പത്തനംതിട്ട: ജില്ലയില്‍ കെഎസ്ആര്‍ടിസിയുടെ അശാസ്ത്രീയമായ പരിഷ്കാരങ്ങള്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ജീവനക്കാരുടെ അഭാവവും പ്രധാന റൂട്ടുകളിലേക്ക് മതിയായ സര്‍വ്വീസുകള്‍ ലഭ്യമാക്കാത്തതുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന പല സര്‍വ്വീസുകളും സ്വകര്യ ബസ് ലോബികളെ സഹായിക്കാനായി നിറുത്തിവച്ചിരിക്കുകയാണ്.
രാത്രികാലങ്ങളില്‍ ജില്ലയില്‍ നിന്ന് ദീര്‍ഘദൂര സര്‍വ്വീസുകളോന്നും തന്നെ ഫലപ്രാപ്തമാകുന്നില്ല. ഇരുപത് മിനിട്ട് ഇടവിട്ട് ചെയിന്‍ സര്‍വ്വീസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും രാത്രികാലങ്ങളില്‍ അവയുടെ സേവനവും ലഭ്യമല്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
ജില്ലാ ആസ്ഥാനമാണെങ്കിലും രാത്രി ഒന്‍പതു മണികഴിഞ്ഞാല്‍ പത്തനംതിട്ട നിന്ന് പുറത്തു കടക്കുക പ്രയാസം. അടൂരിലേക്കോ ചെങ്ങന്നൂരിലേക്കോ പോകണമെങ്കില്‍ ടാക്സിയോ ഓട്ടോയൊ മാത്രമാണ് ആശ്രയമായുള്ളത്. അടൂരില്‍ പോകേണ്ടവര്‍ രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ തിരുവല്ലയില്‍ ബസ്സിറങ്ങി പിന്നീട് അടൂരിലേക്കു പോകുകയാണ് പതിവ്. തിരുവല്ലയിലേക്കുള്ള ബസ്സില്ലെങ്കില് പത്തനംതിട്ടയില്‍ രാത്രി കഴിച്ചുകൂടേണ്ടി വരും.
രാത്രി 10നും 11നും ഇടയില്‍ അടൂരിലേക്ക് ബസ് വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഇപ്പോള്‍ രാത്രി 9നുള്ള അടൂര്‍ ബസ് മിക്ക ദിവസങ്ങളിലും സര്‍വ്വീസ് നടത്താറില്ല. അടൂരില്‍ നിന്ന് പത്തനംതിട്ട എത്തിയ ശേഷം രാത്രി തിരികെ പോകുന്ന ബസ്സാണിത്. പല ദിവസങ്ങളിലും അടൂരില്‍ നിന്ന് ഈ വണ്ടി വിടാറില്ല. പത്തനംതിട്ടയ്ക്കു പോകാന്‍ യാത്രക്കാരില്ലെന്ന കാരണമാണ് വണ്ടി വിടാതിരിക്കാനായി പറയുന്നത്.
എംസി റോഡില്‍ കൂടി രാത്രി വൈകിയും ബസ്സുകളുണ്ടെങ്കിലും പത്തനംതിട്ടയിലും പ്രാന്തപ്രദേശങ്ങളിലും രാത്രികാല യാത്ര വളരെ ബുദ്ധിമുട്ടാണ്. ബസ്സില്ലെന്നത് മുതലാക്കി ടാക്സിക്കാരും ഓട്ടോറിക്ഷകളും വന്‍തോതില്‍ ചാര്‍ജ്ജ് ഈടാക്കുകയും ചെയ്യും. സ്വകാര്യ ബസ്സുകളും സന്ധ്യയോടെ പലയിടങ്ങളിലും സര്‍വ്വീസ് അവസാനിപ്പിക്കും.
പത്തനംതിട്ട നിന്ന് വെളുപ്പിന് പുനലൂര്‍ക്കും രാവിലെ തിരുവനന്തപുരത്തേക്കുമൊക്കെ മുമ്പ് നിരവധി കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഇതെല്ലാം ലാഭകരമായാണ് ഓടിക്കൊണ്ടിരുന്നത്. എന്നാല്‍ അവയെല്ലാം ഇപ്പോള്‍ ഓട്ടം നിര്‍ത്തി. ഈ റൂട്ടിലെല്ലാം സ്വകാര്യ ബസ്സുകള്‍ തോന്നുംപടി ഓടി ലാഭം കൊയ്യുകയാണ്.
കെഎസ്ആര്‍ടിസിയുടെ അശാസ്ത്രീയമായ റൂട്ട് നിശ്ചയിക്കലും സമയക്രമവുമാണ് പത്തനംതിട്ടയില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നതും കെഎസ്ആര്‍ടിസിയെ നഷ്ടത്തിലോടിക്കുന്നതും.
യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് ബസ് ഓടിക്കുകയാണ് വേണ്ടതെന്ന് യാത്രക്കാര്‍ പറയുന്നു. പല റൂട്ടിലും ബസ്സുകള്‍ ആളില്ലാതെ പലപ്പോഴും ഓടുന്നു. ഡ്യൂട്ടി തികയ്ക്കാനായി വണ്ടി ഓടിച്ചു തീര്‍ക്കുന്ന ശൈലിയാണ് സ്വീകരിക്കുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് വണ്ടി ഓടിച്ചാല്‍ ഇത് പരിഹരിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: