പത്തനംതിട്ട: ചലച്ചിത്ര മേഖലയിലേക്ക് പുതിയ പ്രതിഭകള്‍ കടന്നുവരുന്നത് പ്രതീക്ഷ നല്‍കുന്നതായി ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാര്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്കാരികോത്സവത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള മാര്‍ഗമായി ഹ്രസ്വ ചലച്ചിത്ര നിര്‍മ്മാണം ചെറുപ്പക്കാര്‍ കാണുന്നു. കേവലമായ ഗ്ളാമറില്‍ മാത്രമൊതുങ്ങാതെ സിനിമയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര രംഗത്തേക്ക് ജില്ലയില്‍ നിന്ന് പുതുനാമ്പുകളുണ്ടാകുന്നത് ആഹ്ളാദകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രസ് ക്ളബ് സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്ര മത്സരത്തിലെ വിജയികളായ സാം തിരുവല്ല, സന്തോഷ് വള്ളിക്കോട്, ടിറ്റോ പി.തങ്കച്ചന് എന്നിവര്‍ക്ക് ചലച്ചിത്ര നടി മേനക സുരേഷ് കാഷ് അവാര്‍ഡും മൊമന്റോയും സമ്മാനിച്ചു. മാദ്ധ്യമ അവാര്‍ഡ് ജേതാക്കളായ വര്‍ഗീസ് സി.തോമസിനും സജിത് പരമേശ്വരനും ഉപഹാരം നല്കി. ജില്ലാ കളക്ടര്‍ ആര്.ഗിരിജ, കെ.എസ്.എഫ്.ഇ ചെയര്മാന് പീലിപ്പോസ് തോമസ്, പത്തനംതിട്ട നഗരസഭചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, വൈസ് ചെയര്മാന് പി.കെ.ജേക്കബ്, എന്നിവര്‍ പ്രസംഗിച്ചു. കടമ്പനാട് ജയചന്ദ്രന്, അനിതാ ഷേക്ക് എന്നിവരുടെ നേതൃത്വത്തില്‍ റിഥം ഒഫ് കേരള നടത്തിയ സംഗീത പരിപാടി പുതിയ അനുഭവമായി, മുളകള്‍ കൊണ്ടുള്ള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് നാടന്‍ പാട്ടുകളും സൂഫി സംഗീതവും അവതരിപ്പിച്ചു.
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍, പത്തനംതിട്ട നഗരസഭ, കാര്‍മ്മല്‍ എഞ്ചിനിയറിംഗ് കോളേജ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: