിനാല്‍ അകത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് കെട്ടിയടച്ചിരിക്കുകയാണ്. ഒരു മാസത്തിലേറെയായിട്ടും താല്‍ക്കാലികമായെങ്കിലും കാത്തിരിപ്പുകേന്ദ്രമൊരുക്കാനും നഗരസഭ തയ്യാറായിട്ടില്ല.
മഴക്കാലമായതോടെ പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് ചെളിക്കുളമായി. റോഡിനേക്കാളും താഴ്ചയിലായതിനാല്‍ പെയ്തിറങ്ങുന്ന വെള്ളം ഒഴുകിയെത്തുന്നതും സ്റ്റാന്‍ഡിലേക്കുതന്നെയാണ്. ഈ കുഴികളില്‍ക്കൂടി ബസ്സുകള്‍ പോകുമ്പോള്‍ തെറിക്കുന്ന ചെളിവെള്ളം ദേഹത്തു വീണ് യാത്രക്കാരുടെ യാത്ര മുടങ്ങാറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: